എറണാകുളം: നോര്‍ക്ക റൂട്ട്‌സിന്റെ നേതൃത്വത്തില്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ സംരംഭങ്ങള്‍ തുടങ്ങുന്നതിനായി സബ്‌സിഡിയുള്ള വായ്പ ലഭ്യമാക്കുന്നതിനുള്ള അര്‍ഹതാനിര്‍ണയ ക്യാമ്പ് നടത്തും.
നവംബര്‍ 23ന് രാവിലെ 10 മണിക്ക് എറണാകുളം നോര്‍ത്ത് പറവൂരിലുള്ള വ്യാപാരഭവനില്‍ വെച്ചാണ് അര്‍ഹതാനിര്‍ണയ ക്യാമ്പ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവാസത്തിനുശേഷം നാട്ടില്‍ സ്ഥിരതാമസമാക്കിയവര്‍ക്ക് തുടങ്ങാവുന്ന സംരംഭങ്ങളെ ക്യാമ്പില്‍ പരിചയപ്പെടുത്തും.
യോഗ്യരായ അപേക്ഷകര്‍ക്ക് വായ്പ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളും നടത്തും. ക്യാമ്പില്‍ അഭിരുചിയുള്ളവര്‍ക്ക് പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ഉള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്‍കും.
ഇതിനായി സര്‍ക്കാര്‍ മാനേജ്മെന്റ് പരിശീലന സ്ഥാപനമായ സി.എം.ഡി യുടെ സേവനവും ക്യാമ്പില്‍ ലഭ്യമാക്കും. സംരംഭകര്‍ക്ക് മൂലധന, പലിശ സബ്സിഡിയും നോര്‍ക്ക റൂട്ട്സ് ലഭ്യമാക്കും.
വി.ഡി സതീശന്‍ എം. എല്‍. എ ഉദ്ഘാടനം ചെയ്യും. നോര്‍ത്ത് പറവൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ഡി. രാജ്കുമാര്‍ അദ്ധ്യക്ഷത വഹിക്കും. കൗണ്‍സിലര്‍ കെ.എ.വിദ്യാനന്ദന്‍, നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി, സി.എം.ഡി ഡയറക്ടര്‍ ഡോ. ജി. സുരേഷ്, ബാങ്ക് ഓഫ് ഇന്ത്യ സോണല്‍ മാനേജര്‍ വി. മഹേഷ്‌കുമാര്‍, നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ ഡി. ജഗദീശ് തുടങ്ങിയവര്‍ പങ്കെടുക്കും.
സംരംഭകര്‍ക്ക് മൂലധന, പലിശ സബ്സിഡികള്‍ ലഭ്യമാകുന്ന ഈ പദ്ധതിയുടെ കീഴില്‍ സംരംഭകരാകാന്‍ താല്‍പര്യമുള്ളവര്‍ തങ്ങള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടങ്കല്‍ തുക ഉള്‍പ്പെടെയുള്ള ലഘു വിവരണവും, കുറഞ്ഞത് രണ്ട് വര്‍ഷത്തെ വിദേശവാസം തെളിയിക്കുന്ന പാസ്പോര്‍ട്ടിന്റെ പകര്‍പ്പും, മൂന്ന് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും, പാന്‍കാര്‍ഡ്, റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും കൊണ്ടുവരണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
താല്‍പര്യമുള്ളവര്‍ നോര്‍ക്ക റൂട്ട്സിന്റെ വെബ് സൈറ്റായ www.norkaroots.org യില്‍ മുന്‍കൂര്‍ പേര് രജിസ്റ്റര്‍ ചെയ്യുകയും കൃത്യ സമയത്ത് സ്ഥലത്ത് എത്തിച്ചേരുകയും വേണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് സി.എം.ഡി യുടെ സഹായക കേന്ദ്രം (04712329738) നമ്പരിലും, നോര്‍ക്ക റൂട്ട്സിന്റെ 1800-425-3939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തുനിന്ന് മിസ്ഡ്കാള്‍ സേവനം) ടോള്‍ഫ്രീ നമ്പരിലും, 0484-2371810,2957099 നമ്പരിലും ലഭിക്കും.