ന്യൂയോർക്ക്: ഗസയിലെ വെടിനിർത്തലിനോട് എതിർപ്പ് അറിയിച്ച ഡെമോക്രാറ്റിക് പാർട്ടി പ്രമുഖനും വെർമണ്ടിൽ നിന്നുള്ള സെനേറ്ററുമായ ബേണി സാന്റേഴ്സിനെതിരെ അമേരിക്കൻ തത്വചിന്തകൻ നോർമൻ ഫിങ്കൽസ്റ്റീൻ.
ഹമാസ് ഇസ്രഈലിനെ നശിപ്പിക്കാൻ ഉദ്ദേശിക്കുന്നു എന്നതാണ് വെടിനിർത്തലിനെ എതിർക്കുന്നതിന് സാന്റേഴ്സ് ചൂണ്ടിക്കാണിക്കുന്ന കാരണം.
എന്നാൽ ഗസയിലെ കാര്യങ്ങൾ സാന്റേഴ്സിന് അറിയില്ലെന്നും അമേരിക്കയിലെ ആഭ്യന്തര കാര്യങ്ങളിലായിരുന്നു അദ്ദേഹം ശ്രദ്ധ ചെലുത്തിയിരുന്നത് എന്ന ആനുകൂല്യം നൽകാമെന്നും ഫിങ്കൽസ്റ്റീൻ തന്റെ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.
2006ൽ അമേരിക്കയുടെ സമ്മർദത്തിൽ ഗസയിൽ തെരഞ്ഞെടുപ്പ് നടന്നുവെന്നും ഓസ്‌ലോ കരാർ പ്രകാരമുള്ള തെരഞ്ഞെടുപ്പിനെ ആദ്യം എതിർത്ത ഹമാസ് പിന്നീട് തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും അവരെപ്പോലും ഞെട്ടിച്ചുകൊണ്ട് ഹമാസ് വിജയിച്ചുവെന്നും ഫിങ്കൽസ്റ്റീൻ പറയുന്നു. തെരഞ്ഞെടുപ്പ് പൂർണമായും സത്യസന്ധമായിരുന്നു എന്ന് മുൻ യു.എസ് പ്രസിഡന്റ് ആയിരുന്ന ജിമ്മി കാർട്ടർ തന്നെ പറഞ്ഞിട്ടുണ്ട് എന്നും ഫിങ്കൽസ്റ്റീൻ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ഹമാസിന്റെ വിജയം പ്രതീക്ഷിക്കാതിരുന്ന യു.എസും ഇസ്രഈലും ഗസയിൽ പൂർണ ഉപരോധം നടപ്പാക്കുകയാണ് ചെയ്തതെന്നും ഇത് ഗസയിലെ സാമ്പത്തിക സ്ഥിതിയെ സ്തംഭിപ്പിച്ചുവെന്നും അദ്ദേഹം ആരോപിക്കുന്നു.
ഉപരോധത്തിലൂടെ രണ്ട് ദശാബ്ധത്തിലേറെയായി മനുഷ്യത്വത്തിനെതിരെ ക്രൂരത നടത്തുകയും ഗസയെ ഒരു വലിയ കോൺസെൻട്രേഷൻ ക്യാമ്പാക്കി മാറ്റുകയും ചെയ്ത ഇസ്രഈൽ നശിപ്പിക്കപ്പെടണമെന്നല്ല, ഇസ്രഈലിനെ നശിപ്പിക്കാൻ ശ്രമിക്കുന്ന ഹമാസിനെ നശിപ്പിക്കണമെന്നാണ് പറയുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഗസയിൽ ഹമാസ് അധികാരത്തിലെത്തിയ ശേഷം പ്രശ്നപരിഹാരത്തിനായി തുടർച്ചയായി അവർ ഇസ്രഈലുമായി ബന്ധപ്പെടാൻ ശ്രമിച്ചുവെന്നും ഇസ്രഈലുമായി ധാരണയിലെത്താൻ അവർ പരിശ്രമിച്ചത് രേഖകളിൽ ഉണ്ടെന്നും ഫിങ്കൽസ്റ്റീൻ പറയുന്നു.
2008ൽ ഇസ്രഈലും ഹമാസും തമ്മിലുണ്ടായിരുന്ന വെടിനിർത്തൽ ധാരണ തെറ്റിച്ചത് ഇസ്രഈലാണെന്നും അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേളയിൽ ലോകശ്രദ്ധ അകന്നപ്പോഴാണ് അവർ ഇത് ചെയ്തതെന്നും ഫിങ്കൽസ്റ്റീൻ പറയുന്നു.
തുർക്കിയുടെ തലവൻ എർദോഗൻ ഗസ സന്ദർശിക്കാൻ തീരുമാനിച്ച വേളയിൽ ഗസ ഒരിക്കലും പുഷ്ടിക്കരുത് എന്ന് ചിന്തിക്കുന്ന ഇസ്രഈൽ ഈ വേളയിൽ ഹമാസിന്റെ മുതിർന്ന നേതാവിനെ കൊലപ്പെടുത്തുകയാണ് ചെയ്തതെന്നും ഫിങ്കൽസ്റ്റീൻ പറയുന്നു.
ഇസ്രഈലുമായി വെടിനിർത്തൽ ചർച്ചയിൽ ഏർപ്പെട്ട ജബരിയെയാണ് അന്ന് ഇസ്രഈൽ കൊലപ്പെടുത്തുകയും ഗസയിൽ ആക്രമണം അഴിച്ചുവിടുകയും ചെയ്തത്.
എന്നിട്ടും ഗസയിൽ വെടിനിർത്തലിനെ എതിർക്കുന്ന സാന്റേഴ്സ് ധാർമിക രക്ഷസനാണ് എന്നും ഫിങ്കൽസ്റ്റീൻ കുറ്റപ്പെടുത്തി.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ പുറമേ ഡെമോക്രാറ്റിക് പാർട്ടിയിൽ ഉയർന്നുകേട്ട പേരായിരുന്നു സാന്റേഴ്സിന്റേത്. നോർമൻ ഫിങ്കൽസ്റ്റീൻ ഉൾപ്പെടെയുള്ള ആളുകൾ നിരന്തരം പിന്തുണച്ചുവന്ന ബേണി സാന്റേഴ്സിൽ നിന്ന് ഇത്തരമൊരു പ്രസ്താവന ഉണ്ടായത് വലിയ വിമർശനങ്ങൾക്ക് കാണാമായിരുന്നു.
Content Highlight: Norman Finkelstein against Bernie Sanders in Ceasefire in Gaza