| Wednesday, 18th August 2021, 4:12 pm

ലൈംഗിക അധിക്ഷേപം നേരിട്ടാല്‍ പരാതി കൊടുക്കാന്‍ കൂടിയാലോചിക്കരുത്, ലീഗിന് പരാതി കൊടുക്കാന്‍ വൈകിയതെന്ത്? ഹരിത നേതാക്കള്‍ക്കെതിരെ നൂര്‍ബിന റഷീദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: എം.എസ്.എഫ് നേതാക്കള്‍ക്ക് എതിരെ ഹരിത സബ് കമ്മിറ്റി ഉന്നയിച്ച ലൈംഗിക അധിക്ഷേപ പരാതി വനിതാ ലീഗിനെ അറിയിച്ചിട്ടില്ലെന്ന് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ്. പാര്‍ട്ടിയില്‍ പരാതി കൊടുക്കാന്‍ തന്നെ എന്തിനാണ് ഇത്രയും വൈകിയതെന്ന് ഹരിത നേതാക്കളോട് നൂര്‍ബിന ചോദിച്ചു.

‘ലൈംഗിക അധിക്ഷേപം ഉണ്ടായപ്പോള്‍ ഉടന്‍ പരാതിപ്പെടുകയാണ് ചെയ്യേണ്ടിയിരുന്നത്. കൂടിയാലോചിച്ചല്ല ചെയ്യേണ്ടത്. ലീഗിന് പരാതി നല്‍കാന്‍ എന്തുകൊണ്ട് വൈകി? ആര് ലൈംഗിക അധിക്ഷേപം നടത്തിയാലും നടപടിയെടുക്കണം,’ നൂര്‍ബിന കൂട്ടിച്ചേര്‍ത്തു.

‘കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ മുതിര്‍ന്ന വനിതകളോടെങ്കിലും പങ്കുവയ്ക്കേണ്ടതായിരുന്നു. ഒരു സുപ്രഭാതത്തില്‍ ഒരുമാറ്റവും എവിടെയും നടത്താന്‍ സാധിക്കില്ല. ഓരോ പാര്‍ട്ടിക്കും അതിന്റേതായ നടപടിക്രമങ്ങളുണ്ട്,’ നൂര്‍ബിന പറഞ്ഞു.

ഹരിത പ്രവര്‍ത്തകര്‍ക്ക് എതിരെ മുസ്‌ലിം ലീഗ് എടുത്ത നടപടി തെറ്റാണോയെന്ന ചോദ്യത്തിന്, ഒരുവാക്കില്‍ ഉത്തരം പറയേണ്ട ചോദ്യമല്ലെന്നായിരുന്നു നൂര്‍ബിനയുടെ മറുപടി.

‘വിഭാഗിയത സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ല. ഇപ്പോള്‍ എല്ലാവര്‍ക്കുമറിയാം, ലീഗ് വീണുകിടക്കുകയാണ്, വീണുകിടക്കുമ്പോള്‍ മേലെ കേറിപ്പായാന്‍ എളുപ്പമാണ്. പക്ഷേ അതിനെ കൈപിടിച്ച് ഉയര്‍ത്തുകയാണ് വേണ്ടത്,’ നൂര്‍ബിന പറഞ്ഞു.

പൊതുജനമധ്യത്തില്‍ ലീഗിന്റെ സംഭാവനകള്‍ പുതുതലമുറയ്ക്ക് അറിയില്ല. വ്യക്തികളല്ല, സംഘടനയാണ് പ്രധാനം. സംഘടന എടുത്ത തീരുമാനങ്ങളില്‍ തെറ്റുണ്ടെങ്കില്‍ ആ ഫോറത്തിലാണ് സംസാരിക്കേണ്ടതെന്നും നൂര്‍ബിന കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ ലീഗ് എടുത്ത നടപടി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും നൂര്‍ബിന റഷീദ് പറഞ്ഞു.

