| Sunday, 30th September 2018, 5:20 pm

വിഴിഞ്ഞം: 'ഇനി മീന്‍പിടിക്കാന്‍ പോകരുത്, നിങ്ങള്‍ മല്‍സ്യത്തൊഴിലാളികളല്ല'; തീരങ്ങളില്‍ നിന്നും കുടിയിറക്കപ്പെട്ട് കേരളത്തിന്റെ സൈന്യം

ജംഷീന മുല്ലപ്പാട്ട്

വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ മല്‍സ്യത്തൊഴിലാളികള്‍ക്ക് തങ്ങളുടെ പരമ്പരാഗത ജീവിത തൊഴിലായ മല്‍സ്യബന്ധനത്തില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞ മെയ് 31ന് ഗവര്‍ണര്‍ ഒപ്പിട്ട തുറമുഖ വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് കടലില്‍ പോകുന്നതില്‍ നിന്നും മല്‍സ്യത്തൊഴിലാളികളെ വിലക്കിയുള്ള നിര്‍ദേശങ്ങളുള്ളത്. അടിമലത്തുറയില്‍ നിന്നും മല്‍സ്യബന്ധനത്തിനു പോയിരുന്ന പരമ്പരാഗത മല്‍സ്യത്തൊഴിലാളികളെയാണ് ഈ വിലക്കുകള്‍ ബാധിക്കുക. കേവല വിലക്ക് മാത്രമല്ല ഇത്, മറിച്ച് ഇവര്‍ക്ക് കടലില്‍ പോയി ഉപജീവനം കണ്ടെത്താനുള്ള എല്ലാ മാര്‍ഗങ്ങളുമാണ് അദാനിയുടെ കമ്പനിയും കേരള സര്‍ക്കാരും ചേര്‍ന്ന് ഇല്ലാതാക്കിയിരിക്കുന്നത്.

അടിമലത്തുറ മുതല്‍ പൂവാര്‍ വരെയുള്ള പ്രദേശങ്ങളെ മല്‍സ്യബന്ധന നിരോധിത മേഖല (നോണ്‍ ഫിഷിംഗ് സോണ്‍) ആയി പ്രഖ്യാപിക്കാന്‍ പോകുകയാണ്. ഈ പ്രഖ്യാപനം വരുന്നതോടെ അടിമലത്തുറ മുതല്‍ പൂവാര്‍ വരെയുള്ള മേഖലയില്‍ മല്‍സ്യബന്ധനത്തിന് പോകാന്‍ സാധിക്കില്ല. എട്ട് മല്‍സ്യബന്ധന ഗ്രാമങ്ങളിലെ 7000 തൊഴിലാളികളാണ് ഈ മേഖലയിലെ മല്‍സ്യസമ്പത്തിനെ ആശ്രയിച്ചു ജീവിക്കുന്നത്. കൂടാതെ 2345 സ്ത്രീ തൊഴിലാളികളും മല്‍സ്യം വിറ്റ് ഉപജീവനം നടത്തുന്നുണ്ട്. മല്‍സ്യബന്ധന നിരോധിത മേഖല എന്ന പ്രഖ്യാപനം വരുന്നതോടെ പതിനായിരം തൊഴിലാളികളുടെ തൊഴില്‍ നഷ്ടമാവുമെന്ന് തീരദേശവാസിയായ വിപിന്‍ ദാസ് പറയുന്നു.


തുറമുഖത്തിനു വേണ്ടി വിഴിഞ്ഞത്ത് പുലിമുട്ട് നിര്‍മിക്കുമ്പോള്‍ അടിമലത്തുറ മുതല്‍ പൂവാര്‍ വരെയുള്ള 6 കിലോമീറ്റര്‍ കടലില്‍ മല്‍സ്യങ്ങളുടെ ലഭ്യത കുറയുമെന്ന് വിദഗ്ധരുടെ പഠനങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ അത് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ഈ മേഖലയിലുള്ള മല്‍സ്യങ്ങളുടെ ലഭ്യത വളരെ കുറഞ്ഞെന്ന് സര്‍ക്കാരിന്റെ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് ഈ മേഖലയില്‍ മല്‍സ്യബന്ധനത്തിനു പോയിരുന്ന തൊഴിലാളികളുടെ പുനരധിവാസം എന്ന നിലയില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കണക്കുകള്‍ പ്രകാരം 604 മല്‍സ്യത്തൊഴിലാളികള്‍ക്ക് 5.6 ലക്ഷം രൂപ വെച്ച് 33 കോടി 48 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്.

