ഇടത് പക്ഷ സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസം സംരക്ഷണത്തിനുള്ള വിപ്ലവകരമായ തീരുമാനമാണ് 1800 ഓളം അനധികൃത സ്‌കൂളുകള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ പൂട്ടുമെന്നത്. എന്നാല്‍ ഈ തീരുമാനത്തിന് അധികം ആയുസുണ്ടായില്ല. വിദ്യാര്‍ത്ഥികളുടെ ഭാവിയെന്ന പരിഗണനയുടെ അടിസ്ഥാനത്തില്‍ ഉത്തരവ് പുനപരിശോധിച്ചു. ഇതിന്റെ മറപിടിച്ച് യാതൊരു മാനദണ്ഡവും പാലിക്കാതെ പ്രവര്‍ത്തിക്കുന്ന നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്. ഇതിലൊന്നാണ് തൃശൂര്‍ ജില്ലയിലെ ചേര്‍പ്പ് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന “ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍”.
ഹയാത്ത് ചാരിറ്റബള്‍ ട്രസ്റ്റിന്റെ കീഴിലുള്ള സ്‌കൂള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നതും നിര്‍മ്മാണം നടത്തുന്നതും പഞ്ചായത്തിന്റെ അനുമതിയില്ലാതെയുമാണെന്ന് ചേര്‍പ്പ് പഞ്ചായത്ത് സെക്രട്ടറി 28-06-2017 ല്‍ ചേര്‍പ്പ് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കെട്ടിട നിര്‍മാണം നടത്താന്‍ വേണ്ടി ലഭിച്ച രേഖങ്ങള്‍ വ്യാജമായി ഉണ്ടാക്കിയതാണെന്ന് പരിശോധനയില്‍ കണ്ടെത്തിയെന്നും പഞ്ചായത്തിന്റെ പരാതിയില്‍ പറയുന്നുണ്ട്.
ചേര്‍പ്പ് പഞ്ചായത്തിലെ 18ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന സ്‌കൂള്‍ നില്‍ക്കുന്ന സ്ഥലം ബി.ഡി.ആര്‍ രജിസ്റ്റര്‍ പ്രകാരം നിലമാണ്. സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം തണ്ണീര്‍തട പ്രദേശമാണെന്നും അധികൃതര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പഞ്ചായത്ത് നടപടിയ്ക്ക് പുറമെ ജില്ലാ കളക്ടറുടെ ആവശ്യപ്രകാരം വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോയും നല്‍കി.
09-10-2017ല്‍ ഹയാത്ത് ചാരിട്രബള്‍ ട്രെസ്റ്റിന് നല്‍കിയ സ്റ്റോപ്പ് മെമ്മോയില്‍ പറയുന്നത് ഇപ്രകാരമാണ് “ഹയാത്ത് ചാരിറ്റബള്‍ ട്രസ്റ്റ് പേരില്‍ ചേര്‍പ്പ് വില്ലേജ് സര്‍വേ 233/6 ല്‍പ്പെട്ട നിലം ഭൂമിയില്‍ ചേര്‍പ്പ് ഗ്ലോബല്‍ സ്‌കൂള്‍ കെട്ടിടം നിയമ വിരുദ്ധമായി പണിതു വരുന്നതായി പരാതി ലഭിക്കുകയും അന്വേഷണം നടത്തിയുട്ടുള്ളതുമാണ്. രേഖകള്‍ ഹാജരാക്കാന്‍ ഏഴ് ദിവസം സമയം അനുവദിക്കുന്നു”വെന്നും സ്റ്റോപ്പ് മെമ്മോയില്‍ പറയുന്നു.
സ്‌കൂള്‍ കെട്ടിട നിര്‍മാണത്തിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ചേര്‍പ്പ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സ്‌കൂള്‍ മാനേജ്മെന്റിനോട് കെട്ടിടം നിര്‍മാണത്തിനായി വാങ്ങിയ അനുമതിയുടെ രേഖകള്‍ ഹാജരാക്കാന്‍ 01-0-2017ല്‍ ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ മൂന്നിന് സ്‌കൂള്‍ മാനേജ്മെന്റ് ബില്‍ഡിങ് പെര്‍മിറ്റ് ഹാജരാക്കുകയും ചെയ്തു. എന്നാല്‍ 13-05-2017 ല്‍ പഞ്ചായത്ത് സെക്രട്ടറി നല്‍കിയെന്ന് അവകാശപ്പെടുന്ന കെട്ടിട നിര്‍മാണ പെര്‍മിറ്റ് വ്യാജമാണെന്ന് പഞ്ചായത്തിന്റെ പരിശോധനയില്‍ തെളിയുകയും ചെയ്തു.
