ബോളിവുഡ് സിനിമകളിലെ തന്റെ ഡാന്‍സ് നമ്പറുകളിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് നോറ ഫത്തേഹി. കനേഡിയന്‍ നടിയും മോഡലും നര്‍ത്തകിയുമായ നോറ കഠിനാധ്വാനത്തിലൂടെയാണ് ബോളിവുഡില്‍ തന്റെ സ്ഥാനം ഉറപ്പിച്ചത്.
ബോളിവുഡിലേക്കുള്ള നാള്‍വഴികളെ പറ്റി പറയുകയാണ് നോറ. മുറിയില്‍ അടച്ചിരുന്ന് താന്‍ ഹിന്ദി പഠിക്കുമായിരുന്നുവെന്നും പാര്‍ട്ടികള്‍ക്ക് പോവുകയോ ബോയ്ഫ്രണ്ട്‌സിനെ ഉണ്ടാക്കുകയോ ചെയ്തിട്ടില്ലെന്നും നോറ പറഞ്ഞു. ബോളിവുഡില്‍ ചുവടുറപ്പിക്കാനുള്ള തന്റെ നീക്കങ്ങള്‍ കണ്ട് അടുത്ത കത്രീന കൈഫ് ആകാനുള്ള ശ്രമമാണോയെന്ന് പലരും തന്നോട് ചോദിച്ചിരുന്നുവെന്നും ബി.ബി.സി. ഏഷ്യനോട് നോറ പറഞ്ഞു.
‘ഇതുവരെ ലഭിച്ച അവസരങ്ങളെല്ലാം അവസാന നിമിഷമായിരിക്കും എന്നിലേക്ക് എത്തുക. ഭാഗ്യവശാല്‍ ആ സമയത്ത് ഞാന്‍ പ്രിപ്പയേര്‍ഡായിരുന്നു. റൂമില്‍ തന്നെയിരുന്ന് ടി.വിയില്‍ പല പരിപാടികളും കണ്ടു. ഹിന്ദി കൂടുതല്‍ പഠിക്കാന്‍ നോക്കി. പാര്‍ട്ടികളില്‍ പോകാറില്ല. മറ്റ് പെണ്‍കുട്ടികളെ പോലെ എനിക്ക് ബോയ്ഫ്രണ്ട്‌സ് ഇല്ല.
ഇന്ത്യയിലെത്തിയതിന് ശേഷമുള്ള രണ്ടാം മാസത്തില്‍ സംസാരത്തിലെ കനേഡിയന് ആക്‌സന്റ് കുറക്കണമെന്ന് മനസിലായി. ബോഡി ലാംഗ്വേജില്‍ മാറ്റം വരുത്തണമായിരുന്നു. സഹോദരന്റെ വിവാഹത്തിന് പോലും പോയില്ല. അവന്റെ പിറന്നാളിന് പോയില്ല. അടുത്ത കത്രീന കൈഫാകാന്‍ പോവാണോ എന്നാണ് പലരും ചോദിച്ചത്.
എനിക്ക് വരുന്ന അവസരങ്ങള്‍ക്കായി പ്രിപ്പയറായി ഇരിക്കണമെന്ന് അറിയാമായിരുന്നു. എനിക്ക് ലഭിച്ചിരുന്ന പ്രോജക്ടുകളെല്ലാം അവസാന നിമിഷം വന്നുചേര്‍ന്നവയാണ്. അങ്ങനെ ഓരോ അവസരങ്ങള്‍ വരുമ്പോള്‍ ഹിന്ദി അറിഞ്ഞില്ലെങ്കില്‍ അവ എനിക്ക് നഷ്ടമാവുമെന്ന് അറിയാമായിരുന്നു. ഇവിടുത്തെ സംസ്‌കാരത്തിലേക്കും ആളുകളിലേക്കും കലരുന്നതില്‍ എനിക്ക് പ്രശ്‌നമുള്ളതായി തോന്നുന്നില്ല,’ നോറ പറഞ്ഞു.
Content Highlight: nora fathehi about her career growth