കഴിഞ്ഞ വര്‍ഷം വരെ “സ്വവര്‍ഗാനുരാഗം – കാരണങ്ങളും പരിഹാരവും” എന്ന പേരില്‍ ആരോഗ്യ പരിപാടികള്‍ നടത്തിയ ടെലിവിഷന്‍ ചാനലുകള്‍ ഉള്ള നാടാണ് കേരളം. സെക്ഷന്‍ 377നെതിരെ സുപ്രീം കോടതിയില്‍ നിന്നുതന്നെ നിരീക്ഷണങ്ങളുണ്ടായപ്പോള്‍ അതില്‍ പ്രതിഷേധിച്ച് സ്വവര്‍ഗരതിയെക്കുറിച്ചുള്ള അശാസ്ത്രീയ വിവരങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള എഡിറ്റോറിയലുകളും കഴിഞ്ഞ ദിവസങ്ങളില്‍ ദിനപ്പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
സ്വവര്‍ഗാനുരാഗത്തെ സ്വാഭാവികമായി അംഗീകരിച്ചുള്ള പല മുന്നേറ്റങ്ങളും ഉണ്ടായിട്ടും ഇന്നും കേരളം ഇതിനെ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ശാസ്ത്രീയ പഠനങ്ങള്‍ പലതും പ്രസിദ്ധീകരിക്കപ്പെട്ടിട്ടും ഇന്നും സ്വവര്‍ഗാനുരാഗത്തെ ചികിത്സിച്ചു ഭേദമാക്കാമെന്ന വാദവുമായി നിലനില്‍ക്കുന്ന ഒട്ടനവധി വ്യാജകേന്ദ്രങ്ങളും കേരളത്തിലുണ്ട്.
സ്വവര്‍ഗരതി മനുഷ്യന്റെ ലൈംഗികതയുടെ വ്യത്യസ്ത രീതികളിലൊന്നു മാത്രമാണെന്നും തികച്ചും സ്വാഭാവികമായ സ്വവര്‍ഗരതി ചികിത്സിച്ചു ഭേദമാക്കേണ്ട രോഗാവസ്ഥയല്ലെന്നും ഇന്ത്യന്‍ സൈക്ക്യാട്രിക് അസോസിയേഷന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പറഞ്ഞിരുന്നു. 1973ല്‍ അമേരിക്കന്‍ സൈക്ക്യാട്രിക് അസോസിയേഷനും 1992ല്‍ ലോകാരോഗ്യ സംഘടനയും സ്വവര്‍ഗാനുരോഗം ചികിത്സിച്ചു മാറ്റപ്പെടേണ്ട മാനസികാവസ്ഥയല്ലെന്ന് പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യയില്‍ സ്വവര്‍ഗരതിയെ ക്രിമിനല്‍ കുറ്റമാക്കുന്ന ഐ.പി.സി. സെക്ഷന്‍ 377 എടുത്തുമാറ്റുന്ന നടപടികളിലേക്ക് നീങ്ങുകയാണ് സുപ്രീം കോടതി.
നീതിന്യായ വ്യവസ്ഥയില്‍ നിന്നും ആരോഗ്യമേഖലയില്‍ നിന്നും സ്വാഗതാര്‍ഹമായ നിലപാടുകളുണ്ടായിട്ടും കേരളത്തിലെ സ്വവര്‍ഗാനുരാഗികള്‍ക്ക് സന്തോഷിക്കാന്‍ കഴിയാത്തത് ഇവിടെ നിലനില്‍ക്കുന്ന സ്വവര്‍ഗാനുരാഗത്തെക്കുറിച്ചുള്ള അബദ്ധധാരണകളുടെ സ്വാധീനം എത്രമാത്രമുണ്ടെന്ന് അറിയാവുന്നതുകൊണ്ടാണ്.
കേരളത്തില്‍, സ്വവര്‍ഗാനുരാഗികളാണെന്ന് തിരിച്ചറിഞ്ഞിട്ടും പുറത്തുപറയുന്നവരുടെ എണ്ണം വളരെ കുറവാണെന്ന LGBTQ+ ആക്റ്റിവിസ്റ്റുകള്‍ പല തവണ പറഞ്ഞിട്ടുണ്ട്. തുറന്നുപറഞ്ഞാല്‍ വീടുകളില്‍ നിന്നും ലഭിക്കാവുന്ന ശിക്ഷയേക്കാളും ഉപദേശങ്ങളെക്കാളും കൂടുതല്‍ ഭയക്കേണ്ടത് സ്വവര്‍ഗാനുരാഗം ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്ന പെരുമാറ്റദൂഷ്യമാണെന്ന രീതിയില്‍ ചികിത്സകള്‍ നല്‍കുന്ന വ്യാജസ്ഥാപനങ്ങളെയാണെന്നും ഇവര്‍ എടുത്തുപറയുന്നു.