3075/15 എന്ന നമ്പറില്‍ പഞ്ചായത്തില്‍ നിന്ന് ഒരു അനുമതിയും നല്‍കിയിട്ടില്ല. പെര്‍മിറ്റിലുള്ള പഞ്ചായത്ത് സെക്രട്ടറിയുടെ ഒപ്പ് വ്യാജമാണെന്നും ബില്‍ഡിങ് രജിസ്റ്ററില്‍ രേഖപ്പെടുത്താതെ പെര്‍മിറ്റ് ലഭ്യമാക്കി നല്‍കിയതില്‍ പഞ്ചായത്തിലെ ഒരു ഉദ്യോഗസ്ഥന്റെ പങ്ക് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വ്യാജ രേഖ ചമച്ചതിനെതിരെ സ്‌കൂള്‍ മാനേജ്മെന്റിനെതിരെ പൊലീസില്‍ കേസ് നല്‍കിയത്. അഴിമതി കേസില്‍ ആറ് മാസം ജയില്‍ ശിക്ഷ അനുഭവിച്ച പഞ്ചായത്തിലെ ജീവനക്കാരന്‍ സ്‌കൂള്‍ മാനേജ്മെന്റില്‍ നിന്ന് രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയാണ് വ്യാജമായി കെട്ടിട നിര്‍മാണ പെര്‍മിറ്റ്, പഞ്ചായത്ത് അംഗീകരിച്ച പ്ലാന്‍ തുടങ്ങിയ രേഖകള്‍ നല്‍കിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
സ്‌കൂള്‍ മാനേജ്മെന്റ് ഹാജരാക്കിയ രേഖയില്‍ രേഖപ്പെടുത്തിയിട്ടുള്ള തിയ്യതി 13-05-2015 ആണ്. പഞ്ചായത്തില്‍ ഹാജരാക്കിയ രേഖകളിലുള്ള ഒപ്പ് രേഖപ്പെടുത്തിയിട്ടുള്ള അസി.എഞ്ചിനിയര്‍ ചേര്‍പ്പ് പഞ്ചായത്തില്‍ ചുമതല ഏല്‍ക്കുന്നതിന് മുമ്പുള്ളതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒപ്പ് രേഖപ്പെടുത്തിയിട്ടുള്ള തിയ്യതിയില്‍ സെക്രട്ടറിയുടെ ചുമതല വഹിച്ച ആര്‍. സുബ്രഹ്മണ്യത്തിന്റെ ഒപ്പ് അല്ലെന്ന് അന്വേഷിച്ച് ബോധ്യപ്പെട്ടുവെന്ന് പഞ്ചായത്ത് സെക്രട്ടറി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പെര്‍മിറ്റില്‍ അപേക്ഷ നല്‍കിയ തിയ്യതിയായി നല്‍കിയിട്ടുള്ളത് 03-03-2015 എന്നാണ്. ഈ തിയ്യതിയില്‍ പഞ്ചായത്ത് ഓഫീസില്‍ ഹയാത്ത് ട്രസ്റ്റില്‍ നിന്ന് അപേക്ഷ ലഭിച്ചിട്ടില്ലെന്നും പരാതിയില്‍ ചൂണ്ടികാട്ടുന്നു. മാനേജ്മെന്റ് നല്‍കിയ രേഖയില്‍ ഒപ്പ് രേഖപ്പെടുത്തിയിട്ടുള്ള അസി. എഞ്ചിനിയര്‍ ടിവി രേഖ ചേര്‍പ്പ് ഓഫീസില്‍ ജോലിയില്‍ പ്രവേശിച്ചത് 15-05-017നാണ്.
