| Saturday, 28th September 2013, 4:24 pm

വൃത്തിരാക്ഷസന്റെ വടക്കുനോക്കി യാത്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

അയാളാകട്ടെ അമിതമായ ശുചിത്വ ബോധമുള്ളയാളാണ്. ടിഷ്യൂ പേപ്പറ്റും ഹാന്റ് വാഷും കിട്ടിയില്ലെങ്കില്‍ ഓക്‌സിജന്‍ കിട്ടാത്തതിനെക്കാള്‍ ശ്വാസംമുട്ടുന്നയാള്‍. Obsessive Compulsive Disorder എന്നാണത്രെ ഈ രോഗത്തിന്റെ പേര്. (സിനിമയിലെ നായികാ നായകന്മാര്‍ക്ക് വരുന്ന രോഗത്തിന്റെ പേരുകളെക്കുറിച്ച് വേണമെങ്കില്‍ ഒരു പഠന പ്രബന്ധത്തിന് സാധ്യതയുണ്ട്. പ്രത്യേകിച്ച് മലയാള സിനിമയില്‍)


മാറ്റിനി / കെ.കെ രാഗിണി

സിനിമ: നോര്‍ത്ത് 24 കാതം
രചന: അനില്‍ രാധാകൃഷ്ണ മേനോന്‍
സംവിധാനം: അനില്‍ രാധാകൃഷ്ണ മേനോന്‍
നിര്‍മാണം സി.വി സാരഥി
വിതരണം: ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്
സംഗീതം: ഗോവിന്ദ മേനോന്‍,
                 റെക്‌സ് വിജയന്‍
അഭിനേതാക്കള്‍: ഫഹദ് ഫാസില്‍
                             നെടുമുടി വേണു,
                            സ്വാതി റെഡ്ഡി

കുട്ടികളായിരിക്കെ കഥ പറഞ്ഞുതന്നിരുന്ന ദാക്ഷായണി മുത്തശ്ശിയോട് എന്തെങ്കിലും സംശയം ചോദിച്ചാല്‍ പതിവായി പറയും “കഥയില്‍ ചോദ്യമില്ല കേട്ടോ” എന്ന്.
കേരളത്തില്‍ മാത്രമായി ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്ന ദിവസം ട്രെയിന്‍ ഓടാറേയില്ലേ..? ട്രെയിന്‍ ഓടിയില്ലേങ്കിലും ബസ് ഓടാറുണ്ടോ…? കൊല്ലം ബസ് സ്റ്റാന്റില്‍നിന്ന് എറണാകുളത്തേക്ക് പോകുന്ന റൂട്ടില്‍ എവിടെയാണ് കാടുള്ളത്…? കാടു കയറി ചാവക്കാട്ട് എത്തിയാല്‍ ബേപ്പൂരേക്ക് പത്തേമാരി കിട്ടുമോ..?

ഇങ്ങനെ തുടങ്ങുന്ന നൂറു കൂട്ടം ചോദ്യങ്ങള്‍ ഒന്നും ചോദിച്ചില്ലെങ്കില്‍ രണ്ട് മണിക്കൂര്‍ ദൃശ്യഭംഗിയും അത്യാവശ്യം നല്ല അഭിനയവുമൊക്കെയായി കണ്ട് അങ്ങനെ ഇരിക്കാവുന്ന ഒരു സിനിമയാണ് ഈ ഓണക്കാലത്തെ അവധി അവസാനിക്കുന്ന ദിവസം കണ്ട “24 കാതം നോര്‍ത്ത്” എന്ന സിനിമ.

അല്ലെങ്കിലും സിനിമകഥയില്‍ ആരാണ് ചോദ്യങ്ങള്‍ ചോദിക്കുക…അല്ലേ?

യുക്തിയുടെ പെട്ടി പൂട്ടി വീട്ടില്‍ വെച്ചിറങ്ങിയില്ലെങ്കില്‍ സിനിമ ആസ്വദിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞയാളെ മനസ്സുകൊണ്ട് നമിക്കുന്നു. അല്ലെങ്കില്‍ സിനിമ ആസ്വദിക്കാന്‍ പറ്റുമോ…?

