നോണ്‍ ഹലാല്‍ ഇറച്ചിയുടെ പേരില്‍ വയനാട്ടില്‍ സംഘര്‍ഷമുണ്ടായെന്ന വാര്‍ത്ത വ്യാജം; ലക്ഷ്യം തെരഞ്ഞെടുപ്പ് ദിവസത്തിലെ മുസ്‌ലിം ക്രിസ്ത്യന്‍ ഭിന്നിപ്പോ?
Wayanad
നോണ്‍ ഹലാല്‍ ഇറച്ചിയുടെ പേരില്‍ വയനാട്ടില്‍ സംഘര്‍ഷമുണ്ടായെന്ന വാര്‍ത്ത വ്യാജം; ലക്ഷ്യം തെരഞ്ഞെടുപ്പ് ദിവസത്തിലെ മുസ്‌ലിം ക്രിസ്ത്യന്‍ ഭിന്നിപ്പോ?
ഷഫീഖ് താമരശ്ശേരി
Tuesday, 6th April 2021, 4:03 pm

കല്‍പ്പറ്റ: വയനാട്ടില്‍ ഈസ്റ്ററിന്റെ തലേദിവസം പോത്തിറച്ചിയും പന്നിയിറച്ചിയും ഒന്നിച്ച് വിതരണം ചെയ്യാനെത്തിയ വാഹനം മീനങ്ങാടിയില്‍ വെച്ച് ആക്രമിക്കപ്പെട്ടുവെന്ന വാര്‍ത്ത വ്യാജമെന്ന് പ്രദേശവാസികള്‍. കര്‍മ ന്യൂസ് എന്ന ഓണ്‍ലൈന്‍ ചാനല്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത വസ്തുതാ വിരുദ്ധവും വിദ്വേഷപരവുമാണെന്നാണ് നാട്ടുകാരും വിഷയത്തില്‍ അന്വേഷണം നടത്തിയ പൊലീസും പറയുന്നത്.

വയനാട് ഉള്‍പ്പെടെയുള്ള ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘കിസാന്‍ മിത്ര’ എന്ന ഫാര്‍മേഴ്‌സ് പ്രൊഡ്യൂസിങ് കമ്പനിയുടെ പ്രവര്‍ത്തകര്‍ ഈസ്റ്റര്‍ പ്രമാണിച്ച് 5500 കിലോ ‘നോണ്‍-ഹലാല്‍’ പോത്തിറച്ചിയും 1000 കിലോ പന്നിയിറച്ചിയും വിവിധ പാക്കറ്റുകളിലാക്കി 6 ജില്ലകളിലായി വില്‍ക്കാന്‍ ശ്രമിച്ചു വരികയായിരുന്നു. ഇതിനിടെ ഒരു സംഘം ആളുകള്‍ വയനാട്ടിലെ മീനങ്ങാടിക്കടുത്തുള്ള അമ്പലപ്പടി എന്ന സ്ഥലത്ത് വെച്ച് വാഹനം തടഞ്ഞു നിര്‍ത്തി ഇറച്ചി പാക്കറ്റുകള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞുവെന്നും ഇറച്ചിയുമായി സഞ്ചരിച്ച ഷാജി കെ. എന്ന ആളുടെ വായില്‍ പച്ചയിറച്ചി തള്ളിക്കയറ്റാന്‍ ശ്രമിച്ചുവെന്നും ഭീഷണിയെ തുടര്‍ന്ന് കച്ചവടം നിര്‍ത്തി പോകേണ്ടി വന്നുവെന്നും മറ്റുമാണ് കര്‍മ ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നത്.

എന്നാല്‍ പ്രദേശവാസിയായ കിസാന്‍ മിത്ര അംഗവും ഇറച്ചിക്ക് ഓര്‍ഡര്‍ നല്‍കിയിരുന്ന ആളുമായ ജോര്‍ജ് തൂലിക ഡൂള്‍ന്യൂസിനോട് പറഞ്ഞത് ഈ വാര്‍ത്ത നൂറ് ശതമാനം വസ്തുതാവിരുദ്ധമാണെന്നാണ്. ‘ഈസ്റ്ററിന്റെ തലേദിവസം ഉച്ചയോടെ ഇറച്ചിയെത്തിക്കാമെന്ന നിലയിലാണ് കിസാന്‍ മിത്ര അംഗങ്ങളില്‍ നിന്നെല്ലാം വിതരണക്കാര്‍ ഓര്‍ഡര്‍ എടുത്തത്. എന്നാല്‍ വൈകീട്ട് ആറ് മണിയായിട്ടും ഇറച്ചിയെത്താത്തതിനാല്‍ ആളുകള്‍ മറ്റ് സ്ഥലങ്ങളില്‍ നിന്നും ഇറച്ചി വാങ്ങി. പിന്നീട് ഏഴ് മണിയോടെ കിസാന്‍ മിത്രയുടെ വാഹനം എത്തിയപ്പോള്‍ ആളുകള്‍ ഇറച്ചി നിരസിക്കുകയും വിതരണക്കാരനെ ശകാരിക്കുകയും ചെയ്തു. ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട കിസാന്‍ മിത്ര അംഗങ്ങള്‍ തന്നെയാണ് ഇറച്ചിവിതരണക്കാരനുമായി തര്‍ക്കിച്ചത്. തര്‍ക്കത്തിന് ശേഷം വിതരണക്കാരന്‍ തിരികെ പോവുകയും ചെയ്തു. നേരത്തിന് വിതരണം ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ബാക്കിയായ ഇറച്ചി വലിയ നഷ്ടമുണ്ടാക്കുമെന്നതിനാല്‍ ഇറച്ചി വിതരണക്കാരന്‍ തയ്യാറാക്കിയ വ്യാജ തിരക്കഥ മാത്രമാണ് ഈ അക്രമസംഭവം’. കിസാന്‍ മിത്ര അംഗം കൂടിയായ ജോര്‍ജ് തൂലിക ഡൂള്‍ന്യൂസിന് നല്‍കിയ വിശദീകരണം ഇങ്ങനെയാണ്.

അങ്ങേയറ്റം ഭീതി നിറഞ്ഞ രീതിയില്‍ വയനാട്ടില്‍ നടന്നതായി കര്‍മ ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ അടിസ്ഥാന വിരുദ്ധമാണെന്നാണ് പൊലീസും നാട്ടുകാരും ഒരുപോലെ പറയുന്നത്. പ്രദേശത്ത് തങ്ങള്‍ നടത്തിയ അന്വേഷണങ്ങളുടെ അടിസ്ഥാനത്തില്‍ വാര്‍ത്തയില്‍ പരാമര്‍ശിക്കപ്പെട്ടത് പ്രകാരമുള്ള യാതൊരു സംഭവങ്ങളും മീനങ്ങാടിയില്‍ നടന്നിട്ടില്ലെന്നും ഇറച്ചി വൈകിയെത്തിയതിനാല്‍ വിതരണക്കാരനും ഉപഭോക്താക്കളും തമ്മിലുണ്ടായ സ്വാഭാവിക വാക്കുതര്‍ക്കം മാത്രമാണ് സംഭവിച്ചതെന്നുമാണ് സംഭവസ്ഥലത്ത് ചെന്ന് അന്വേഷണം നടത്തിയ മീനങ്ങാടി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞത്.