അതേ സമയം 2013 ല്‍ സ്‌കൂള്‍ കെട്ടിടം നിര്‍മിക്കാനായി ഹയാത്ത് മാനേജ്മെന്റിന് വേണ്ടി പി.എം. നിഷാദ് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ആ അപേക്ഷ പഞ്ചായത്ത് പരിശോധനയ്ക്ക് ശേഷം 26-07-2013ല്‍ അനുമതി നിഷേധിക്കുകയും ചെയ്തു. കെട്ടിട നിര്‍മാണത്തിനായി അപേക്ഷ സമര്‍പ്പിച്ച സ്ഥലം( റീ സര്‍വേ നമ്പര്‍ 232/2, 233/6) നിലമായതിനാല്‍ അനുവദിക്കാനാവില്ലെന്നാണ് പഞ്ചായത്ത് അപേക്ഷ മടക്കി കൊണ്ട് നല്‍കിയ മറുപടിയില്‍ പറയുന്നു.
വ്യാജ രേഖ ചമച്ച് അനധികൃത നിര്‍മാണം നടത്തിയെന്ന പഞ്ചായത്തിന്റെ പരാതിയില്‍ ചേര്‍പ്പ് പൊലീസ് 23-07-2017ല്‍ കേസെടുക്കുകയും ചെയ്തു. ഐ.പി.സി 1860 ലെ 420, 465, 468, 471 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്ട്രര്‍ ചെയ്തത്. 0713 എന്ന നമ്പറില്‍ ചേര്‍പ്പ് പൊലീസ് രജിസ്ട്രര്‍ ചെയ്ത എഫ്.ഐ.ആറില്‍ പറയുന്നത് ഇപ്രകാരമാണ് “പ്രതി ചേര്‍പ്പിലുള്ള ഹയാത്ത് ചാരിറ്റബിള്‍ ട്രസ്റ്റിന് വേണ്ടി ചേര്‍പ്പ് വെസ്റ്റില്‍ പഞ്ചായത്തിന്റെ അനുമതിയില്ലാതെ കെട്ടിടം നിര്‍മ്മിച്ച് അതില്‍ ഗ്ലോബല്‍ പബ്ലിക് സ്‌ക്കൂള്‍ എന്ന സ്ഥാപനം നടത്തുകയും ചേര്‍പ്പ് പഞ്ചായത്ത് സെക്രട്ടറിയുടേയും ചേര്‍പ്പ് പഞ്ചായത്ത് എല്‍.എസ്.ജിഡി. അസിസ്റ്റന്റ് എഞ്ചിനിയറുടേയും വ്യാജ ഒപ്പും സീലും ഉണ്ടാക്കി അത് ഉപയോഗിച്ച് 13-05-2017 തിയ്യതി ചേര്‍പ്പ പഞ്ചായത്തിന്റെതായി വ്യാജ പെര്‍മിറ്റും പ്ലാനും ഉണ്ടാക്കി അത് ഉപയോഗിച്ച് അനധികൃതമായി കെട്ടിട നിര്‍മ്മാണം നടത്തി ചേര്‍പ്പ് പഞ്ചായത്തിനേയും ഉദ്യോഗസ്ഥരേയും മനപ്പൂര്‍വം ചതി ചെയ്തു.”