ചില അതിവിപ്‌ളവകാരികളെക്കുറിച്ച് പറഞ്ഞപോലെയാണ് മലയാളത്തിലെ സിനിമക്കാരുടെയും കഥ. രാവിലെ വിപ്‌ളവം തുടങ്ങി, ഉച്ചയാകുമ്പോള്‍ മൂര്‍ദ്ധന്യത്തില്‍ എത്തി, വൈകുന്നേരം വിപ്‌ളവം വിജയിച്ച് കൊടിയും അഴിച്ച് കക്ഷത്ത് വെച്ച് 100 മില്ലിയും അടിച്ച് വേച്ചുവേച്ച് വീട്ടിലേക്ക് പോകണം എന്ന് നിര്‍ബന്ധബുദ്ധിയുള്ള വിപ്‌ളവകാരികളെപ്പോലെ.

സിനിമയുടെ കഥ രാവിലെ തുടങ്ങി മിനിമം പാതിരാത്രിയോടെയെങ്കിലും അവസാനിക്കുന്ന തരത്തില്‍ സിനിമ എടുക്കുന്ന ഫാഷന്‍ ഇപ്പോള്‍ കൂടിവരുന്നു. 2009ല്‍ രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത പാസഞ്ചറിലാണ് ഈ പണി തുടങ്ങിയത്. പിന്നീട് സൂപ്പര്‍ ഹിറ്റായ ട്രാഫിക്കിലും (രാജേഷ് പിള്ള  2011) , നല്ലൊരു സിനിമയായിരുന്നെങ്കിലും അധികമാരും കാണാതെ പോയ െ്രെഫഡേ (ലിജിന്‍ ജോസ് 2012) എന്നിവപോലുള്ള ചില സിനിമകളിലും ഈ വണ്‍ ഡേ മാച്ച് കളിയായിരുന്നു.

ഈ ഒറ്റ ദിവസത്തെ കച്ചവടം കൊണ്ട് ഗുണമുണ്ടായത് പ്രേക്ഷകര്‍ക്ക് തന്നെയാണ്. അല്ലെങ്കില്‍ മൂന്ന് മണിക്കൂറായിട്ടും എവിടെ കൊണ്ട് കെട്ടണം എന്നറിയാത്ത ചില ഷാജി കൈലാസ് ദുരന്തങ്ങള്‍ അടിക്കടി ആവര്‍ത്തിച്ചേനെ.

ഇക്കാലത്തെ മറ്റൊരു ഫാഷന്‍ റോഡ് മൂവിയാണ്. ഒരു യാത്രയ്ക്കിടയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ കോര്‍ത്തിണക്കിയ റോഡ് മൂവിക്ക് “നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി” തന്നെ അടുത്ത കാലത്തെ ഉദാഹരണം. ശ്വേതാമേനോന്റെ പ്രസവരംഗം ചിത്രീകരിക്കാന്‍ കോപ്പും കോലാഹലവുമായി ഇറങ്ങിപ്പുറപ്പെടുന്നതിന് മുമ്പ് ബ്‌ളെസി സംവിധാനിച്ച “ഭ്രമര”ത്തില്‍ റോഡ് മൂവിയുടെ ചില കാഴ്ചകള്‍ കാണാമായിരുന്നു.

2007ല്‍ ത്സാങ് യാങ് സംവിധാനം ചെയ്ത “Getting Home” എന്ന ചൈനീസ് സിനിമ ലക്ഷണമൊത്ത ഒരു റോഡ് മൂവിയായിരുന്നു. ആ വര്‍ഷം തിരുവനന്തപുരം ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രമായി പ്രേക്ഷകര്‍ ഈ ബ്‌ളാക്ക് ഹ്യൂമര്‍ സിനിമയെ തെരഞ്ഞെടുത്തിരുന്നു.

കോപ്പിയടിയല്ലെങ്കിലും ഗെറ്റിംഗ് ഹോമിനെ പലയിടത്തും ഓര്‍മിപ്പിക്കുന്നുണ്ട് നവാഗതനായ അനില്‍ രാധാകൃഷ്ണമേനോന്‍ സംവിധാനം ചെയ്ത “നോര്‍ത്ത് 24 കാതം..”
മദ്യപാനത്തിനിടയില്‍ മരിച്ചുപോകുന്ന സുഹൃത്തിന്റെ മൃതശരീരവുമായി അയാളുടെ വീട് തേടി ചൈനയുടെ തെക്കേ അറ്റത്തുനിന്നും വടക്കേ അറ്റത്തേക്ക് നടത്തുന്ന യാത്രയാണ് Getting Homeന്റെ പ്രമേയം.
അടുത്തപേജില്‍ തുടരുന്നു

