Entertainment
'മാസ്റ്റര്‍പീസ്' ആടുജീവിതത്തിനും അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനവുമായി ബോളിവുഡ് താരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Apr 03, 05:53 am
Wednesday, 3rd April 2024, 11:23 am

മലയാളത്തില്‍ ഏറെ സ്വീകാര്യത നേടിയ ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കി വന്ന സിനിമയാണ് ആടുജീവിതം.

മലയാള സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ഇത്. ബ്ലെസി സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരനായിരുന്നു പ്രധാന വേഷത്തില്‍ എത്തിയത്.

ഇപ്പോള്‍ ആടുജീവിതത്തെ പ്രശംസിച്ച് കൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് ബോളിവുഡ് താരമായ നോറ ഫത്തേഹി.

തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നോറ ആടുജീവിതത്തെ കുറിച്ച് പോസ്റ്റിട്ടത്. പോസ്റ്റില്‍ സംവിധായകന്‍ ബ്ലെസിയെയും പൃഥ്വിരാജ് സുകുമാരനെയും മെന്‍ഷന്‍ ചെയ്തിട്ടുമുണ്ട്.

ചിത്രത്തെ കുറിച്ച് മികച്ച കാര്യങ്ങളാണ് കേള്‍ക്കുന്നതെന്ന് പറയുന്ന നോറ സിനിമ ഉടനെ കാണാന്‍ കഴിയുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും പറയുന്നു. ആടുജീവിതത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച നോറ ഫത്തേഹി സിനിമയുടെ മുഴുവന്‍ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനമറിയിച്ചു.

‘പൃഥ്വിരാജ് സാര്‍ അഭിനയിച്ച ബ്ലെസി സാറിന്റെ ഈ മാസ്റ്റര്‍പീസിനെക്കുറിച്ച് മികച്ച കാര്യങ്ങളാണ് കേള്‍ക്കുന്നത്. ഉടനെ സിനിമ കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. മുഴുവന്‍ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍,’ നോറ ഫത്തേഹി തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നു.

ഏറെ യുവ ആരാധകരുള്ള ബോളിവുഡ് താരമാണ് നോറ ഫത്തേഹി. കാനഡയില്‍ ജനിച്ച മൊറോക്കന്‍ വംശജയായ നോറ നര്‍ത്തകി, മോഡല്‍ എന്നീ നിലകളില്‍ പ്രശസ്തയായിരുന്നു. ദില്‍ബര്‍ എന്ന ഗാനത്തിലൂടെ ആണ് നോറ ഇന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ പ്രശസ്തി നേടുന്നത്.

Content Highlight: Nora Fatehi Congratulated Aadujeevitham And The Crew In Instagram