കുടിയിറക്കലിന്റെ ആദ്യ ഘട്ടത്തില്‍ ചെയ്തിരിക്കുന്നത് ചില രേഖകളില്‍ ഒപ്പിട്ടു വാങ്ങുകയാണ്. മല്‍സ്യത്തൊഴിലാളികള്‍ മല്‍സ്യബന്ധനത്തിനു പോകുന്ന കടല്‍ മേഖലയില്‍ തുറമുഖ കമ്പനിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്യഷ്ടിച്ചിട്ടുള്ള മല്‍സ്യസമ്പത്തിന്റെ കുറവ് മൂലം തങ്ങള്‍ക്ക് ഉപജീവനം സാധ്യമല്ലെന്നും ഇതിനുള്ള നഷ്ടപരിഹാരം തങ്ങള്‍ കൈപ്പറ്റിയിട്ടുണ്ടെന്നും സര്‍ക്കാറിന് എഴുതിക്കൊടുത്തിട്ടുണ്ട്. കൂടാതെ ഇവര്‍ ഉപയോഗിച്ചിരുന്ന 18 കരമടി വള്ളങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കമ്പനി പിടിച്ചെടുത്ത് സീല്‍ വെച്ചിട്ടുണ്ട്. ഈ മല്‍സ്യബന്ധന യാനങ്ങള്‍ വിട്ടുകൊടുത്ത് “നഷ്ടപരിഹാരം” വാങ്ങിയതോടെ മല്‍സ്യത്തൊഴിലാളികളെന്ന മേലെഴുത്ത് ഇവര്‍ക്ക് നഷ്ടമായി. ഒരു കരമടി വള്ളത്തില്‍ 30, 40 ആളുകളാണ് ജോലി ചെയ്യുന്നത്. മല്‍സ്യത്തൊഴിലാളികളെന്ന നിലയിലുള്ള ഒരു ആനുകൂല്യങ്ങളും അവകാശങ്ങളും ഇവര്‍ക്ക് ഇനി ലഭ്യമാകില്ല. ക്ഷേമ നിധി ബോര്‍ഡില്‍ അംഗത്വമുള്ളവരാണ് ഈ മല്‍സ്യത്തൊഴിലാളികള്‍ അത്രയും. ഇതടക്കം മല്‍സ്യത്തൊഴിലാളികളെന്ന നിലയിലുള്ള മുഴുവന്‍ തിരിച്ചറിയല്‍ രേഖകളിലും നഷ്ടപരിഹാരം വാങ്ങിയവരാണെന്ന് കാണിച്ച് സര്‍ക്കാര്‍ സീലു വെച്ചിട്ടുണ്ട്.


ഭാവിയില്‍ വേണമെങ്കില്‍ ഇവര്‍ക്ക് കടലില്‍ മീന്‍ പിടിക്കാന്‍ പോകാം, എന്നാല്‍ കടലില്‍ വെച്ച് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ഇവരുടെ വലക്കോ, ഉപകരണങ്ങള്‍ക്കോ സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കില്ല. കൂടാതെ മല്‍സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഒന്നും തന്നെ ഇവരുടെ മക്കള്‍ക്ക് ലഭിക്കില്ല. മല്‍സ്യത്തൊഴിലാളി മക്കള്‍ക്ക് പി.എച്ച്.ഡിക്ക് മാത്രം 7 ലക്ഷം രൂപയുടെ ഫിഷറീസ് സ്‌കോളര്‍ഷിപ്പുണ്ട്. ഇതൊന്നും ഉന്നതപഠനം നടത്തുന്ന ഇവരുടെ മക്കള്‍ക്ക് ലഭിക്കില്ലെന്ന് ജോണ്‍സണ്‍ ജാമെന്റ് പറയുന്നു. “തൊഴില്‍ നഷ്ട്‌പ്പെടുന്നതിനുള്ള നഷ്ടപരിഹാരം കൊടുത്താലും എന്തിനാണ് മല്‍സ്യത്തൊഴിലാളിയുടെ അവകാശം എടുത്തു കളഞ്ഞത്? ഇത് തീര്‍ത്തും മനുഷ്യാവകാശ ലംഘനമാണ്. തൊഴിലിനുവേണ്ടിയുള്ള അവകാശം നിഷേധിക്കലാണ്”. ജോണ്‍സണ്‍ ജാമെന്റ് പറയുന്നു. സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കില്ല എന്ന് റേഷന്‍കാര്‍ഡിലാണ് എഴുതി കൊടുത്തിരിക്കുന്നത്. ഇവരുടെ കാര്‍ഡ് ബി.പി.എല്ലില്‍ നിന്നും മാറ്റപ്പെടുമോ എന്നും ഇവര്‍ക്ക പേടിയുണ്ട്.