സ്വവര്‍ഗാനുരാഗികളാണെന്ന് തുറന്ന് പറഞ്ഞവരില്‍ ഒട്ടുമുക്കാല്‍ പേരും വ്യാജ ചികിത്സകേന്ദ്രങ്ങളില്‍ നിന്നും അശാസ്ത്രീയവും ക്രൂരവുമായ ശിക്ഷാനടപടികളിലൂടെ കടന്നുപോയവരാണെന്നാണ് കണക്കുകള്‍. സമൂഹത്തില്‍ നിലനില്‍ക്കുന്ന സ്റ്റിഗമയും മറ്റു അബദ്ധധാരണകളെയുമെല്ലാം വെല്ലുവെളിച്ച സ്വന്തം സെക്ഷ്വല്‍ ഓറിയേന്റഷന്‍ തുറന്നുപറഞ്ഞവര്‍ പോലും ഓര്‍ക്കാനിഷ്ടപ്പെടാത്ത കാര്യമാണ് ഇത്തരം കേന്ദ്രങ്ങളില്‍ നിന്നുള്ള ദുരനുഭവങ്ങളെന്ന് LGBTIQ പ്രവര്‍ത്തകര്‍ പറയുന്നു.
Corrective rape, conversion therapy, aversion therapy തുടങ്ങി വിദേശരാജ്യങ്ങളില്‍ നിരോധിച്ച പല രീതികളും സ്വവര്‍ഗാനുരാഗികളില്‍ പ്രയോഗിക്കുന്ന നാട് കൂടിയാണ് കേരളം. മാനസികമായും ശാരീരികമായും കടുത്ത ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുന്ന രീതികളാണിവ.
“സ്ത്രീ സ്വവര്‍ഗാനുരാഗികളോട് പ്രയോഗിക്കുന്ന ഏറ്റവും നിഷ്ഠൂരമായ രീതികളിലൊന്നാണ് Corrective rape എന്നറിയപ്പെടുന്ന ലൈംഗികാതിക്രമം. സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികള്‍ പുരുഷനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാത്തതുകൊണ്ടാണെന്ന് പറഞ്ഞ് മാതാപിതാക്കളുടെ അറിവോടെ തന്നെ അടുത്ത ബന്ധുവിനെക്കൊണ്ടു തന്നെ നിര്‍ബന്ധിത ലൈംഗികബന്ധത്തിന്്, പീഡനത്തിന് തന്നെ വിധേയമാക്കുന്നതാണിത്. വീട്ടുകാരുടെയും ബന്ധുക്കളുടെയും അറിവോടെ നടക്കുന്നതിനാല്‍ ഈ കാര്യങ്ങള്‍ പുറത്തറിയില്ല.” LGBTIQ ആക്ടിവിസ്റ്റായ മുഹമ്മദ് ഉനൈസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
മന:ശാസ്ത്രത്തില്‍ ബിരുദമോ ബിരുദാനന്തരബിരുദമോ മാത്രം നേടി മന:ശാസ്ത്രഞ്ജര്‍ എന്ന് അവകാശപ്പെട്ട് വികലമായ ചികിത്സാരീതികള്‍ക്കൊണ്ട് ആളുകളെ വഞ്ചിക്കുന്ന നിരവധി പേര്‍ സമൂഹത്തിലുണ്ടെന്ന് സ്വവര്‍ഗാനുരാഗികളായ പലരും തങ്ങളുടെ അനുഭവം വെളിപ്പെടുത്തിക്കൊണ്ട് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ഇത്തരത്തില്‍ ചികിത്സ നല്‍കുന്ന മിക്കവരും മതം, ധ്യാനം, മൂല്യം, മൊറാലിറ്റി എന്നിവയിലൂന്നിയ കൗണ്‍സിലിങ്ങുകളാണ് ആദ്യം നല്‍കുക. ഹെട്രോസെക്ഷ്വാലിറ്റി വളര്‍ത്തിക്കൊണ്ടുവരുക എന്നതാണ് ഇതിന്റെയൊക്ക ലക്ഷ്യം. നിര്‍ബന്ധിത വിവാഹമാണ് ഇക്കൂട്ടര്‍ പറയുന്ന പ്രധാന