ഷഫീക്ക് എച്ച്.
കൊച്ചി: ഇതുവരെ ഇന്ത്യയില്‍ താന്‍ അനുഭവിച്ചത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും മരണം വരെ ഇനി ഇന്ത്യയിലേയ്ക്കില്ലെന്നും മാവോവാദി ബന്ധമാരോപിച്ച് കേരളാപോലീസ് കസ്റ്റഡിയിലെടുത്ത സ്വിസ് പൗരന്‍ ജൊനാഥന്‍ ബൗദ് (24). ജൊനാഥന്റെ അഭിഭാഷകനായ അഡ്വ. സഗീര്‍ ഡൂള്‍ ന്യൂസിനോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജൊനാഥന്റെ ജാമ്യത്തിനുവേണ്ടിയുള്ള നടപടികള്‍ പുരോഗമിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അറസ്റ്റിലായ ജൊനാഥനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന മാവോവാദ ബന്ധം സ്ഥിരീകരിക്കാന്‍ ഇതുവരെയും പോലീസിന് കഴിഞ്ഞില്ല.അദ്ദേഹത്തിനെതിരെ ആവശ്യമായ തെളിവുകളൊന്നും പോലീസിന് ലഭിച്ചിട്ടില്ല.
സ്വിസ് അക്കാദമിക വൃത്തങ്ങളില്‍ ജൊനാഥന്‍ ബൗദിന്റെ പേര് സുപരിചിതമാണ്. അദ്ദേഹം യുവഗവേഷകനും സാമൂഹ്യപ്രവര്‍ത്തകനുമാണ്. -കെ.പി.സേതുനാഥ്
അതേസമയം സ്വിറ്റ്‌സര്‍ലന്റിലെ പ്രശസ്ത സര്‍വ്വകലാശാലയിലെ ഒരു ഗവേഷക വിദ്യാര്‍ത്ഥിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമാണ് ജൊനാഥന്‍ എന്നാണ് അറിയാന്‍ കഴിഞ്ഞിരിക്കുന്നത്.
വാര്‍ത്ത ഇംഗ്ലീഷില്‍ വായിക്കാന്‍:
“സ്വിസ് പൊളിറ്റിക്കല്‍ സയന്‍സ് റിവ്യൂ” എന്ന പ്രസിദ്ധ പൊളിറ്റിക്കല്‍ ജേര്‍ണല്‍ ജൊനാഥന്റെ പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജേണലിന്റെ 2013 മാര്‍ച്ച് ലക്കത്തിലാണ് (വോള്യം 19, ഇഷ്യൂ 1, പേജ് 106-107) അദ്ദേഹത്തിന്റെ പ്രബന്ധം പ്രസിദ്ധീകരിച്ചിരിക്കുന്നത്. “Direct Action, Deliberation, and Diffusion. Collective Action after the WTO Protests” എന്നാണ് പ്രബന്ധത്തിന്റെ പേര്.
സ്വസ് അക്കാദമിക വൃത്തങ്ങളില്‍ ജൊനാഥന്‍ ബൗദിന്റെ പേര് സുപരിചിതമാണെന്നും അദ്ദേഹം യുവഗവേഷകനും സാമൂഹ്യപ്രവര്‍ത്തകനുമാണെന്നും പ്രശസ്ത പത്രപ്രവര്‍ത്തകനും സാമ്പത്തിക വിദഗ്ധനും രാഷ്ട്രീയ നിരീക്ഷകനുമായ കെ.പി. സേതിനാഥ് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്വിറ്റ്‌സര്‍ലന്റിന്റെ സാമ്പത്തിക ചരിത്രം, പാശ്ചാത്യ രാജ്യങ്ങളിലെ കമ്മ്യൂണിസം എന്നീ വിഷയങ്ങളിലാണ് ജോനാഥന്‍ ഗവേഷണം നടത്തുന്നത്. അതിന്റെ ഭാഗമായ പഠനങ്ങള്‍ക്കാണ് അദ്ദേഹം ഇന്ത്യ സന്ദര്‍ശിച്ചിരിക്കുന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞത്.