എ.ഐ.വൈ.എഫ് ചേര്‍പ്പ് മണ്ഡലം പ്രസിഡന്റ് ഷിഹാബ് കൃഷി മന്ത്രി വിഎസ് സുനില്‍ കുമാറിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പാടശേഖരത്തിലെ അനധികൃത കൈയ്യേറ്റം തടയാന്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി വിഎസ് സുനില്‍ കുമാര്‍ 29-07-2017ല്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ 28-10-2017ല്‍ ചേര്‍പ്പ് കൃഷി ഓഫീസറോട് പരാതി പരിശോധിച്ച് നിയമലംഘനം തടയണമെന്നും കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം സെക്ഷന്‍ പതിമൂന്ന് പ്രകാരം തുടര്‍ന്ന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
തഹസില്‍ദാര്‍ (ഭൂരേഖ) നടത്തിയ അന്വേഷണത്തില്‍ കെ.എല്‍.യു/വെറ്റ്ലാന്റ് ആക്ട്(KLU/Wet Land Act ) പ്രകാരം കെട്ടിടം നിര്‍മിക്കാന്‍ അനുമതി ലഭിച്ചിട്ടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ തന്നെ വ്യക്തമാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 31- 07-2018ല്‍ വില്ലേജ് ഓഫീസറോട് സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് തഹസില്‍ദാര്‍ ആര്‍.ഡി.ഒയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
കളക്ടര്‍ക്ക് വില്ലേജ് ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഈ സ്ഥലത്ത് നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്നതായിരുന്നുവെന്ന് ഷിഹാബ് പറയുന്നു. ചുറ്റുമുള്ള സ്ഥലം മുഴുവന്‍ പാടമായിരിക്കെ ഇത് മാത്രം 10 വര്‍ഷം മുന്‍പ് നികത്തിയ നിലമാണെന്നാണ് വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവിടെ പഞ്ചായത്തിന്റെ അനുമതിയില്ലാതെ ഡാറ്റാബാങ്കില്‍ നില(പാടം)മാണെന്ന് കാണിക്കുന്ന ഭൂമിയില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇതിനോട് ചേര്‍ന്ന് കിടക്കുന്ന പാടങ്ങളിലെ കൃഷിയെ ബാധിക്കില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ സുരക്ഷയുടെ ഭാഗമായി കരിങ്കല്ല് കൊണ്ട് മതില്‍ നിര്‍മ്മിച്ചതൊഴിച്ച് മറ്റ് നിര്‍മാണങ്ങള്‍ നടത്തിയിട്ടില്ലെന്നാണ് വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പരാതിയുടെ അടിസ്ഥാനത്തില്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയെന്നും വില്ലേജ് ഓഫീസര്‍ പറഞ്ഞു. അതേ സമയം ഇവിടെ മണ്ണ് ഇട്ട് നികത്തുകയോ പാടത്തിനെ ബാധിക്കുന്ന നിര്‍മാണങ്ങള്‍ നടത്തിയിട്ടില്ലെന്നുമാണ് കളക്ടര്‍ക്ക് നല്‍കിയ കൃഷി ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കരിങ്കല്ല് ഇറക്കിയത് കൃഷിക്ക് തടസമല്ലെന്നും ഇതേ റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്ഥലം നിലമാണോ, ഭൂമിയാണോയെന്ന് നിജപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് വില്ലേജ് ഓഫീസര്‍ പറഞ്ഞു. ഇത് നിലവില്‍ ആര്‍.ഡി.ഒയുടെ പരിഗണനയില്ലാണ്. കെ.എസ്.ആര്‍.ഇ.സി(KSREC) വഴി ഉപഗ്രഹ ചിത്രങ്ങളിലൂടെ പരിശോധിക്കാന്‍ വേണ്ടി അയച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം നിലവില്‍ സ്റ്റോപ്പ് മെമ്മോ നിലനില്‍ക്കുന്നുണ്ടെന്നും വില്ലേജ് ഓഫീസര്‍ അറിയിച്ചു.
ചേര്‍പ്പ് ഗ്രാമ പഞ്ചായത്ത് അധികൃതമായി നിര്‍മിച്ച ഗ്ലോബള്‍ സ്‌കൂളിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.കെ വിനോദ് പറഞ്ഞു. സ്‌കൂള്‍ അടച്ച് പൂട്ടണമെന്ന് തന്നെയാണ് നിലപാട്. വ്യാജ രേഖയുണ്ടാക്കിയാണ് നിര്‍മാണം നടത്തിയത്. നിലം നികത്തിയിട്ടുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ അന്വേഷണം മുന്നോട്ട് പോകുന്നില്ലെന്നും സി.കെ വിനോദ് പറഞ്ഞു. സ്‌കൂളിനെതിരെ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം പഞ്ചായത്ത് സെക്രട്ടറി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചുണ്ട്. എന്നാല്‍ ഇത് വരെ അനുമതി ലഭിച്ചിട്ടില്ലെന്നും സി.കെ വിനോദ് പറഞ്ഞു.