[]ആ യാത്രയില്‍ ചൈനീസ് ജനതയുടെ ജീവിതവും സാംസ്‌കാരിക വൈവിധ്യങ്ങളും കാപട്യങ്ങളും നാട്യങ്ങളും അയാള്‍ തിരിച്ചറിയുന്നു. ഹ്യുമറിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിക്കപ്പെട്ട ഈ സിനിമ അതുകൊണ്ടുതന്നെ ഒരു മികച്ച രാഷ്ട്രീയ ചിത്രവുമായി മാറുന്നുണ്ട്. ചിരിയും കണ്ണീരും വീണ്ടുവിചാരവും ദാര്‍ശനികതയുമൊക്കെ വേണ്ടുവോളമുണ്ട്താനും.

എന്നാല്‍, അത്തരം എടുത്താല്‍ പൊങ്ങാത്ത ഭാരങ്ങളുടെ ബാധ്യതകള്‍ ഒന്നുമില്ല ഈ അനില്‍ രാധാകൃഷ്ണ മേനോന്‍ സിനിമയില്‍. നേരത്തേ പ്രഖ്യാപിക്കപ്പെട്ട ഒരു ഹര്‍ത്താലിന്റെ തലേദിവസം എറണാകുളത്ത്‌നിന്ന് തിരുവന്തപുരത്തേക്ക് യാത്ര ചെയ്യുന്ന ഹരികൃഷ്്ണന്‍ എന്ന സോഫ്‌റ്റ്വെയര്‍ എഞ്ചിനിയറാണ് (ഫഹദ് ഫാസില്‍) നായകന്‍.

അയാളാകട്ടെ അമിതമായ ശുചിത്വ ബോധമുള്ളയാളാണ്. ടിഷ്യൂ പേപ്പറ്റും ഹാന്റ് വാഷും കിട്ടിയില്ലെങ്കില്‍ ഓക്‌സിജന്‍ കിട്ടാത്തതിനെക്കാള്‍ ശ്വാസംമുട്ടുന്നയാള്‍. Obsessive Compulsive Disorder എന്നാണത്രെ ഈ രോഗത്തിന്റെ പേര്. (സിനിമയിലെ നായികാ നായകന്മാര്‍ക്ക് വരുന്ന രോഗത്തിന്റെ പേരുകളെക്കുറിച്ച് വേണമെങ്കില്‍ ഒരു പഠന പ്രബന്ധത്തിന് സാധ്യതയുണ്ട്. പ്രത്യേകിച്ച് മലയാള സിനിമയില്‍)

വീട്ടില്‍ സദാ കുത്തിയിരുന്ന് വെറുതേ ചായകുടിച്ച് സമയം കളയുന്ന സ്വന്തം അച്ഛനോടും (തലൈവാസല്‍ വിജയ്) അഭിഭാഷകയായ അമ്മയോടും (ഗീത) റേഡിയോ ജോക്കിയായ അനിയനോടും (ശ്രീനാഥ് ഭാസി) എന്നിവരോടുപോലും അടുത്തിടപഴകാത്തയാളാണ് ഹരി.

തീവണ്ടിയുടെ ശുചിത്വത്തെക്കുറിച്ചുള്ള “ബോധം” അയാളുടെ ഉറക്കം കെടുത്തുന്നു. ഉറങ്ങാതെ കുത്തിയിരിക്കുമ്പോഴാണ് അടുത്ത ബെര്‍ത്തില്‍ കിടന്ന ഗോപാലന്‍ എന്ന വൃദ്ധന് (നെടുമുടി വേണു) ഭാര്യയ്ക്ക് സുഖമില്ലെന്നറിയിച്ച് നാട്ടില്‍നിന്ന് ഫോണ്‍ വരുന്നത്. അതിനടയില്‍ കുഴഞ്ഞുവീഴുന്ന അയാളെ ഒന്നു താങ്ങാന്‍ പോലും ഹരി തയാറാവുന്നില്ല. അയാളെ താങ്ങിയാല്‍ തന്റെ കൈയില്‍ അഴുക്കുപറ്റുമോ എന്ന ആശങ്കതന്നെ.

