| Sunday, 10th December 2023, 1:37 pm

അവരൊന്നും നിലപാടോ അഭിപ്രായമോ ഇല്ലാത്തവരല്ല, മിണ്ടാത്തത് ഉള്ള അവസരം നഷ്ടപ്പെടാതിരിക്കാന്‍: ഗായത്രി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈയിടെ നടി ഗായത്രി ഒരു പൊതുവേദിയില്‍ സാംസ്‌കാരിക മേഖലയിലേക്കുള്ള സംഘപരിവാര്‍ കടന്നുകയറ്റങ്ങളെ കുറിച്ചും ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്ന സീരിയലുകളിലെ ജാതീയതയെക്കുറിച്ചുമെല്ലാം പറഞ്ഞത് വലിയ രീതിയില്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. വ്യക്തമായ രാഷ്ട്രീയവും നിലപാടുമുള്ള വ്യക്തിയാണ് ഗായത്രി.

തന്റെ അഭിപ്രായപ്രകടനങ്ങള്‍ക്ക് ശേഷം വലിയ രീതിയില്‍ സൈബര്‍ ആക്രമണം ഗായത്രി നേരിടേണ്ടി വന്നിരുന്നു. തൊഴിലിടത്തെ വിവേചനത്തെ കുറിച്ചെല്ലാം ഗായത്രി പരാമര്‍ശിച്ചിരുന്നെങ്കിലും യാതൊരു വിധത്തിലുള്ള പ്രതികരണവും സഹപ്രവര്‍ത്തകരില്‍ നിന്നും ഗായത്രിക്ക് ലഭിച്ചിരുന്നില്ല. ഇപ്പോള്‍ അതിനെ കുറിച്ച് സംസാരിക്കുകയാണ് ഗായത്രി.

എല്ലാം പണം നിര്‍ണയിക്കുന്ന ഈ ലോകത്ത് കാര്യങ്ങള്‍ക്കൊന്നും വലിയ മാറ്റം ഉണ്ടാകില്ലെന്നും അതുകൊണ്ടാണ് തനിക്കെതിരെ ഇത്രയും മോശമായ ആക്രമണം ഉണ്ടായിട്ടും ആരും പ്രതികരിക്കാതിരുന്നതെന്നും ദേശാഭിമാനിയോട് ഗായത്രി പറഞ്ഞു.

‘ തൊഴിലിടമെന്ന നിലയില്‍ ഏറ്റവും അധികം വിവേചനം നിലനില്‍ക്കുന്ന ഇടമാണ് സീരിയല്‍ മേഖല. ഒരു കലാകാരന് അല്ലെങ്കില്‍ കലകാരിക്ക് നാലുനേരം ഭക്ഷണത്തിന് 160 രൂപയാണ് അവിടെ ഇന്നും കിട്ടുന്നത്. ചായക്ക് കുറഞ്ഞത് പത്തുരൂപയുള്ള നാട്ടിലാണിതെന്ന് ഓര്‍ക്കണം. വ്യവസായ മേഖലയുടെ ഈ പരിതാപകരമായ അവസ്ഥയെക്കുറിച്ച് പല വേദികളിലും മുമ്പും ഞാന്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇനി നാളെയും അത് പറയും.

കലാകാരന് അന്തസ്സും ആത്മാഭിമാനവുമുണ്ട്. അത് സംരക്ഷിക്കപ്പെടണം. പണമാണ് ഈ ലോകത്ത് എല്ലാം നിര്‍ണയിക്കുന്നത്. അത് ഞാന്‍ മനസിലാക്കുന്നുണ്ട്. ഇവിടെയും കാര്യങ്ങളില്‍ വലിയ വ്യത്യാസമൊന്നുമില്ല. അതുകൊണ്ടാണ് എനിക്കെതിരെ ഇത്ര നീചമായ ആക്രമണമുണ്ടായിട്ടും കൂടെയുള്ള സഹപ്രവര്‍ത്തകരാരും പ്രതികരിക്കാതിരുന്നത്.

അവരൊന്നും നിലപാടോ അഭിപ്രായമോ ഇല്ലാത്തവരല്ല. ഉള്ള അവസരം നഷ്ടമാക്കേണ്ടെന്ന് കരുതി നിശ്ശബ്ദരായിരിക്കുന്നതാണ്. അതിനവരെ ഒരിക്കലും കുറ്റപ്പെടുത്താനാകില്ല. സാംസ്‌കാരിക നയത്തിനെതിരായും ചാനലിനെതിരായും പറഞ്ഞാല്‍ പിന്നെന്താകും അവസ്ഥയെന്നുറപ്പാണ്. പാവകളെപ്പോലെ പണിയെടുക്കുകയാണ് എല്ലാവരും,’ഗായത്രി പറയുന്നു.

content highlights: None of them are without a position or opinion, so as not to lose the opportunity to remain silent: Gayathri varsha

We use cookies to give you the best possible experience. Learn more