ജ്യാമമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. കേസില്‍ സ്‌കൂള്‍ മാനേജ്മെന്റിന്റെ ഭാഗമായി പ്രതി ചേര്‍ക്കപ്പെട്ട നിഷാദിന് മുന്‍കൂര്‍ ജ്യാമം എടുത്തു. അതിന് ശേഷം ഇത് വരെ പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായിട്ടില്ല. കേസ് അന്വേഷണത്തില്‍ നടപടിയാവശ്യപ്പെട്ട് എസ്.പിയെ സമീപിക്കുമെന്നും സി.കെ. വിനോദ് പറഞ്ഞു. സ്‌കൂള്‍ കെട്ടിടത്തിന് ഇത് വരെ പഞ്ചായത്ത് കെട്ടിട നമ്പര്‍ നല്‍കിയിട്ടില്ല. ഇങ്ങനെ യാതൊരു അനുമതിയുമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ പഠിക്കുന്നതിലൂടെ വിദ്യാര്‍ത്ഥികളും രക്ഷിതാകളും വഞ്ചിതരാവുകയാണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോടികള്‍ ചെലവഴിച്ചാണ് അവര്‍ സ്‌കൂള്‍ പണിത്തത് അതിനാല്‍ തന്നെ അത് സംരക്ഷിക്കാന്‍ അവര്‍ വലിയ ഇടപെടല്‍ നടത്തുന്നു. ഇതിനായി നടക്കുന്ന ചില ഉന്നത ഇടപെടലുകളാണ് സ്‌കൂളിനെതിരെയുള്ള നടപടി തടയുന്നതെന്നും ചേര്‍പ്പ് പഞ്ചായത്ത് പ്രസിഡന്റായ വിനോദ് പറയുന്നു .
എന്നാല്‍ സ്‌കൂളിനെതിരെ അനാവശ്യമായ പ്രശ്നങ്ങള്‍ ചിലര്‍ സൃഷ്ടിക്കുകയാണെന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഷൈനി പറയുന്നത്. “പ്രശ്നമുണ്ടെങ്കില്‍ അതിന് ഒരു പരിഹാരമുണ്ട്. അത് കാണാന്‍ ശ്രമിക്കാതെ വിഷയങ്ങള്‍ കുത്തിപൊക്കുന്നത് ശരിയല്ല. സ്‌കൂള്‍ പൂട്ടിയാല്‍ ഇവിടെയുള്ള കുട്ടികളുടെ ഭാവി, അധ്യാപകരുടെ ജോലിയൊക്കെ പ്രശ്നത്തിലാവും. ഇതിനെ കുറിച്ചൊന്നും ആരും ചിന്തിക്കുന്നില്ലെ”ന്നും പ്രിന്‍സിപ്പള്‍ കുറ്റപ്പെടുത്തി.
“സ്‌കൂളിന് അംഗീകരമില്ലെന്നത് പ്രശ്നമല്ല, രണ്ട് വര്‍ഷത്തേക്ക് കൂടി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. സ്‌കൂളിന് സൗകര്യം പോരയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതിയ കെട്ടിടം നിര്‍മ്മിച്ചു.” ഷൈനി പറഞ്ഞു. പാടം നികത്തിയെന്ന പ്രശ്നം ഇവിടെയില്ലെന്നും, ഇത് തണ്ണീര്‍തട നിയമത്തിന് കീഴില്‍ വരില്ലെന്നും പ്രിന്‍സിപ്പാള്‍ പറയുന്നു.
പ്രശ്നം പരിഹരിക്കാന്‍ പഞ്ചായത്ത് ഭരണസമിതി തയ്യാറാവുന്നില്ല. ഇതില്‍ സംഭവിക്കുക ഒന്നെങ്കില്‍ സ്‌കൂള്‍ മൂന്നോട്ട്പോകും ഇല്ലെങ്കില്‍ പോകില്ല. രണ്ടാണെങ്കിലും മാനേജ്മെന്റിനെയാണ് ബാധിക്കുക. അവര്‍ നല്ലൊരു കാര്യത്തിന്റെ ഭാഗമായാണ് വിദ്യാഭാസ സ്ഥാപനം തുടങ്ങിയത്. ആദ്യം തന്നെ പ്രശ്നം പറയുകയായിരുന്നുവെങ്കില്‍ പ്രശ്നമില്ല. ഇതൊന്നും ഭരണസമിതിയും പ്രശ്നങ്ങള്‍ കുത്തിപ്പൊക്കുന്നവരും ചിന്തിക്കുന്നില്ലെന്നും ഷൈനി പറയുന്നു.