സ്വിസ് പൊളിറ്റിക്കല്‍ സയന്‍സ് റിവ്യൂവിന്റെ 2013 മാര്‍ച്ച് ഓണ്‍ലൈന്‍ ലക്കത്തിന്റെ ഉള്ളടക്കം പേജ്. ജൊനാഥന്‍ ബൗദിന്റെ ലേഖനം ഉള്‍പ്പെടുത്തിയിരിക്കുന്നത് വൃത്തത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നു: |
ട്രിബ്യൂണെ ഡി ജനീവ എന്ന വെബ്‌സൈറ്റില്‍ ജൊനാഥനുമായുള്ള ഒരു സംവാദം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ബൗധികതയും രാഷ്ട്രീയ പ്രാമുഖ്യവും സാമൂഹ്യ പ്രതിബദ്ധതയും വ്യക്തമാവുന്നതാണ് അതിലെ സംവാദം. “യുവാക്കള്‍ ജനീവയില്‍ തൊഴിലന്വേഷിക്കുന്നത് ഒരു നരകമോ?” എന്നാണ് സംവാദത്തിന് വെബ്‌സൈറ്റ് നല്‍കിയിരിക്കുന്ന തലവാചകം.
യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മയുടെ പ്രശ്‌നമാണ് സംവാദത്തില്‍ അദ്ദേഹം ചര്‍ച്ചചെയ്യുന്നത്. വികസിക്കാനുള്ള അവകാശത്തെ അദ്ദേഹം ഒരു കേക്കിനോട് ഉപമിച്ചുകൊണ്ടാണ് സംവാദത്തില്‍ തന്റെ നിലപാടുകള്‍ പങ്കുവെയ്ക്കുന്നത്. അത് ഇങ്ങനെയാണ്;
“അതെ, ഇത് ഒരു വലിയ കേക്കിനെപ്പോലെയാണ്. എല്ലാര്‍ക്കുമായി പങ്കുവെയ്‌ക്കേണ്ട കേക്ക്. വാസ്തവമെന്താണ്? കേക്ക് വലുതാവുന്നുണ്ട്. എന്നാല്‍ അത് ഒരു ന്യൂനപക്ഷം മാത്രമ ഭക്ഷിക്കുന്നുള്ളൂ. ബഹുഭൂരിപക്ഷത്തിനും അത് ലഭിക്കുന്നില്ല. യുവാക്കള്‍ക്ക് അതില്‍ നക്കിനോക്കാനെങ്കിലും ഉള്ള അവകാശം ഉണ്ടായിരിക്കണം.”
“തൊഴില്‍ബന്ധങ്ങളുടെ വ്യക്തിവല്‍ക്കരണത്തിന്റേതായ ഇന്നത്തെക്കാലത്ത് യുവാക്കളെ മാത്രമായി ഉപേക്ഷിക്കാനാവില്ല. പരസ്പര സഹായത്തിന്റേതായ രീതികള്‍ വികസിപ്പിക്കുകയാണ് വേണ്ടത്. അതിന് തൊഴില്‍ ദാതാക്കളുടെ വിമോചനം വരെ കാത്തിരിക്കാനുമാവില്ല.”
മാവോയിസ്റ്റ് നേതാവ് ഷിനോജിന്റെ അനുസ്മരണ പരിപാടിയെകുറിച്ചുള്ള പോസ്റ്റര്‍
കര്‍ണ്ണാടകവും കേരളവും സന്ദര്‍ശിക്കാനായിരുന്നു ജൊനാഥന്റെയും സുഹൃത്തിന്റെയും പദ്ധതി. കര്‍ണാടകത്തില്‍ സന്ദര്‍ശനം കഴിഞ്ഞ് കേരളത്തില്‍ എത്തിയപ്പോഴാണ് “ഡെക്കാണ്‍ ക്രോണിക്കിള്‍” എന്ന പത്രത്തില്‍ നിന്നും മാവോയ്‌സ്റ്റ് ഷിനോജിന്റെ അനുസ്മരണ പരിപാടിയുമായി ബന്ധപ്പെട്ട വാര്‍ത്ത അറിയുന്നത്. ഇതേ തുടര്‍ന്ന് തന്റെ ഗവേഷണ താല്‍പര്യം മുന്‍നിര്‍ത്തി അദ്ദേഹം തൃപ്രയാറില്‍ വരികയായിരുന്നെന്നും അഡ്വ. സഗീര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.ജോനാഥന്‍ ആ പരിപാടിയില്‍ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചിരുന്നുവെന്ന പോലീസിന്റെ വാദങ്ങളെ പരിപാടി സംഘാടകര്‍ നിഷേധിച്ചിരിക്കുകയാണ്. ഷിനോജ് അനുസ്മരണ സമിതി അദ്ധ്യക്ഷനും രാഷ്ട്രീയ തടവുകാരെ വിട്ടയക്കാനുള്ള സമിതിയുടെ പ്രസിഡന്റും പരിപാടിയിലെ മുഖ്യ പ്രഭാഷകനുമായിരുന്ന എം.