ന്യൂദൽഹി: ഇംഗ്ലീഷിലോ പ്രാദേശിക ഭാഷകളിലോ ഉള്ള എം.പിമാരുടെ പ്രസംഗങ്ങൾക്ക് ഹിന്ദി വോയ്‌സ് ഓവർ നൽകുന്ന സൻസദ് ടി.വി യുടെ നിലപാടിനെ വിമർശിച്ച് പ്രതിപക്ഷം. തങ്ങൾ തെരഞ്ഞെടുത്ത എം.പി മാരുടെ പ്രസംഗം അവരുടെ യഥാർത്ഥ ശബ്ദത്തിലും വാക്കുകളിലും കേൾക്കാനുള്ള ജനങ്ങളുടെ അവകാശത്തെ സർക്കാർ പുച്ഛിക്കുകയാണെന്ന് എൻ.സി.പി (എസ്.പി) എം.പി സുപ്രിയ സുലെ പറഞ്ഞു.
‘ആദ്യ സെഷനിൽ ഇംഗ്ലീഷിലോ പ്രാദേശിക ഭാഷകളിലോ ഉള്ള എം.പിമാരുടെ പ്രസംഗങ്ങൾക്ക് പകരം ഹിന്ദി വോയ്‌സ് ഓവർ നൽകുന്ന ഭയാനകമായ രീതിയാണ് സൻസദ് ടി.വി എടുത്തത്. കോടിക്കണക്കിന് ഹിന്ദി സംസാരിക്കാത്ത ഇന്ത്യക്കാർക്ക് അവരുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ യഥാർത്ഥ വാക്കുകൾ അവരുടെ സ്വന്തം ഭാഷകളിൽ കേൾക്കാനുള്ള അവകാശം നിഷേധിക്കുന്നതിനാൽ ഇത് ഒരു തരം സെൻസർഷിപ്പാണ് ,’ സുപ്രിയ സുലെ പറഞ്ഞു.
വിവേചനപരവും ഭരണഘടനാ വിരുദ്ധവുമായ ഈ നീക്കം സർക്കാർ ഉടൻ അവസാനിപ്പിക്കണമെന്നും അവർ പറഞ്ഞു.
ജൂണിൽ നടന്ന 18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിലാണ് സൻസദ് ടി.വിയുടെ വോയിസ് ഓവർ നടപടിയെ കുറിച്ചുള്ള വിവാദം ആദ്യം പൊട്ടിപ്പുറപ്പെട്ടത്. ഹിന്ദി ഒഴികെയുള്ള ഭാഷകളിൽ സംസാരിക്കുന്നതിൻ്റെ യഥാർത്ഥ ഓഡിയോ നിശബ്ദമാക്കി, ഹിന്ദി വോയിസ് ഓവർ നൽകുകയായിരുന്നു.
ഇതിനെതിരെ നിരവധി പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിരുന്നു. കൂടിയാലോചന നടത്താതെ ഏകപക്ഷീയമായി സർക്കാർ എടുത്ത ഈ തീരുമാനം ഭരണഘടനയുടെ ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്ന് അവർ പറഞ്ഞു. ഹിന്ദി ഇതര സംസ്ഥാനങ്ങളിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നു എന്നാരോപിച്ച് നേരത്തെയും മോദി സർക്കാരിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.