“ഞാന്‍ ഇവിടെ പ്രിന്‍സിപ്പാളായിട്ട് അഞ്ച് വര്‍ഷമായി. ആദ്യ മുന്ന് വര്‍ഷങ്ങളില്‍ ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായിട്ട് പ്രശ്നങ്ങളാണ്. ഇവിടെ സ്‌കൂളായതാണ് പ്രശ്നം മറിച്ച് ചാരായ ഷോപ്പിനാണ് ഉണ്ടായിരുന്നതെങ്കില്‍ ഒരു പ്രശ്നവും ഉണ്ടാമായിരുന്നുവോയെന്നും” ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഷൈനി ചോദിക്കുന്നു.
വ്യാജ രേഖയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അന്വേഷിക്കണമെന്നും പ്രിന്‍സിപ്പള്‍ പറയുന്നു. അതിന് പകരം സ്‌കൂളിനെതിരെ പ്രചരണം നടത്തുന്നത് ശരിയല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അവര്‍ ചെയ്ത തെറ്റിനെ മറച്ച് പിടിക്കാന്‍ വേണ്ടി നടത്തുന്ന പ്രചരണമാണെന്നും പഞ്ചായത്ത് സ്‌കൂള്‍ കെട്ടിട നിര്‍മാണം തുടങ്ങിയ കാലം മുതല്‍ തന്നെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. സ്‌കൂള്‍ അധികൃതരുടെ ആരോപണങ്ങള്‍ക്കെതിരെ രേഖകള്‍ സംസാരിക്കുമെന്നും ചേര്‍പ്പ് പഞ്ചായത്ത് പ്രസിഡന്റ് വിനോദ് കൂട്ടിച്ചേര്‍ത്തു.
കെട്ടിടം നിര്‍മാണത്തിനായി വെദ്യുതി കണക്ഷന്‍ വാങ്ങിയത് ഗാര്‍ഹിക ആവശ്യത്തിനായി ഒരു കെട്ടിടം പണിയുന്നുവാന്‍ വേണ്ടിയെന്ന പേരിലാണ്. 2013ല്‍ സ്‌കൂള്‍ നിര്‍മാണത്തിനാണെന്ന സത്യം മറച്ച് വച്ച് കൊണ്ടാണ് കെ.എസ്.ഇ.ബിയില്‍ നിന്ന് വെദ്യുതി കണക്ഷന്‍ നേടിയത്. നൗഷാദ് സ്വന്തം വിലാസത്തില്‍ നേടിയ വെദ്യുതി കണക്ഷന്‍ കെ.എസ്.ഇ.ബിയുടെ നിയമങ്ങള്‍ ലംഘിക്കുകയോ കെട്ടിട നിര്‍മാണ പെര്‍മിറ്റുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളോ പരാതിയോ ഉണ്ടായാല്‍ വെദ്യുതി കണക്ഷന്‍ റദ്ദ് ചെയ്യാന്‍ അധികാരമുണ്ടെന്നും സമ്മത പത്രത്തില്‍ പറയുന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ കണക്ഷന്‍ സപ്ലെ താരീഫ് മാറ്റിയെടുക്കാമെന്നും അതില്‍ പറയുന്നു.
ഗാര്‍ഹിക ആവശ്യത്തിന് എന്ന് പറഞ്ഞ് കൊണ്ട് വൈദ്യുതി വാങ്ങിയാണ് നൗഷാദ് ഇപ്പോഴും സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്ത് കെട്ടിട നമ്പര്‍ നല്‍കാത്തതിനാല്‍ ഗ്ലോബല്‍ സ്‌കൂളിന് വെദ്യുതി ലഭിക്കില്ല.വ്യാജ രേഖയിലൂടെ നേടിയ ഗാര്‍ഹിത നിര്‍മാണത്തിനായി വാങ്ങിയ കണക്ഷനിലൂടെയാണ് ഇപ്പോള്‍ വെദ്യുതി ലഭ്യമാക്കുന്നതെന്ന് പരാതിക്കാരനായ ഷിഹാബ് പറയുന്നു. അതേ സമയം ഗാര്‍ഹിക ആവശ്യത്തിനായി എന്ന് പറഞ്ഞ് കൊണ്ട് സമര്‍പ്പിച്ച അപേക്ഷയോടൊപ്പം നൗഷാദ് നല്‍കിയ റൂട്ട് മാപ്പില്‍ ഗ്ലോബല്‍ സ്‌കൂളിനായെന്ന് കാണിക്കുന്നുമുണ്ട്. പഞ്ചായത്തിന്റെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് മറ്റ് ഇടപെടലിലൂടെ വെദ്യുതി ലഭ്യമാക്കാന്‍ നടന്ന ഉന്നത ഇടപെടലിന്റെ തെളിവാണിതെന്നും ഷിഹാബ് പറഞ്ഞു.