ഗവര്‍ണര്‍ ഒപ്പിട്ട ഉത്തരവിലെ പ്രധാന വ്യവസ്ഥകള്‍

1. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി പ്രദേശത്തെ വിവിധ മേഖലകളിലുള്ള ചിപ്പി, ലോബ്സ്റ്റാര്‍ മല്‍സ്യബന്ധനം നടത്തുന്നവര്‍, കരമടി ഉടമകള്‍, തൊഴിലാളികള്‍, പെന്‍ഷണര്‍മാര്‍, കട്ടമരം ഉടമകള്‍, തൊഴിലാളികള്‍, പെന്‍ഷണര്‍മാര്‍ എന്നീ വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് ജില്ലാ കലക്ടര്‍ അധ്യക്ഷനായ liac കമ്മറ്റിയുടെ ശുപാര്‍ശ പരിഗണിച്ച് പരാമര്‍ശം 1, 2 ഉത്തരവുകള്‍ പ്രകാരം നഷ്ടപരിഹാരം അനുവദിച്ചു.

2. അടിമലത്തുറ മല്‍സ്യഗ്രാമത്തിലുള്ള തൊഴിലാളികള്‍ മല്‍സ്യബന്ധനം നടത്തുന്നത് തീരത്തു നിന്നും 1.2-1.5 കിലോമീറ്റര്‍ ദൂരപരിധിയിലാണ്. തുറമുഖത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഈ ഭാഗങ്ങളില്‍ മല്‍സ്യലഭ്യത കുറവാണെന്നും ഇതു സംബന്ധിട്ട് liac അപ്പീല്‍ കമ്മറ്റി നിയമിച്ച ടെക്നിക്കല്‍ കമ്മറ്റി പഠനം നടത്തുകയുണ്ടായി. ഇതില്‍ മല്‍സ്യക്കുറവ് കണ്ടെത്തിയിട്ടുണ്ട്.


ALSO READ:  ഡിഗ്രിയും പി.ജിയും എം.ഫിലുമുണ്ട്; പക്ഷേ വയനാട്ടിലെ ആദിവാസികള്‍ക്ക് ജോലിയില്ല


3. സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ചു. ഈ പ്രദേശത്തെ കരമടി മല്‍സ്യത്തൊഴിലാളികളെ താല്‍ക്കാലികമായി പുനരധിവസിപ്പിച്ചാലും പിന്നീട് ഈ പ്രദേശം കപ്പല്‍ ചാലായി പ്രഖ്യാപിക്കുന്നതിലൂടെ ഇവിടെ മല്‍സ്യബന്ധനം നടത്താന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകും. അതുകൊണ്ട് ഈ മേഖലയിലെ തൊഴിലാളികളെ സ്ഥിരമായി തൊഴില്‍ നഷ്ടപ്പെടുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിക്കുകയും അതനുസരിച്ചുള്ള ശുപാര്‍ശ സമര്‍പ്പിക്കുവാന്‍ തുറമുഖ കമ്പനിയോട് നിര്‍ദേശിച്ച പ്രകാരം നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ഇക്കാര്യം വിശദമായി പരിശോധിച്ച് താഴെപറയുന്ന നിബന്ധനകള്‍ക്ക് വിധേയമായി പുനരധിവാസ പാക്കേജ് അംഗീകരിച്ച് ഉത്തരവാകുകയും ചെയ്തു.