മുകളിലെ ബെര്‍ത്തില്‍നിന്ന് ചാടിയിറങ്ങി നാരായണി എന്ന സാമൂഹ്യപ്രവര്‍ത്തകയായ പെണ്‍കുട്ടി (സ്വാതി റെഢി) അയാളെ താങ്ങിയിരുത്തുമ്പോള്‍ ട്രെയിന്‍ കൊല്ലം കഴിഞ്ഞ് പരവൂര്‍ ആകാറായി. അവര്‍ സ്‌റ്റേഷനിലേക്ക് ഇറങ്ങുന്നതിനിടയില്‍ വൃദ്ധന്റെ കൈയില്‍നിന്ന് നിലത്തുവീഴുന്ന ഒരു പഴയ നോക്കിയ 1100 ഫോണാണ് ഈ സിനിമയിലെ മറ്റൊരു കഥാപാത്രം.

അവര്‍ ഇറങ്ങിയ ഉടന്‍ ഫോണ്‍ ശബ്ദിക്കുന്നു. അത് ഹരികൃഷ്ണന്‍ എടുക്കുന്നതുമുതല്‍ കഥയുടെയും കഥാഗതിയുടെയും സംവിധാനത്തിന്റെയുമൊക്കെ ചരട് പ്രേക്ഷകന്റെ കൈയിലാകുന്നു. ആ പാതിരാ നേരത്ത് കോഴിക്കോട്ടേക്ക് മടങ്ങിപ്പോകാന്‍ ഒരുങ്ങുന്ന ഗോപാലന്‍ മാഷ്‌ക്കൊപ്പം കൂടുന്ന നാരായണിയും ഹരിയും.

നേരേ വടക്കോട്ട് 24 കാതം സഞ്ചരിക്കുമ്പോള്‍ സിനിമ ആരംഭിക്കുന്നു എന്ന് വേണമെങ്കില്‍ പറയാം. അതിനിടയില്‍ ഹര്‍ത്താലിന്റെ ബാധകള്‍. പരവൂര്‍ നിന്നും കൊല്ലത്തേക്കത്തെുന്ന അവര്‍ വല്ലവിധേനയും കയറിയ ബസ് പാതിവഴിയില്‍ കിടന്നുപോകുന്നു. (ഹര്‍ത്താലില്‍ ട്രെയിന്‍ ഓടിയില്ലെങ്കിലും ബസ് ഓടും എന്ന് കണ്ടുപിടിച്ച സംവിധായകന് നൂറ് ചുകപ്പന്‍ അഭിവാദ്യങ്ങള്‍.. കെ.എസ്.ആര്‍.ടി.സി രക്ഷപ്പെട്ടതുതന്നെ..)

നേരം പുലരുന്ന് ഹര്‍ത്താല്‍ ദിനത്തിലേക്ക് കണ്ണു തുറക്കുമ്പോള്‍ ആ പാതിവഴിയില്‍നിന്നുള്ള യാത്ര വഴിതെറ്റി ചെന്നു കയറുന്നതാകട്ടെ അതീവ മനോഹരമായ കാട്ടിലും കാട്ടാറിലുമൊക്കെയാണ്.

കൊല്ലം ബസ് സ്റ്റാന്റില്‍നിന്ന് എറണാകുളത്തേക്ക് രണ്ട് വഴിയുണ്ട് എന്ന് വേണമെങ്കില്‍ സമ്മതിച്ചാലും കാട്ടില്‍ ചെന്ന് കയറുന്ന ആ വഴി ഏതാണ് എന്ന് മനസ്സിലാവുന്നില്ല. ഏറ്റവും എളുപ്പ വഴിയായ ആലപ്പുഴയാണെങ്കില്‍ കേരളത്തില്‍ കാടില്ലാത്ത ഏക ജില്ലയുമാണ്. ഇനി വളഞ്ഞ് മൂക്ക് പിടിക്കുന്നതുപോലെ എം.സി. റോഡ് കയറിയെന്ന് വെക്കുക.. എന്നാലും കാട്ടില്‍ ചെന്ന് കയറുന്ന ആ റൂട്ട് ഒന്ന് അറിയാന്‍ അതിയായ ആഗ്രഹം. അത്ര മനോഹരമായ ഭൂപ്രകൃതിയിലൂടെയാണ് ഈ മൂവര്‍ സംഘത്തിന്റെ യാത്ര.