ഈസ്‌ററിന്റെ തലേദിവസമായതിനാല്‍ സംഭവ സ്ഥലത്ത് നിറയെ ആളുകളുണ്ടായിരുന്നുവെന്നും പരാതിക്കാരനായ ഇറച്ചിവിതരണക്കാരന്‍ ആരോപിക്കുന്നത് പോലെ അക്രമസംഭവം നടന്നിട്ടുണ്ടെങ്കില്‍ ചുരുങ്ങിയത് ഒരു സാക്ഷിയെങ്കിലും ഉണ്ടാകുമെന്നും അത്തരമൊരു സംഭവത്തിന് മറ്റാരും സാക്ഷിയായിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്. സി.സി.ടി.വി ഫൂട്ടേജുകളിലും യാതൊരു അക്രമ സംഭവവും നടന്നതായി കാണാനില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹലാല്‍ നോണ്‍ ഹലാല്‍ തര്‍ക്കങ്ങളുമായി പ്രസ്തുത സംഭവത്തിന് യാതൊരു ബന്ധവുമില്ലെന്നും വിതരണക്കാരന്റെ വായില്‍ ഇറച്ചി തള്ളിക്കയറ്റാന്‍ ശ്രമിച്ചുവെന്ന വാര്‍ത്ത അവാസ്തവമാണെന്നും വിതരണക്കാരന്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പോലും അത്തരം ആരോപണങ്ങളുണ്ടായിരുന്നില്ല എന്നുമാണ് മീനങ്ങാടി പൊലീസ് പറയുന്നത്. സ്വാഭാവിക തര്‍ക്കങ്ങള്‍ക്കപ്പുറം സംഭവസ്ഥലത്ത് അക്രമാസക്തമായ യാതൊരു പ്രവൃത്തികളും നടന്നിട്ടില്ലാത്തതിനാല്‍ കേസെടുക്കാന്‍ സാധിക്കില്ലെന്നും പൊലീസ് പറയുന്നു.

ഈ സംഭവങ്ങളുടെ തലേ ദിവസം കിസാന്‍ മിത്രയുടെ സി.ഇ.ഒ ആയ മനോജ് ചെറിയാന്‍ എന്നാളെ വയനാട്ടിലെ പനമരത്ത് വെച്ച് മറ്റൊരു സംഘം കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും മുഖത്ത് മയക്കുമരുന്ന് വിതറിയെന്നും മറ്റൊരു വാര്‍ത്തയില്‍ കര്‍മ ന്യൂസ് പറയുന്നുണ്ട്. വൈക്കോലുമായി സഞ്ചരിച്ച കിസാന്‍ മിത്രയുടെ തന്നെ മറ്റൊരു വാഹനം കണ്ണൂരിലെ കണിച്ചാറില്‍ വെച്ച് ചിലര്‍ അഗ്നിക്കിരയാക്കിയെന്നും വാര്‍ത്തയിലുണ്ട്.

കിസാന്‍ മിത്രയുടെ സി.ഇ.ഒ മനോജ് ചെറിയാനോട് ഇതിന്റെ വിശദാംശങ്ങള്‍ ഡൂള്‍ന്യൂസ് അന്വേഷിച്ചിരുന്നു. ‘കത്തി എന്നോ മയക്കുമരുന്ന് എന്നോ താന്‍ പറഞ്ഞിട്ടില്ല. കാറിലിരിക്കുകയായിരുന്ന എന്നെ അജ്ഞാതനായ ഒരാള്‍ വന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ അയാളുടെ കയ്യില്‍ മൂര്‍ച്ചയുള്ള എന്തോ ഒരു വസ്തു ഉണ്ടായിരുന്നു. അയാള്‍ പോയതിന് ശേഷം അല്‍പനേരം എനിക്കൊരു ബുദ്ധിമുട്ട് അനുഭവപ്പെട്ടു. അല്ലാതെ മയക്കുമരുന്ന് വിതറി എന്ന് ഞാന്‍ പറഞ്ഞിട്ടില്ല’. ഇങ്ങനെയാണ് മനോജ് ചെറിയാന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞത്. എന്നാല്‍ മനോജിന്റെ ഈ ആരോപണങ്ങള്‍ക്കും സാക്ഷികളോ തെളിവുകളോ ഒന്നുമില്ല. കണ്ണൂരില്‍ വെച്ച് കിസാന്‍ മിത്രയുടെ വൈക്കോല്‍ കയറ്റിവന്ന വാഹനം തീപിടിച്ചത് സ്വാഭാവിക സംഭവം മാത്രമാണെന്ന് കണിച്ചാറിലെ പ്രദേശവാസികളും പറയുന്നത്.