പരിഹാരമാര്‍ഗം. അത്തരത്തില്‍ വിവാഹിതരായി കഴിയുന്ന നിരവധി പേരുണ്ട് കേരളത്തില്‍. വീട്ടുകാരിലും ഇത്തരം അബദ്ധ ധാരണകള്‍ കുത്തിനിറച്ച് ആത്മഹത്യഭീഷണിയിലും വധഭീഷണിയിലും വരെ കാര്യങ്ങള്‍ കൊണ്ടെത്തിക്കുന്നതിലും ഇവര്‍ക്ക് വലിയ പങ്കുണ്ട്. തിരുവനന്തപുരം ക്വീറിഥം LGBTIQ കമ്യൂണിറ്റി പ്രസിഡന്റായ പ്രിജിത്ത് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
കേരളത്തില്‍ ഇപ്പോഴും സ്വവര്‍ഗാനുരാഗികളെ “ചികിത്സിച്ചു ഭേദമാക്കുന്നതിനു” വേണ്ടി ഷോക്ക് ട്രീറ്റുകള്‍ നല്‍കപ്പെടുന്നുണ്ട്. വളരെ ഉയര്‍ന്ന ഡോസിലുള്ള മരുന്നുകള്‍ നല്‍കി ലൈംഗികശേഷി തന്നെ ഇല്ലാതാക്കുന്ന രീതിയും നിലനില്‍ക്കുന്നു. ഇവ പലരെയും ഉദ്ധരണം പോലും സംഭവിക്കാത്ത അവസ്ഥയിലെത്തിക്കാറുണ്ട്. കടുത്ത ക്ഷീണവും ബോധക്ഷയവും സൃഷ്ടിക്കുന്ന മരുന്നുകള്‍ വരെ ഇക്കൂട്ടത്തിലുണ്ടെന്നും പ്രിജിത്ത് കൂട്ടിച്ചേര്‍ത്തു. ശാരീരികമായി ഉപദ്രവിക്കുന്ന കേന്ദ്രങ്ങളും കേരളത്തിലുണ്ട്.
ലൈംഗികതയെപ്പറ്റി തുറന്ന ചര്‍ച്ചകള്‍ നടക്കാത്ത കേരളത്തില്‍ സ്വവര്‍ഗാനുരാത്തെ സംബന്ധിച്ച് നിലനില്‍ക്കുന്ന തെറ്റായ വീക്ഷണങ്ങളും അറിവില്ലായ്മയും ചൂഷണം ചെയ്താണ് പല കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നത്. മിക്കവരിലും സ്വവര്‍ഗാനുരാഗിയാണെന്ന് തിരിച്ചറിയുന്ന സമയത്ത് ഇതിനെപ്പറ്റി കൃത്യമായ ധാരണയുണ്ടാകാറില്ല. ഇവരെയും അജ്ഞരായ മാതാപിതാക്കളെയും ചൂഷണം ചെയ്യുകയാണ് വ്യാജ കേന്ദ്രങ്ങള്‍.
സ്വവര്‍ഗാനുരാഗം ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കുമെന്ന് വാദിക്കുന്ന കേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുകളുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്തുവന്നിട്ടുണ്ട്. സ്വവര്‍ഗരതി ശീലക്കേട് മാത്രമാണെന്നും ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുമെന്നും വ്യാജപ്രചരണം നടത്തുന്ന ഡോക്ടര്‍ക്കെതിരെ LGBTIQ ക്വിരേള പ്രവര്‍ത്തകര്‍ രംഗത്തുവന്നതിനെ തുടര്‍ന്നാണ് ഐ.എം.എയിലെ ഡോക്ടര്‍മാര്‍ സ്വവര്‍ഗരതി സ്വാഭാവികമായ കാര്യമാണെന്നും ചികിത്സിച്ചു ഭേദമാക്കേണ്ട രോഗമല്ലെന്നും വ്യക്തമാക്കിയത്. ഇത്തരം രീതികള്‍ തികച്ചും അശാസ്ത്രീയമാണെന്ന ഐ.എം.എ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിരുന്നു.