സ്‌കൂളുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ നല്‍കിയെങ്കിലും അനധികൃതമായി സ്‌കൂള്‍ നിര്‍മിച്ചവര്‍ക്കെതിരെ യാതൊരു നടപടി സ്വീകരിച്ചിട്ടില്ല. കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുടെ ഇടപെടലാണ് സ്‌കൂളിനെ സംരക്ഷിക്കുന്നതെന്നും ഷിഹാബ് ആരോപിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി നല്‍കിയ സ്റ്റോപ്പ് മെമ്മോയും പൊലീസ് കേസിലും നടപടിയുണ്ടാക്കാതെ പോകുന്നതും ഈ ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ ഇടപെടലാണ്. അദ്ദേഹത്തിന് ട്രസ്റ്റുമായി അടുത്ത ബന്ധമാണുള്ളതെന്നും ഷിഹാബ് പറഞ്ഞു.
ഗ്ലോബൽ സ്കൂൾ എന്നത് എന്റെ വ്യക്തിപരമായ പ്രശ്നമല്ലെന്ന് പരാതിക്കാരനായ ഷിഹാബ് പറയുന്നു. തന്റെ രാഷ്ട്രീയം കൂടിയാണ് അനധിക്യത സ്കൂളിനെതിരെയുള്ള പരാതി നൽകാൻ കാരണം. 1991 ഡിസംബർ 10 ന് ഇന്ത്യൻ വിദ്യാർത്ഥി പ്രസ്ഥാനം സ. ജയപ്രകാശിന്റെ ജീവൻ നൽകി ആരംഭിച്ച സ്വകാര്യ-സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമാണ് . 1994 നവംബർ 25 ന് കൂത്തുപറമ്പിൽ സ്വാശ്രയകോളേജ് അനുവദിക്കില്ലെന്ന് ഉറപ്പിച്ച വിദ്യാർത്ഥി-യുവജന പ്രക്ഷോഭത്തിന്റെ സ്മരണകളുണ്ട് . അവസാനമെത്തിനിൽക്കുന്ന പൊതുവിദ്യാഭ്യാസയജ്ഞത്തോടുള്ള കൂറുമാണ് ഗ്ലോബൽ സ്കൂളിനെതിരായ എന്റെ നിലപാടും ഷിഹാബ് പറയുന്നു.