എന്‍ രാവുണ്ണി പുറത്തുവിട്ട പത്രക്കുറിപ്പിലാണ് പോലീസിന്റെ ഈ ആരോപണം തള്ളിയിരിക്കുന്നത്. “ഞാന്‍ ഷിനോജ് അനുസ്മരണസമിതി ചെയര്‍മാനും പരിപാടിയിലെ മുഖ്യ പ്രഭാഷകനുമാണ്. അധ്യക്ഷനെന്ന നിലയില്‍ തന്നെ ഞാന്‍ പറയട്ടെ ജൊനാഥന്‍ ആ പരിപാടിയില്‍ ക്ഷണിക്കപ്പെട്ടിട്ടുള്ള വ്യക്തിയോ പ്രഭാഷകനോ ആയിരുന്നില്ല. മാത്രവുമല്ല അദ്ദേഹം പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിച്ചിട്ടുമില്ല.” അദ്ദേഹം പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
പാശ്ചാത്യ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ കുറിച്ചാണ് അദ്ദേഹം ഗവേഷണം ചെയ്യുന്നത് എന്നതുകൊണ്ട് ലോകത്തെങ്ങുമുള്ള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ കുറിച്ച് അദ്ദേഹത്തിന് താല്‍പര്യമുണ്ടാവുക സ്വാഭാവികമാണല്ലോ. കമ്മ്യൂണിസവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിയാന്‍ ജോനാഥന് താല്‍പര്യമുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ വീക്ഷിക്കാനും അവയുടെ പ്രവര്‍ത്തന രീതികളറിയാനും അദ്ദേഹം ശ്രമിക്കാറുണ്ട്.
ജനീവ: യുവാക്കള്‍ അനുഭവിക്കുന്ന തൊഴില്‍ പ്രശനത്തെ പറ്റിയുള്ള സംവാദത്തില്‍ ജൊനാഥന്‍ ബൗദ്
സംഭവത്തെ കുറിച്ച് ജൊനാഥന്റെ അഭിഭാഷകന്‍ പറയുന്നതിങ്ങനെ:
“ജൊനാഥന്‍ തന്റെ കൂട്ടുകാരിയായ വലേറിയുമൊത്ത് ഇന്ത്യയില്‍ ആദ്യമായി കേരളം കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിയതാണ്.”
“കര്‍ണാടകയുടെ ചിലഭാഗങ്ങള്‍ സന്ദര്‍ശിച്ച ശേഷം കേരളത്തിലേയ്ക്ക് വരികയും കണ്ണൂരുണ്ടാവുകയും ചെയ്തു. കണ്ണൂരില്‍ പിണറായി വിജയന്‍ പങ്കെടുത്ത പരിപാടിയില്‍ അദ്ദേഹവും പങ്കെടുത്തിരുന്നു. അതിനെ കുറിച്ച് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തിരുന്നു.”
“പാശ്ചാത്യ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ കുറിച്ചാണ് അദ്ദേഹം ഗവേഷണം ചെയ്യുന്നത് എന്നതുകൊണ്ട് ലോകത്തെങ്ങുമുള്ള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ കുറിച്ച് അദ്ദേഹത്തിന് താല്‍പര്യമുണ്ടാവുക സ്വാഭാവികമാണല്ലോ. കമ്മ്യൂണിസവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിയാന്‍ ജോനാഥന് താല്‍പര്യമുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ വീക്ഷിക്കാനും അവയുടെ പ്രവര്‍ത്തന രീതികളറിയാനും അദ്ദേഹം ശ്രമിക്കാറുണ്ട്.”