അശാസ്ത്രീയമായ കൗണ്‍സിലിങ്ങും മറ്റു രീതികളും സ്വവര്‍ഗാനുരാഗികളില്‍ കടുത്ത മാനസിക സമ്മര്‍ദമുണ്ടാക്കുമെന്നും അനാവശ്യമായ കുറ്റബോധം അടിച്ചേല്‍പിക്കുമെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മന:ശാസ്ത്രഞ്ജനായ ഡോ.അരുണ്‍ ബി. നായര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. ഇത്തരം അശാസ്ത്രീയ രീതികള്‍ക്ക് വിധേയരായ പലരിലും കടുത്ത നിരാശാബോധവും ഉത്കണ്ഠയും സൃഷ്്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് പ്രവര്‍ത്തിക്കുന്ന ഇത്തരമൊരു കേന്ദ്രത്തില്‍ നിന്നും നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ സ്വവര്‍ഗാനുരാഗിയായ വ്യക്തി വെളിപ്പെടുത്തിയ കാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നവയായിരുന്നു. പല നിറങ്ങളിലുള്ള ബള്‍ബുകള്‍ കത്തിച്ച റൂമില്‍ പിടിച്ചിരുത്തി ബാല്യകാലം മുതലുള്ള അനുഭവങ്ങള്‍ എഴുതി നല്‍കാന്‍ ആവശ്യപ്പെടും. സ്വകാര്യ വിവരങ്ങള്‍ വ്യാജനായ ഈ ഡോക്ടര്‍ക്ക് അറിയാമെന്നതുകൊണ്ട് പിന്നീട് ഇതിനെതിരെ പ്രതികരിക്കാന്‍ ആരും തന്നെ മുന്നോട്ട് വരില്ലെന്നും മാധ്യമങ്ങളോട് ഇദ്ദേഹം പറഞ്ഞിരുന്നു.
വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഈ കേന്ദ്രം നടത്തിയിരുന്ന ഡോക്ടര്‍ താന്‍ മുന്‍പ് പറഞ്ഞ വാദങ്ങളെല്ലാം പിന്‍വലിക്കുകയും ഇതിനെക്കുറിച്ച് പറഞ്ഞ പല വീഡിയോകളും പിന്‍വലിക്കുകയും ചെയ്തിരുന്നു.
പല മത കേന്ദ്രങ്ങളുടെയും മതകേന്ദ്രങ്ങള്‍ നടത്തുന്ന ഡിഅഡിക്ഷന്‍ സെന്ററുകളുടെയും മറവില്‍ സ്വവര്‍ഗരതിക്കാരെയും ട്രാന്‍സ്‌ജെന്‍ഡറുകളെയും അശാസ്ത്രീയ കൗണ്‍സിലിങിനു വിധേയമാക്കുന്ന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആക്ടിവിസ്റ്റുകള്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
അശാസ്ത്രീയമായി കൗണ്‍സിലിങ്ങുകള്‍ നടത്തുന്ന വ്യാജവാര്‍ത്ത ഡോക്ടര്‍മാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടായാലെ ആരോഗ്യരംഗത്തുനിന്ന് സ്വവര്‍ഗാനുരാഗികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരമാവുകയുള്ളു എന്ന് ഡോ. അരുണ്‍ ബി നായര്‍ അഭിപ്രായപ്പെട്ടു.
സുപ്രീം കോടതിയില്‍ 377 എടുത്തുമാറ്റിയാലും ഇഷ്ടമുള്ള പങ്കാളിയെ തെരഞ്ഞെടുക്കുന്നതിന് അംഗീകാരം നല്‍കിയാലും കേരളത്തിലെ സ്വവര്‍ഗാനുരാഗികളുടെ കാര്യത്തില്‍ മാത്രം വലിയ മാറ്റങ്ങളുണ്ടാവുകയില്ല. അശാസ്ത്രീയ ചികിത്സാരീതികളുമായി മുന്നോട്ട് പോകുന്ന കേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ ആരോഗ്യരംഗത്തു നിന്നു തന്നെ ഉണ്ടാകണം. എന്നാല്‍ മാത്രമേ ഈ കോടതി നടപടികൊണ്ട് ഫലമുണ്ടാവുകയുളളുവെന്നും ഇതൊരു നീണ്ട പോരാട്ടമായിരിക്കുമെന്നും LGBTIQ ആക്ടിവിസ്റ്റ് ജിജോ കുര്യാക്കോസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു