കൊച്ചി: മതരഹിതര്‍ക്കും സാമ്പത്തിക സംവരണത്തിന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. ആനുകൂല്യം ലഭ്യമാക്കാനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ ഉടന്‍ രൂപം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
മതമില്ലെന്ന് അവകാശപ്പെട്ടതിന്റെ പേരില്‍ ആനുകൂല്യം നിഷേധിക്കുന്നതിനെതിരെ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ നിര്‍ണായക ഉത്തരവ്.
മതരഹിതരെന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നവരില്‍ അര്‍ഹരായവര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണത്തിന് അര്‍ഹതയുണ്ട്. ഇത് ഭരണഘടനാപരമായ അവകാശമാണ്. ഒരു മതത്തിലും ജാതിയിലും ഉള്‍പ്പെട്ടിട്ടില്ല എന്നതിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ തടയരുത്. പുരോഗമനവാദികളെന്ന് അവകാശപ്പെടുന്ന സര്‍ക്കാരിന് ഒരിക്കലും അത് നിഷേധിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
തങ്ങളും മക്കളും മതരഹിതരാണെന്ന് ചിലര്‍ പ്രഖ്യാപിച്ചത് ഭരണഘടനാപരമായ ലക്ഷ്യത്തിലേക്കുള്ള ധീരമായ ചുവടുവെപ്പാണ്. പിന്നാക്ക, ന്യൂനപക്ഷ വിഭാഗക്കാര്‍ക്കുള്ള ആനുകൂല്യം ഇവര്‍ ആവശ്യപ്പെടുന്നില്ല. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഭരണഘടനാ വിധേയമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ മാത്രമാണ് അവര്‍ക്ക് വേണ്ടത്.
പദവിയിലും സൗകര്യങ്ങളിലും അവസരങ്ങളിലും വരുമാനത്തിലും വ്യക്തികള്‍ തമ്മിലുള്ള അസമത്വം ഇല്ലാതാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തേണ്ടത്. സമുദായം, ജാതി എന്നിവക്ക് പരിഗണന നല്‍കിക്കൊണ്ടാകരുത് ഈ നടപടികള്‍. വിവിധ മേഖലകളിലെ അസമത്വം ഏറ്റവും നന്നായി വിലയിരുത്താനാവുന്നത് സംസ്ഥാന സര്‍ക്കാരിനായതിനാല്‍ സംവരണം നല്‍കുന്നതിലെ തുല്യതക്കുള്ള രീതികള്‍ വിലയിരുത്തേണ്ടതും അവരാണെന്നും കോടതി അഭിപ്രായപ്പെട്ടു.