അതേസമയം എം.എസ്.എഫ് നേതാക്കളുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതികരിച്ചതുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ ക്രൂരമായ വ്യക്തിഹത്യയ്ക്ക് ഹരിത നേതാക്കള്‍ ഇരയാകുന്നുവെന്ന് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ പറഞ്ഞു. തങ്ങളുന്നയിച്ച വിഷയങ്ങളില്‍ മാതൃകാപരമായ നടപടി ലീഗ് നേതൃത്വം സ്വീകരിക്കുമെന്നുറപ്പുണ്ടെന്നും തഹ്‌ലിയ പറഞ്ഞു.

ഹരിതയെ മരവിപ്പിച്ച നടപടി പ്രയാസമുണ്ടാക്കിയെന്നും തഹ്‌ലിയ പറഞ്ഞു. എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ച പത്ത് പേരും സംസ്ഥാന ഭാരവാഹികളാണെന്നും തഹ്‌ലിയ പറഞ്ഞു.

‘ഹരിതയിലെ നേതാക്കള്‍ അച്ചടക്കം പാലിച്ചാണ് ഇതുവരെ നിലകൊണ്ടത്. ആരോപണങ്ങള്‍ ഉന്നയിച്ച 10 ഭാരവാഹികളും ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. മാധ്യമങ്ങളുടെ മുന്നില്‍ ഇതുവരെ അവര്‍ വന്നിട്ടില്ല,’ തഹ്‌ലിയ പറഞ്ഞു.

അത്രയും സൂക്ഷ്മതയടെയാണ് ഈ പെണ്‍കുട്ടികള്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോയത്. പരാതി, ലീഗിന്റെ സംസ്ഥാന കമ്മിറ്റിയ്ക്കും എം.എസ്.എഫ് ദേശീയ കമ്മിറ്റിയ്ക്കും നല്‍കിയിരുന്നു. എം.എസ്.എഫ് ദേശീയ കമ്മിറ്റി വിഷയത്തില്‍ ഇടപെട്ട് ലീഗിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

ലീഗ് നേതാക്കളെ നേരിട്ട് കണ്ടും വിഷയത്തിന്റെ ഗൗരവം അറിയിച്ചു. അത് പ്രകാരം പരാതി പരിശോധിക്കാന്‍ ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാമിനെ ഏല്‍പ്പിച്ചുവെന്ന് അറിയിച്ചിരുന്നെന്നും തഹ്‌ലിയ പറഞ്ഞു.

ഈ വിഷയം വനിത കമ്മീഷനിലേക്കെത്തുന്നത് അവരുടെ പ്രയാസങ്ങള്‍ കൊണ്ടാണ്. പാര്‍ട്ടി വേദിയില്‍ തന്നെയാണ് ആദ്യം പറഞ്ഞത്. അവിടെ നിന്ന് നടപടിയ്ക്ക് കാലതാമസം നേരിട്ടത് കൊണ്ടാണ് വനിതാ കമ്മീഷനില്‍ എത്തിയത്.

നേതാക്കള്‍ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന ആരോപണം ഉന്നയിച്ചതിനാണ് ഹരിതയുടെ പ്രവര്‍ത്തനം ലീഗ് മരവിപ്പിച്ചത്. ഇതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഹരിതയ്ക്ക് പിന്തുണയര്‍പ്പിച്ച് എം.എസ്.എഫിന്റെ 12 ജില്ലാ കമ്മിറ്റികള്‍ രംഗത്ത് വന്നു.

സ്ത്രീത്വത്തെ അപമാനിച്ച സംസ്ഥാന നേതൃത്വത്തിനെതിരെ നടപടി വേണമെന്ന് ജില്ലാ കമ്മിറ്റികള്‍ ലീഗ് നേതൃത്വത്തിന് കത്ത് നല്‍കി. ലീഗിന്റെ നടപടിയ്ക്കെതിരെ പാര്‍ട്ടിക്കുള്ളിലും എം.എസ്.എഫിലും പ്രതിഷേധം ശക്തമാണ്.

ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറക്കെതിരെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ലൈംഗികാധിക്ഷേപം നടത്തിയെന്നാണ് ഹരിത നേതാക്കളുടെ പരാതി. എന്നാല്‍ പാര്‍ട്ടിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയം സംഘടനയുടെ പുറത്തേക്ക് കൊണ്ടുപോയത് അച്ചടക്കലംഘനമാണ് എന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Noorbina Rasheed Women League MSF Haritha

We use cookies to give you the best possible experience. Learn more