ഡക്കാണ്‍ ക്രോണിക്കിളില്‍ 2014 ജൂലൈ 26 ന് 5-ാം പേജില്‍ വന്ന ഷിനോജ് അനുസ്മരണത്തിന്റെ വാര്‍ത്ത |
“അദ്ദേഹത്തിന് മലയാളം അറിയില്ല. ഇംഗ്ലീഷ് വളരെ കുറച്ച് മാത്രമേ മനസ്സിലാവുകയുള്ളു. അദ്ദേഹത്തിന്റെ പ്രധാന ഭാഷ ഫ്രഞ്ച് ആണ്. ഇന്ത്യയില്‍ വെച്ച് അദ്ദേഹം വായിക്കുന്ന പത്രം “ഡക്കാന്‍ ക്രോണിക്കിള്‍” എന്ന ഇംഗ്ലീഷ് പത്രമാണ്. 26-ാം തീയതിയിലെ ഡക്കാന്‍ ക്രോണിക്കിളില്‍ ഒരു വാര്‍ത്തയുണ്ടായിരുന്നു. അത് ശ്രദ്ധിക്കപ്പെടുന്ന വാര്‍ത്ത തന്നെയായിരുന്നു. ബോംബു പൊട്ടി കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് ഷിനോജിന്റെ അനുസ്മരണ പരിപാടിയെ കുറിച്ചുള്ളതായിരുന്നു വാര്‍ത്ത.”
“വാര്‍ത്തയില്‍ മാവോയിസ്റ്റ് എന്നു കണ്ടപ്പോള്‍ വ്യത്യസ്ത മാവോയിസ്റ്റുകളെ കുറിച്ച് വായിച്ചറിഞ്ഞിട്ടുള്ള ജോനാഥന് ആകാംക്ഷയുണ്ടാവുകയും പരിപാടി കാണാന്‍ വേണ്ടി തൃപ്രയാറില്‍ വരികയുമായിരുന്നു. മുമ്പ് നക്‌സലൈറ്റ് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്നവരാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. തൃപ്രയാറിലെ ഒരു ബുക്ക്‌ഷോപ്പില്‍ കയറി പത്രം കാണിച്ചാണ് സ്ഥലം തന്നെ കണ്ടുപിടിക്കുന്നത്. അങ്ങനെ അദ്ദേഹം സ്‌കൂളില്‍ എത്തി.”
“തികച്ചും അപരിചിതനായ ഒരു വിദേശിയെ കണ്ടപ്പോള്‍ സ്വാഭാവികമായും സംഘാടകര്‍ അദ്ദേഹത്തെ കുറിച്ച് തിരക്കി. മാത്രവുമല്ല ആറടിയില്‍പരം പൊക്കമുള്ള ജൊനാഥന്‍ അവിടെ കൂടിയവരില്‍ കൗതുകമുണര്‍ത്തുകയും ചെയ്തിരുന്നു. അദ്ദേഹം അവിടെ ഇരിക്കുകയും അവിടെ സംസാരിച്ച “മലയാളം” മുഴുവനും കേള്‍ക്കുകയും ചെയ്തു.”
“പരിപാടിക്ക് ശേഷം സ്ഥലത്തു നിന്നും പോകാന്‍ നേരം പോലീസ് അദ്ദേഹത്തിന്റെ യാത്രാരേഖകള്‍ ചോദിച്ചു. ആ സമയം അദ്ദേഹം തന്റെ പാസ്‌പോര്‍ട്ടും വിസയും എടുക്കാന്‍ മറന്നുപോയിരുന്നു. താന്‍ താമസ്സിക്കുന്ന സ്ഥലത്ത് രേഖകളെല്ലാം ഉണ്ടെന്ന് ജോനാഥന്‍ പോലീസിനെ അറിയിച്ചു.”
“ഇന്ത്യയില്‍ നിലനില്‍ക്കുന്ന നിയമം അനുസരിച്ച് ഒരു വിദേശപൗരന്റെ കൈവശം യാത്രാ രേഖകള്‍ ഇല്ലെങ്കില്‍ അത് ഹാജരാക്കാന്‍ അയാള്‍ക്ക് 24 മണിക്കൂര്‍ സമയം നല്‍കണം. ആദ്യത്തെ 24 മണിക്കൂറിനുള്ളില്‍ ഹാജരാക്കാന്‍ സാധിച്ചില്ലെങ്കില്‍ പോലും ബന്ധപ്പെട്ട അധികാരികള്‍ക്ക് ബോധ്യപ്പെടുകയാണെങ്കില്‍ അടുത്ത 24 മണിക്കൂറുകള്‍ കൂടി അനുവദിക്കുകയും ചെയ്യാം. അതൊന്നും തന്നെ ജൊനാഥന്റെ കാര്യത്തില്‍ നടന്നിട്ടില്ല. 5 മണിക്കൂറുകള്‍ പോലും അദ്ദേഹത്തിന് നല്‍കിയിട്ടില്ല.”
ജൊനാഥന്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായ ശേഷം പുറത്തേക്ക് വരുന്നു.
