തൃശൂര്‍: തൃശൂരില്‍ നോറോ വൈറസ് വ്യാപിക്കുന്നു. സെന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ 52 വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഹോസ്റ്റലിലെ കുടിവെള്ളത്തില്‍ നിന്നാണ് വൈറസ് പകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.
വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, മനംമറിക്കല്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസിന്റെ ലക്ഷണങ്ങള്‍. ഛര്‍ദ്ദി,വയറിളക്കം എന്നിവ മൂര്‍ച്ഛിച്ചാല്‍ നിര്‍ജ്ജലീകരണം സംഭവിക്കുകയും രോഗം ഗുരുതരമാവുകയും ചെയ്യും. മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയേറ്റ വ്യക്തികളുമായുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരും.
രോഗ ബാധിതനായ വ്യക്തിയില്‍ നിന്ന് പുറത്തെത്തുന്ന സ്രവങ്ങളിലൂടെ വൈറസ് പ്രതലങ്ങളില്‍ തങ്ങി നില്‍ക്കുന്നു. അവയില്‍ സ്പര്‍ശിക്കുന്നവരുടെ കൈകളിലേക്ക് വൈറസ് പടരുകയും ചെയ്യും. കൈകള്‍ വൃത്തിയാക്കാതെ മൂക്കിലും വായിലും എത്തുന്നതോടെ വൈറസ് ശരീരത്തില്‍ വ്യാപിക്കും.
വൈറസ് ബാധിച്ചവര്‍ വീട്ടിലിരിക്കേണ്ടതും, ഒ.ആര്‍.എസ് ലായനി, തിളപ്പിച്ചാറിയ വെള്ളം എന്നിവ നന്നായി കുടിക്കേണ്ടതുമാണ്. ലക്ഷണങ്ങള്‍ക്ക് അനുസരിച്ച് ചികിത്സ ലഭ്യമാണ്. രോഗികള്‍ മറ്റുള്ളവര്‍ക്ക് ഭക്ഷണം പാകം ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
ഒന്ന് മുതല്‍ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രോഗലക്ഷണങ്ങള്‍ മാറാം. എന്നാല്‍ അത് കഴിഞ്ഞുള്ള രണ്ട് ദിവസങ്ങള്‍ വരെ രോഗിയില്‍ നിന്ന് വൈറസ് പടരാന്‍ സാധ്യതയുള്ളതിനാല്‍ രോഗം മാറി കുറഞ്ഞത് രണ്ടു ദിവസത്തേക്കെങ്കിലും പുറത്തേക്കിറങ്ങാതിരിക്കുന്നതാണ് നല്ലത്.