തെളിവുകളോ സാക്ഷികളോ ഇല്ലാത്ത ചില സംഭവങ്ങളെക്കുറിച്ച് വ്യാജ കഥകള്‍ മെനഞ്ഞ് പ്രദേശത്തെ സാമുദായിക സൗഹൃദത്തെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നാണ് മീനങ്ങാടി പഞ്ചായത്തിലെ മുന്‍ വാര്‍ഡ് മെമ്പറും പ്രദേശവാസിയുമായ അബ്ബാസ് വി.എ ഡൂള്‍ന്യൂസിനോട് പറഞ്ഞത്. ക്രൈസ്തവരുടെ വിശേഷ ആരാധന ദിവസത്തിന്റെ തലേന്ന് അവര്‍ക്ക് വിതരണം ചെയ്യാനായി കൊണ്ടുവന്ന മാംസാഹാരം മുസ്‌ലിം വിഭാഗത്തില്‍പ്പെട്ടവര്‍ തടഞ്ഞുവെന്ന് പരോക്ഷമായി ആരോപണം ഉന്നയിക്കുന്നതിലൂടെ ഇവര്‍ ലക്ഷ്യം വെക്കുന്നത് വര്‍ഗീയ ധ്രുവീകരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കര്‍മ ന്യൂസ് പ്രസിദ്ധീകരിച്ച വിദ്വേഷ ജനകമായ വ്യാജവാര്‍ത്തയ്‌ക്കെതിരെ രാഷ്ട്രീയ നിരീക്ഷകനും സാമ്പത്തിക വിദഗ്ദനുമായ പി.ജെ. ജെയിംസും രംഗത്ത് വന്നിരുന്നു. ‘തെരഞ്ഞെടുപ്പിന്റെ തലേ ദിവസം ജനങ്ങള്‍ക്കിടയില്‍ പരസ്പര വിദ്വേഷവും വര്‍ഗ്ഗീയ ധ്രൂവീകരണവും സൃഷ്ടിക്കുകയെന്ന കുടില ലക്ഷ്യത്തോടെ സര്‍ക്കുലേറ്റ് ചെയ്തു കൊണ്ടിരിക്കുന്ന, അതു വഴി ആസൂത്രിതമായി ‘ഇസ്‌ലാമോഫോബിയ’ പരത്തുന്ന കര്‍മ ന്യൂസ് വാര്‍ത്തയെ സംബന്ധിച്ച് ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കഴിഞ്ഞ ഏതാനും നാളുകളായി, ഹലാല്‍ ഇറച്ചിയുടെയും ലൗജിഹാദിന്റെയും മറ്റും പേരില്‍ കേരളത്തിലെ രണ്ടു സമുദായങ്ങളില്‍ പെട്ട ജനങ്ങളെ തമ്മിലടിപ്പിച്ച് ചോര കുടിക്കാന്‍ വെമ്പുന്ന ഫാസിസ്റ്റ് ശക്തികള്‍ ജനങ്ങളെ പരമാവധി ഭിന്നിപ്പിച്ച് മുതലെടുക്കാന്‍ നടത്തുന്ന വിഷലിപ്തമായ പ്രചരണങ്ങള്‍ തിരിച്ചറിയുന്നതില്‍ അലംഭാവമുണ്ടായിക്കൂടാ.’ ഇങ്ങനെയാണ് പി.ജെ ജെയിംസ് ഫേസ്ബുക്കില്‍ കുറിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Non-Halal Meet Conflict from Wayanad is Fake News

ഷഫീഖ് താമരശ്ശേരി
മാധ്യമപ്രവര്‍ത്തകന്‍