അടുത്തപേജില്‍ തുടരുന്നു

കള്ള് ഷാപ്പില്‍നിന്നുള്ള ഭക്ഷണം, നല്ല നടപ്പ്, മന്ത്രിയുടെ കാറിലും പോലീസ് ജീപ്പിലുമൊക്കെയായി വല്ല വിധേനയും നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മുന്നിലത്തെുമ്പോഴാണ് നല്ല ലക്ഷണമൊത്ത ഒരു ഗള്‍ഫുകാരന്‍ (ചെമ്പന്‍ വിനോദ്) കോമഡി കഥാപാത്രം റോഡില്‍ വാഹനവും കാത്ത് നില്‍ക്കുന്നത്.

കാര്യമായ വിദ്യാഭ്യാസമൊന്നുമില്ലെങ്കിലും ഗള്‍ഫില്‍ പോയി മണല്‍ക്കാട്ടില്‍ ചോര നീരാക്കി നാട്ടില്‍ മടങ്ങിയത്തെുന്ന ഒരു പ്രവാസിയോട് കസ്റ്റംസ് ഓഫീസര്‍ മുതല്‍ ടാക്‌സിക്കാരനും അമ്പല/പള്ളിക്കമ്മറ്റി പിരിവുകാരും പുലര്‍ത്തുന്ന അതേ പുഛമനോഭാവമാണ് തിരക്കഥാകൃത്തുകൂടിയായ സംവിധായകനും കാണിക്കുന്നത്.

പിറന്ന് വീണ് അധിക ദിവസമായിട്ടില്ലാത്ത തന്റെ കുഞ്ഞിനെ കാണാന്‍ വരുന്ന ചാവക്കാട്ടുകാരനായ അയാളും ഈ സംഘത്തിനൊപ്പം ചേരുകയാണ്.
അതിനിടയില്‍ വാഹനം കുടുംബമാക്കി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു തമിഴനും (പ്രേംജി അമരന്‍) അയാളുടെ ഗുജറാത്തുകാരിയായ ഭാര്യയും (കനി) ഈ സംഘത്തിന് കുറേ ദൂരം തുണയാകുന്നുണ്ട്. ഈ ഭാഗത്ത്  Getting Homeലെ സമാനമായ കാഴ്ചയെ അനുസ്മരിപ്പിക്കുന്നു.

വല്ല വിധത്തിലും ചാവക്കാട് എത്തുന്ന സംഘത്തിന് അവിടെ നിന്ന് ഒരു പത്തേമാരി ഗള്‍ഫുകാരന്‍ ഏര്‍പ്പാടാക്കി കൊടുക്കുന്നു. അതില്‍ കയറിയ ഛര്‍ദ്ദിച്ച് വശായി ബേപ്പൂരിലും അവിടെനിന്ന് ഗോപാലന്‍ മാഷ്ടെ വീട്ടിലുമത്തെുമ്പോള്‍ സന്ധ്യയാകുന്നു. അവിടെ പ്രേക്ഷകര്‍ തുടക്കത്തില്‍ തന്നെ മനസ്സില്‍ കുറിച്ചിട്ട കൈ്‌ളമാക്‌സ് കാത്തിരിക്കുന്നു.

പിന്നെ തിരികെ യാത്രയും ഹരികൃഷ്ണന്റെ അസാധ്യമായ മാറ്റവും നാരായണിയുമായുള്ള പ്രണയവുമൊക്കെയായി സിനിമ അങ്ങ് അവസാനിക്കുമ്പോള്‍ രണ്ട് മണിക്കൂര്‍ കഴിഞ്ഞ് പോകും.

ഈ ന്യൂ ജനറേഷന്‍ സിനിമക്കാരെ കുറിച്ചുള്ള ഒരു ആക്ഷേപം അവര്‍ക്ക് ജീവിതാനുഭവം ഇല്ല എന്നാണ്. ഹര്‍ത്താല്‍ ദിനങ്ങളില്‍ ഫ്‌ളാറ്റില്‍ കുപ്പി വിഴുങ്ങി കിടന്ന മലയാളിയുടെ പതിവ് മാത്രം ഓര്‍മിയില്‍ തികട്ടുന്നതുകൊണ്ടാവാം തിരക്കഥാകൃത്തും സംവിധായകനുമായ അനില്‍ രാധാകൃഷ്ണന് ഒരു ഹര്‍ത്താല്‍ ദിനത്തില്‍ റോഡിലിറങ്ങുന്ന ഒരു ശരാശരിക്കാരന്റെ യാതൊരു ബുദ്ധിമുട്ടുകളും സിനിമയില്‍ ഫലിപ്പിക്കാന്‍ കഴിയാതിരുന്നത്. പകരം, കാണാന്‍ കൊള്ളാവുന്ന ദേശങ്ങളിലൂടെ നടത്തുന്ന ഒരു പിക്‌നിക് ആയി ഈ സിനിമ അനുഭവപ്പെടുന്നത്.