ഗ്ലോബല്‍ സ്‌കൂളിന് കെട്ടിടം നിര്‍മിക്കാനായി കോണ്‍ഗ്രസിന്റെ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് അനുമതി നല്‍കിയിരുന്നുവെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി കൊച്ചുമുഹമ്മദ് പറഞ്ഞു. ആ അനുമതിയെ നിലവില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ അട്ടിമറിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. “സ്‌കൂളിനെതിരെ പരാതി നല്‍കിയ എ.ഐ.വൈ.എഫ് നേതാവ് ഷിഹാബുമായി പഞ്ചായത്ത് പ്രസിഡന്റിന് അടുത്ത ബന്ധമാണുള്ളത്. ഇത് ദുരുപയോഗം ചെയ്താണ് സ്‌കൂളിനെതിരെ ഈ നടപടികളെല്ലാം സ്വീകരിച്ചത്. നിലവില്‍ വ്യാജ രേഖ ചമച്ചുവെന്നതെല്ലാം ഈ ബന്ധത്തിന്റെ പേരിലുണ്ടായതാണ്. താന്‍ ആദ്യമായാണ് വ്യാജ രേഖയുണ്ടാക്കി കോടികള്‍ ചെലവഴിച്ച് കെട്ടിടം പണിതുവെന്ന ആരോപണം കേള്‍ക്കുന്നതെന്നും” കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായ കൊച്ചുമുഹമ്മദ് പറഞ്ഞു. ഇത് സ്‌കൂളിനെതിരെയുള്ള അനാവശ്യ ആരോപണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭരിക്കുന്ന പാര്‍ട്ടിയുടെ ഭാഗമായി പ്രവര്‍ത്തകനായ ഷിഹാബിന് ഇതില്‍ നടപടി സ്വീകരിക്കാനുള്ള ഇടപെടല്‍ നടത്താന്‍ എളുപ്പമാണെന്നും എന്ത് കൊണ്ടാണ് ഷിഹാബ് അത് ചെയ്യാതെയിരിക്കുന്നതെന്നും കൊച്ചുമുഹമ്മദ് ചോദിച്ചു. നിലവിലെ ചേര്‍പ്പ് പഞ്ചായത്ത് പ്രസിഡന്റായ സി.കെ. വിനോദ് കോണ്‍ഗ്രസ് പ്രതിനിധിയായി മത്സരിച്ച് വിജയിച്ചാണ് പ്രസിഡന്റായത്. എന്നാല്‍ സ്‌കൂളിനെ സംരക്ഷിക്കാന്‍ കൊച്ചുമുഹമ്മദ് നടത്തുന്ന ഇടപെടലുകളുടെ തെളിവാണ് ഈ ആരോപണങ്ങളെന്ന് പരാതിക്കാരനായ ഷിഹാബ് പ്രതികരിച്ചു.
ഇതുമായി ബന്ധപ്പെട്ട് പ്രതികരണത്തിനായി ഹയാത്ത് ചാരിറ്റബള്‍ ട്രസ്റ്റിനെയും സ്‌കൂള്‍ അധികൃതരെയും ബന്ധപ്പെടുവെങ്കിലും പ്രിന്‍സിപ്പാള്‍ ഷൈനയെ കുടാതെ ആരുടെയും പ്രതികരണം ലഭിച്ചില്ല.
പഞ്ചായത്ത് അനുമതി നിഷേധിച്ചതിന് ശേഷവും നിര്‍മാണവുമായി മുന്നോട്ട് പോകുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ മാനേജ്മെന്റ്. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം വില്ലേജ് ഓഫീസറുടെ സ്റ്റോപ്പ് മെമ്മോ, പഞ്ചായത്ത് അധികൃതരുടെ നിര്‍മാണം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് നല്‍കിയ ഉത്തരവുകളെല്ലാം കേവലം ഉത്തരവുകളായി അവശേഷിക്കുകയാണ്.
പഞ്ചായത്ത് കെട്ടിട നമ്പര്‍ പോലും നല്‍ക്കാതെയിരുന്ന കെട്ടിടത്തില്‍ വൈദ്യുതിയടക്കം എല്ലാവിധ സൗകര്യങ്ങളോട് കൂടി സ്‌കൂള്‍ അവിടെ പ്രവര്‍ത്തിക്കുകയാണ്. കഴിഞ്ഞ അധ്യയന വര്‍ഷം തന്നെ അടച്ച് പൂട്ടണമെന്ന് പഞ്ചായത്ത് നല്‍കിയ ഉത്തരവിന് ഫയലില്‍ ഉറങ്ങാനാണ് വിധി. യാതൊരു മാനദ്ധങ്ങളും പാലിക്കാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ യഥാര്‍ത്ഥത്തില്‍ വിദ്യാര്‍ത്ഥികളുടെ ഭാവി തന്നെ ഇല്ലാതെയാക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് തന്നെ സാക്ഷ്യപ്പെടുത്തുന്നു. കൃഷി വകുപ്പ് മന്ത്രി നടപടി ആവശ്യപ്പെട്ട് കളക്ടര്‍ക്ക് നല്‍കിയ ഉത്തരവടക്കം നിലനില്‍ക്കെ ആരാണ് അനധികൃത സ്‌കൂളിനെതിരെ നടപടി സ്വീകരിക്കുമെന്ന ചോദ്യം മാത്രം ബാക്കിയാവുകയാണ്.