| Saturday, 9th September 2017, 10:28 am

അഹിന്ദുക്കള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്ന് അജയ് തറയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: അഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനത്തിന് അനുമതി നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവും ദേവസ്വം ബോര്‍ഡ് അംഗവുമായ അജയ് തറയില്‍. ക്ഷേത്ര ആരാധനയിലും വിഗ്രഹാരാധാനയിലും വിശ്വസിക്കുന്ന ആര്‍ക്കും ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാമെന്ന് ഉത്തരവ് ഇറക്കണമെന്ന് അദ്ദേഹം ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഹിന്ദുക്കള്‍ക്കും ഹിന്ദുമത വിശ്വാസിയെന്ന് എഴുതിനല്‍കുന്നവര്‍ക്കും മാത്രമാണ് ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളില്‍ പ്രവേശനം അനുവദിച്ചിട്ടുള്ളത്. ക്ഷേത്ര ആരാധനയിലും വിഗ്രഹ ആരാധനയിലും വിശ്വസിക്കുന്ന ധാരാളം അഹിന്ദുക്കള്‍ അറിഞ്ഞും അറിയാതെയും ക്ഷേത്രത്തില്‍ കയറി ആരാധന നടത്തുന്നത് പതിവാണ്. അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ദേവസ്വം ബോര്‍ഡ് തീരുമാനത്തിന് ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രസക്തിയില്ലാതാകുന്നു. അതുകൊണ്ട് 1952 ലെ ദേവസ്വം ബോര്‍ഡ് ഉത്തരവ് പരിഷ്‌ക്കരിച്ച് പുതിയ ഉത്തരവിറക്കണം. അജയ് തറയില്‍ പറയുന്നു.


Also Read:  ‘ഈശ്വരന്‍ പണികൊടുത്തതാണ്; രണ്ടും ചാവട്ടെ’ വാഹനാപകടത്തില്‍ മരിച്ച വ്യത്യസ്ത മതസ്ഥരായ സുഹൃത്തുക്കള്‍ക്കെതിരെ ആക്രമണവുമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍


ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നുവെന്ന പ്രതിജ്ഞാപത്രം ഒരു വ്യക്തി നല്‍കുന്നത് പരോക്ഷമായ മതപരിവര്‍ത്തനമാണ്. മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നത് ദേവസ്വംബോര്‍ഡിന്റെ ചുമതലയല്ലെന്നും അതുകൊണ്ട് ഇങ്ങനെയൊരു തീരുമാനമെടുക്കുന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മറ്റ് അംഗങ്ങളും പൂര്‍ണ്ണ പിന്തുണ നല്‍കണമെന്നും അജയ് തറയില്‍ പറയുന്നുണ്ട്.

വിഷയത്തില്‍ പ്രതികരണവുമായി ദേവസ്വം ബോര്‍ഡ് രംഗത്തെത്തിയിട്ടുണ്ട്. അജയ് തറയിലിന്റെ ആവശ്യം അടുത്ത ദേവസ്വംബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു.

We use cookies to give you the best possible experience. Learn more