ഊട്ടുപുരയിലെ നോണ്‍ വെജ് വിഭവങ്ങള്‍; രുചിയൂറും കായികമേള
Kerala News
ഊട്ടുപുരയിലെ നോണ്‍ വെജ് വിഭവങ്ങള്‍; രുചിയൂറും കായികമേള
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th October 2023, 6:56 pm

കുന്നംകുളം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഊട്ടുപുരയില്‍ നോണ്‍ വെജ് വിഭവങ്ങള്‍ വിളമ്പാത്തതിനെ ചൊല്ലി സമൂഹ മാധ്യമങ്ങളില്‍ ഒട്ടനവധി വാദപ്രതിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സംസഥാന കായികമേളയിലെ ചിക്കനും ബീഫും നിറഞ്ഞ ഊട്ടുപുര വിവാദങ്ങളുടെ വായടപ്പിച്ചു. നോണ്‍ വെജ് വിഭവങ്ങള്‍ വിളമ്പിയതില്‍ കുട്ടികളും രക്ഷിതാക്കളും സംഘാടകരും ആവേശത്തിലായിരുന്നു.

അതേസമയം നോണ്‍ വെജ് വിഭവങ്ങള്‍ കായിക മേളയില്‍ മുന്‍പ് വിളമ്പിയിട്ടുണ്ടെന്നും പോഷക സമൃദ്ധമായ ഭക്ഷണം കുട്ടികള്‍ക്ക് കൊടുക്കുന്നതിലൂടെ ഞങ്ങളും വളരെ സന്തോഷത്തിലാണെന്ന് ടെന്‍ഡര്‍ നേടിയ കൊടകര സ്വദേശി അയ്യപ്പദാസ് പറഞ്ഞു.

രാവിലെ 10നും വൈകിട്ട് നാലിനും ചായയും ലഘു പലഹാരങ്ങളും നല്‍കും. വിഭവ സമൃദ്ധമായ ഉച്ചയൂണും രാത്രി ഇറച്ചിയും മീനും ഉള്‍പെടുന്ന ഭക്ഷണക്രമമാണ് കുട്ടികള്‍ക്കായി കലവറയില്‍ തയ്യാറക്കുന്നതെന്നും അയ്യപ്പദാസ് കൂട്ടിച്ചേര്‍ത്തു.

കുന്നംകുളം ഗവ. മോഡല്‍ ബോയ്‌സ് സ്‌കൂള്‍ സീനിയര്‍ ഗ്രൗണ്ടിലാണ് ഭക്ഷണ പന്തലും പത്ത് കൗണ്ടറുകളിലായി 1000 പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യങ്ങളുമാണ് ഒരുക്കിയിരുന്നത്.
കഴിഞ്ഞുപോയ കലോത്സവങ്ങളുടെ ഊട്ടുപുരയില്‍ നോണ്‍ വെജ് വിഭവങ്ങള്‍ മാത്രം വിളമ്പുന്നതുമായി ബന്ധപെട്ട് അനവധി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. കാലങ്ങളായി കലോത്സവ വേദികളിലെ ഊട്ടുപുരയുടെ ടെന്‍ഡര്‍ നേടിയിരുന്നത് പഴയിടം മോഹനന്‍ നമ്പൂതിരിയാണ്.

കലോത്സവത്തിന്റെ ഊട്ടുപുരയില്‍ മുന്നേ ഇല്ലാതിരുന്ന നിയന്ത്രണങ്ങള്‍ ഉണ്ടായതായും അത് ഭയപെടുത്തുന്നതുമാണെന്നും പഴയിടം പറഞ്ഞിരുന്നു. അതിനാല്‍ ഇനി വരുന്ന വര്‍ഷങ്ങളില്‍ ടെന്‍ഡര്‍ സ്വീകരിക്കില്ലെന്നും ഭക്ഷണ ക്രമം മാറ്റുന്നതില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാര്‍ ആണെന്നും പഴയിടം അന്ന് പ്രതികരിച്ചിരുന്നു.

എന്നാല്‍ ഭക്ഷണക്രമം മാറ്റുന്ന കാര്യത്തില്‍ രാഷ്ട്രീയ നേതാക്കളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. മാറ്റം വര്‍ഗീയതും വിഭാഗീയതും വളര്‍ത്തുന്നതിനാണെന്ന് ആരോപണം ഉയര്‍ന്നു. ഭക്ഷണത്തിന്റെ പേരില്‍ ഊട്ടുപുരയെ രണ്ടായി വിഭജിക്കാന്‍ കഴിയില്ലെന്നും ചില നേതാക്കള്‍ അഭിപ്രായപ്പെട്ടു.

വിവാദങ്ങള്‍ ഉയര്‍ന്നതോടെ അടുത്ത വര്‍ഷം മുതല്‍ കലോത്സവത്തിന് നോണ്‍ വെജ് വിഭവങ്ങള്‍ ഒരുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ഉറപ്പ് നല്‍കിയിരുന്നു.

 

Content Highlight: Non-veg pantry at sports fair