പക്ഷേ, ഒരു തുടക്കക്കാരന്റെ യാതൊരു പതര്‍ച്ചയുമില്ലാതെ ഒരു ചെറിയ സിനിമ മനോഹരമായി ചിത്രീകരിച്ച അനില്‍ രാധാകൃഷ്ണമേനോന്റെ മികവ് അംഗീകരിച്ചേ പറ്റൂ… ഇനിയും മികച്ച സിനിമകള്‍ ചെയ്യാന്‍ ഇയാള്‍ക്ക് കഴിയും എന്നുറപ്പ്…

ഈ സിനിമയെ മറ്റെല്ലാ പോരായ്മകളും മറന്ന് കണ്ടിരിക്കാന്‍ പ്രേരിപ്പിക്കുന്നത് നടീനടന്മാര്‍ കാഴ്ചവെച്ചിരിക്കുന്ന അസാമാന്യമായ പ്രകടനമാണ്. കഴിഞ്ഞ തവണ (ഡി കമ്പനി റിവ്യൂവില്‍) പറഞ്ഞപോലെ ഞാന്‍ ഫഹദിന്റെ കടുത്ത ഫാനായി പിന്നെയും മാറുകയാണ്.. പതിവ് പോലെ, വൃത്തിരാക്ഷസനായ ഹരികൃഷ്ണന്റെ വേഷം ഫഹദ് കെങ്കേമമാക്കി.

നെടുമുടി വേണു തനിക്ക് പകരക്കാരനില്ല എന്ന് പിന്നെയും തെളിയിക്കുകയാണ്. സുബ്രഹ്മണ്യപുരത്തിലെ തുളസിയായിരുന്നു താനെന്ന് ഒരിക്കലും തോന്നിപ്പിക്കാത്ത രീതിയില്‍ സ്വാതി റെഢിയും മുന്നിട്ടുനിന്നു. ഒരു ചെറിയ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നവര്‍ പോലും മോശമാക്കിയില്ല.

അടിവര:

ആമേന്‍ എന്ന ചിത്രത്തിലെ ശക്തമായ കഥാപാത്രമായ ശോശന്നയെപോലെ നാരായണിയെയും മികവുറ്റതാക്കിയ സ്വാതി റെഢി എന്ന ആന്ധ്രക്കാരി ഇനി മലയാളത്തില്‍ കാലുറപ്പിക്കാനാണ് സാധ്യത.

വൃത്തിരാക്ഷസനായ ഹരികൃഷ്ണന്‍ ഒരൊറ്റ യാത്ര കഴിഞ്ഞപ്പോള്‍ പഴയ ശീലങ്ങള്‍ മറന്ന് പുതിയ ഒരാളായി മാറിയെന്ന് വിശ്വസിക്കാന്‍ കഴിയാത്ത യുക്തി ബോധം സിനിമ കഴിഞ്ഞിറങ്ങിയപ്പോഴും കൂടെയുള്ളതിനാല്‍ ഒരു കല്ലുകടിയായി അതങ്ങനെ കിടക്കുകയാണ്.


കെ.കെ രാഗിണിയുടെ മറ്റ് സിനിമ റിവ്യൂകള്‍ വായിക്കാം
അന്ധതയുടെ വര്‍ണങ്ങള്‍ അഥവാ ആര്‍ട്ടിസ്റ്റ്
കുഞ്ഞനന്തന്റെ ബി.ഒ.ടി കട

ദൈവത്തിന്റെ വേഷത്തിലെ ചെകുത്താന്‍ കളികള്‍

ഡി. കമ്പനി ഓഫര്‍; ഒന്നെടുത്താല്‍ രണ്ട് ഫ്രീ (ഓണക്കാലത്ത് മാത്രം)


ലേഖികയുടെ ഇ-മെയില്‍ വിലാസം : kkragini85@gmail.com

We use cookies to give you the best possible experience. Learn more