തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങാനായി നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 2,65000. ഞായറാഴ്ച വൈകുന്നേരം 6.30 മുതല്‍ ചൊവ്വാഴ്ച ഉച്ച വരെയുള്ള കണക്കാണിത്. രജിസ്റ്റര്‍ ചെയ്തവരുടെ കണക്ക് കേരളം കേന്ദ്രത്തിന് കൈമാറും.
മൂന്ന് ലക്ഷത്തോളം പേരെങ്കിലും വിവിധ രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുമെന്നാണ് നോര്‍ക്കയുടെ വിലയിരുത്തല്‍. ആകെ 181 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് രജിസ്റ്റര്‍ ചെയ്തത്. യു.എ.ഇയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 1,80,000 പേരാണ് യു.എ.ഇയില്‍ നിന്നും നാട്ടിലേക്ക് മടങ്ങാന്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത്. കണക്കുകള്‍ ഇങ്ങനെ,
സൗദി അറേബ്യ- 35000, ഖത്തര്‍- 28000, കുവൈത്ത്-15000, മാലിദ്വീപ്-1692, അമേരിക്ക-982.
ഇതോടൊപ്പം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ ബുധനാഴ്ച മുതല്‍ തുടങ്ങും.
WWW.registernorkaroots.org എന്ന വെബ്‌സൈറ്റ് വഴിയാണ് വിദേശത്തുള്ളവരുടെ രജിസ്‌ട്രേഷന്‍ . മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങുന്നവര്‍ക്കായി മറ്റൊരു വെബ്സൈറ്റാണ് ഏര്‍പ്പെടുത്തുക. ചികിത്സക്ക് പോയവര്‍, പഠനാവശ്യത്തിന് പോയവര്‍, ജോലി നഷ്ടപ്പെട്ടവര്‍, കൃഷിപ്പണിക്ക് പോയവര്‍, തീര്‍ത്ഥാടനത്തിന് പോയവര്‍ എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും നാട്ടിലെത്തിക്കുന്നതിലുള്ള മുന്‍ഗണന.
വിദേശത്ത് നിന്നും ആദ്യ ഘട്ടത്തില്‍ അടിയന്തരമായി നാട്ടിലെത്തേണ്ട ഇന്ത്യക്കാരെയാണ് ഒഴിപ്പിക്കുക. കുടുംബത്തിലുള്ള അത്യാഹിതങ്ങള്‍ , തൊഴില്‍ പെര്‍മിറ്റ് കാലാവധി അവസാനിക്കല്‍, ജോലി നഷ്ടം തുടങ്ങിയവ ഇക്കാര്യത്തില്‍ പരിഗണിക്കും. രജിസ്റ്റര്‍ ചെയ്യുന്നതിന്റെ മുന്‍ഗണനാക്രമത്തില്‍ തിരിച്ചെത്തിക്കുന്നതില്‍ പരിഗണന ലഭിക്കില്ലെന്ന് നോര്‍ക്ക നേരത്തെ വ്യക്തമാക്കിയിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.