4. അടിമലത്തുറ മേഖലയില്‍ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്നതോടെ പ്രദേശം നോണ്‍ ഫിഷിംഗ് സോണ്‍ ആയി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ വിഴിഞ്ഞം തുറമുഖ കമ്പനി സ്വീകരിക്കേണ്ടതാണ്. ലിസ്റ്റില്‍പ്പെട്ടവരുടെ ഉപകരണങ്ങള്‍ കമ്പനി മഹസ്സര്‍ തയ്യാറാക്കി സൂക്ഷിച്ചു വെക്കണമെന്നും ലേലം ചെയ്ത് മുതല്‍ കൂട്ടേണ്ടതാണെന്നും ഉത്തരവിലുണ്ട്.

അടിമലത്തുറ മുതല്‍ പൂവാര്‍ വരെയുള്ള മേഖലയിലാണ് തുറമുഖത്തിന്റെ കപ്പല്‍ ചാല്‍ വരുന്നത്. തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ട നിര്‍മാണത്തിലാണിത്. അതായത് കപ്പല്‍ ചാല്‍ പണിയുന്നതിനു മുമ്പ് അവിടെ നിന്നും മല്‍സ്യബന്ധനത്തിനു പോകുന്നത് നിര്‍ത്തലാക്കണം. ഇതിനു വേണ്ടിയാണ് പുനരധിവാസത്തിന്റെ പേരില്‍ സര്‍ക്കാരും കമ്പനിയും പണം നല്‍കിയിരിക്കുന്നതെന്ന് വിപിന്‍ ദാസ് പറഞ്ഞു. ഫലത്തില്‍ തങ്ങളുടെ പരമ്പരാഗത ഇടങ്ങളെ ഉപയോഗിക്കാന്‍ പറ്റാത്തവരായി മല്‍സ്യത്തൊഴിലാളികള്‍ മാറി. തിരുവനന്തപുരത്തെ തീരപ്രദേശത്തെ സംബന്ധിച്ച് ഇവിടുത്തെ മല്‍സ്യത്തൊഴിലാളികള്‍ തീരക്കടലില്‍ മല്‍സ്യം പിടിക്കാന്‍ പോകുന്നവരാണ്. ഇവര്‍ക്ക് മല്‍സ്യബന്ധനമല്ലാതെ മറ്റൊരു തൊഴിലും അറിയില്ല. ഇതൊക്കെ അറിഞ്ഞിട്ടും തുറമുഖ കമ്പനിയും സര്‍ക്കാരും ചേര്‍ന്നുള്ള ഒത്തുകളിയിലാണ് പുനരധിവാസം എന്ന പേരു പറഞ്ഞ് മല്‍സ്യത്തൊഴിലാളികളെ കുടിയിറക്കിയിരിക്കുന്നതെന്ന് വിപിന്‍ ദാസ് കൂട്ടിച്ചേര്‍ത്തു.


പുതിയതായി നിര്‍മിക്കുന്ന പുലിമുട്ടിന്റെ അറ്റം വരുന്നത് അടിമലത്തുറ വരെയാണ്. അടിമലത്തുറയിലാണ് ഏറ്റവും വിശാലമായ തീരമുള്ളതും. കൂടാതെ കപ്പല്‍ ചാലിന്റെ മൗത്ത് ആരംഭിക്കുന്നതും അടിമലത്തുറയിലാണ്. കമ്പനി ആദ്യം തീരുമാനിച്ചിരുന്നത് വിഴിഞ്ഞത്ത് കടല്‍ നികത്തി അവിടെ കപ്പലുകള്‍ക്ക് എത്തിപ്പെടാനുള്ള സൗകര്യം ഒരുക്കുക എന്നുള്ളതായിരുന്നു. എന്നാല്‍ തുറമുഖത്തിന്റെ നിര്‍മാണത്തിന് ആവശ്യമായ പാറകള്‍ ലഭ്യമല്ല എന്നുള്ളത് നിര്‍മാണത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ഇനിയും പതിനൊന്നുലക്ഷത്തി മുപ്പത്തെട്ടായിരത്തി അഞ്ഞൂറ് (11,38,500) ക്യുബിക് മീറ്റര്‍ കല്ലുകൂടി വേണം തുറമുഖ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍. മറ്റൊന്ന് ഓഖി ചുഴലിക്കാറ്റില്‍ പണിതീര്‍ന്നിരുന്ന 300 മീറ്റര്‍ പുലിമുട്ട് പൂര്‍ണമായും തകര്‍ന്നിരുന്നു. ഇതോടെ കടല്‍ നികത്തുക എന്ന പദ്ധതി അദാനി ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് തീരം കൂടുതലുള്ള അടിമലത്തുറ പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.

