| Tuesday, 2nd November 2021, 2:06 pm

നോണ്‍ ഹലാല്‍ ഭക്ഷണം വിളമ്പിയതിന്റെ പേരില്‍ ആക്രമിക്കപ്പെട്ടുവെന്ന സംഘി പ്രചാരണം പൊളിഞ്ഞു; തുഷാരയും ഭര്‍ത്താവും അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നോണ്‍ ഹലാല്‍ ഭക്ഷണത്തിന്റെ പേരില്‍ വര്‍ഗീയ പ്രചാരണം നടത്തുകയും, യുവാക്കളെ ആക്രമിക്കുകയും ചെയ്ത ഹോട്ടലുടമയും ഭര്‍ത്താവും അറസ്റ്റില്‍. ഹോട്ടല്‍ നടത്തിയിരുന്ന തുഷാരയും ഭര്‍ത്താവ് അജിത്തുമാണ് അറസ്റ്റിലായത്.

ഇന്ന് പുലര്‍ച്ചയോടെയാണ് തുഷാരയും ഭര്‍ത്താവ് അജിത്തും ഒപ്പമുള്ളവരും അറസ്റ്റിലായതെന്നാണ് പൊലീസ് പറയുന്നത്. എവിടെ വെച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത് എന്നതിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഒന്നും തന്നെ പൊലീസ് പുറത്തു വിട്ടിട്ടില്ല.

ഇവര്‍ പാലക്കാട് ഒളിവില്‍ കഴിയവെയാണ് അറസ്റ്റിലായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തുഷാരയും ഭര്‍ത്താവുമുള്‍പ്പടെ 4 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഫേസ്ബുക്കിലൂടെ വിദ്വേഷ പ്രചരണം നടത്തിയതിന് തുഷാരയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരവും മറ്റുള്ളവര്‍ക്കെതിരെ വധശ്രമത്തിനുമാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. കൂടാതെ മോഷണമടക്കമുള്ള കുറ്റങ്ങളും ഇവര്‍ക്കെതിരെ ചാര്‍ജ് ചെയ്തിട്ടുണ്ട്.

നേരത്തെ, നോണ്‍ ഹലാല്‍ ബോര്‍ഡ് വെച്ചതിനും പന്നിയിറച്ചി വിളമ്പിയതിനും വനിതാ സംരംഭകയായ തുഷാര അജിത്ത് ആക്രമിക്കപ്പെട്ടെന്ന തരത്തില്‍ സംഘപരിവാര്‍ പ്രൊഫൈലുകള്‍ വ്യാപകമായ പ്രചാരണം നടത്തിയിരുന്നു.

എന്നാല്‍ കെട്ടിടത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഭവം മറച്ചുവെച്ച് മനപൂര്‍വം അന്യമത വിദ്വേഷം പ്രചരിപ്പിക്കാനായിരുന്നു ഇവര്‍ ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.

തുഷാരയും സംഘവും കാക്കനാട്ടെ വര്‍ഗീസ് എന്നയാളുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡെയിന്‍ റെസ്റ്റൊ കഫേ നടത്തുന്ന ബിനോജ്, നകുല്‍ എന്നിവരെ ആക്രമിക്കുകയും വെട്ടിപരിക്കേല്‍പ്പിക്കുകയുമായിരുന്നു.

ഇവരുടെ പരാതിയില്‍ തുഷാരയ്ക്കും സംഘത്തിനുമെതിരെ ഇന്‍ഫോ പാര്‍ക്ക് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

യുവാക്കളുടെ കഫേ പ്രവര്‍ത്തിക്കുന്ന കെട്ടിടം സ്വന്തമാക്കാന്‍ തുഷാര ശ്രമിച്ചിരുന്നെന്നും ഇതിന്റെ പേരിലാണ് തര്‍ക്കമുണ്ടായതെന്നുമാണ് റിപ്പോര്‍ട്ട്.

കഫേയ്ക്ക് മുന്നില്‍ വെച്ചിരുന്ന ബോര്‍ഡ് എടുത്തുമാറ്റി തുഷാര പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. തുഷാരയ്ക്കൊപ്പമുണ്ടായിരുന്നവര്‍ നകുലിന്റെ കാലിന് വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Non-halal food, Thushara and husband got arrested

We use cookies to give you the best possible experience. Learn more