“പിന്നീട് അദ്ദേഹത്തിന്റെ കൂട്ടുകാരിയെ വിളിച്ചു വരുത്തി. അവരുടെ കൈയ്യില്‍ നിന്നും പാസ്‌പോര്‍ട്ടൊക്കെ പോലീസിന് ലഭിച്ചിരുന്നു. എന്നിട്ടും പോലീസിന് മതിയാവാതെ ജൊനാഥന് മാവോവാദി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അദ്ദേഹം ഒരു നിരപരാധിയാണ്. “താന്‍ പല വിദേശരാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായാണ്. ഇവിടെ കടുത്ത മനുഷ്യാവകാശലംഘനമാണ് എനിക്ക് നേരിടേണ്ടി വന്നത്. മരണം വരെ ഞാന്‍ ഇനി ഇന്ത്യയിലേയ്ക്കില്ല.” ” എന്നാണ് ജോനാഥന്‍ എന്നോട് അവസാനമായി നടത്തിയ പ്രസ്താവന.
എ.വാസു, എം.എന്‍ രാവുണ്ണി എന്നിവര്‍ ഷിനോജ് അനുസ്മരണ പരിപാടിയെ അഭിസംബോധന ചെയ്യുന്നു. |
പ്രമുഖ മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റും എം.എല്‍ പ്രസ്ഥാനങ്ങളുടെ സ്ഥാപക നേതാവുമായിരുന്ന ചാരൂ മജുംദാറിന്റെ രക്തസാക്ഷി ദിനമായ ജൂലൈ 28നാണ് തൃപ്രയാര്‍ എസ്.എന്‍.ഡി.പി. എല്‍.പി. സ്‌കൂളില്‍ ഷിനോജ് അനുസ്മരണം നടന്നത്. മുന്‍ നക്‌സലൈറ്റ് നേതാവും ഗ്രോ ട്രേഡ് യൂനിയന്‍ നേതാവുമായ എ. വാസുവായിരുന്നു പരിപാടി ഉദ്ഘാടനം ചെയ്തിരുന്നത്. എം.എന്‍. രാവുണ്ണി, ടി.എന്‍. ജോയ് എന്നീ സാമൂഹ്യപ്രവര്‍ത്തകരും പങ്കെടുത്തിരുന്നു.
ജൊനാഥനും കൂട്ടുകാരി വലേറിയും വിദ്യാര്‍ത്ഥി വിസയിലാണ് ഇന്ത്യയിലെത്തിയിരുന്നത്. യാത്രാരേഖകളൊക്കെ കൃത്യമാണെന്നാണ് പോലീസ് വ്യക്തമാക്കിയിട്ടുള്ളത്. ജൊനാഥന്റെ കൈയ്യില്‍ നിന്ന് പിടിച്ചെടുത്ത പുസ്തകങ്ങളൊക്കെത്തന്നെ ഗവേഷണഭാഗമായി വാങ്ങിയതാണെന്നും പോലീസിന് അറിയാന്‍ കഴിഞ്ഞിരിക്കുന്നു. ജൊനാഥന് മാവോവാദി ബന്ധങ്ങളാരോപിക്കാന്‍ കഴിയുന്ന യാതൊരു വിവരവും കിട്ടിയിട്ടുമില്ല.
[]എന്നിട്ടും അദ്ദേഹത്തെ ഇനിയും കസ്റ്റഡിയില്‍ വെച്ചിരിക്കുന്നത് നിയമവിരുദ്ധവും മനുഷ്യാവകാശലംഘനവും മാത്രമാണ്. ഇന്ന് ജൊനാഥനെ കസ്റ്റഡിയില്‍ വിടും. അഭിഭാഷകന്റെയും ഒരു ദ്വിഭാഷിയുടെയും സാന്നിധ്യത്തില്‍ മാത്രമേ ജൊനാഥനെ ചോദ്യം ചെയ്യാന്‍ പാടുള്ളു എന്ന് കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയുമാണ് . ഒരാഴ്ചകൊണ്ട് ജൊനാഥന് ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ജൊനാഥന്റെ അറസ്റ്റ്, ഷിനോജ് അനുസ്മരണപരിപാടി ഫോട്ടോകള്‍ക്ക് കടപ്പാട്: Tn Joy Tn എന്ന ഫേസ്ബുക്ക് പ്രൊഫൈല്‍
#JonathanBaud #Jonathan_Baud #Maoist Jonathan Baud