കപ്പലില്‍ കൊണ്ടുവരുന്ന കണ്ടെയ്‌നറുകള്‍ ഇറക്കി വെക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കാനാണ് ഇപ്പോള്‍ അടിമലത്തുറയിലെ മല്‍സ്യത്തൊഴിലാളികളെ ഒഴിപ്പിക്കുന്നത്. തുറമുഖ പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടം വരുന്നതോടെ അടിമലത്തുറയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ ദൂരത്തിലുള്ള പുല്ലുവിളയുടെ വടക്കുവരെ കപ്പല്‍ ചാല്‍ നീളും. സ്വാഭാവികമായും ഈ ദൂരമത്രയും ഭാവിയില്‍ മത്സ്യബന്ധന നിരോധിത മേഖലയായി പ്രഖ്യാപിക്കും. തല്‍ഫലമായി ഇവിടെയും മല്‍സ്യത്തൊഴിലാളികള്‍ കുടിയിറക്കപ്പെടും. ഈ മേഖലയില്‍ അടുത്തകാലത്തായി രൂപപ്പെട്ട വിശാലമായ തീരത്തില്‍ നിരവധി ആളുകള്‍ താമസിക്കുന്നുമുണ്ട്- വിപിന്‍ ദാസ് പറയുന്നു.


ALSO READ:  ഓരോ മിനുറ്റിലും ആംബുലന്‍സുകള്‍ ചീറിപ്പായുന്നു; ഇന്തോനേഷ്യയില്‍ മരണസംഖ്യ 832


ഇനി കേരളത്തില്‍ ഹാര്‍ബറുക്കള്‍ നിര്‍മിക്കില്ല എന്ന് എല്‍.ഡി.എഫ് മന്ത്രിസഭ നിലവില്‍ വരുമ്പോള്‍ പറഞ്ഞിരുന്നു. എന്നാല്‍ മല്‍സ്യത്തൊഴിലാളികളുടെ ആവശ്യപ്രകാരം പണി പൂര്‍ത്തിയാക്കാത്ത മലപ്പുറം ജില്ലയിലെ ഒരു ഹാര്‍ബര്‍ പണി പൂര്‍ത്തിയാക്കി നല്‍കുമെന്നും തമിഴ്നാടിനോട് അടുത്തു കിടക്കുന്ന പൊഴിയൂരില്‍ മറ്റൊരു ഹാര്‍ബര്‍ പണിയുമെന്നും പ്രഖ്യാപിച്ചു. അതായത് ഈ പുതിയ കുടിയൊഴിപ്പിക്കല്‍ പ്രകാരം അടിമലത്തുറ മുതല്‍ പൂവാര്‍ വരെയുള്ള മല്‍സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാനാണ് പൊഴിയൂരില്‍ പുതിയ ഹാര്‍ബര്‍ പണിയുന്നതെന്ന് തീരദേശ വാസികള്‍ പറയുന്നു. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന പുലിമുട്ട് നിര്‍മാണം പൂര്‍ത്തിയാക്കിയാല്‍ ഒരിക്കലും ഇവിടെ നിന്നും കടലില്‍ പോകാന്‍ സാധിക്കില്ല. ഇപ്പോള്‍ തന്നെ ഹാര്‍ബറിന്റെ അകത്ത് തിരയടിക്കുന്നുണ്ട്. പുലിമുട്ട് വന്നാല്‍ മല്‍സ്യബന്ധനത്തിന് എല്ലാവരും പൊഴിയൂരിനെ ആശ്രയിക്കേണ്ടി വരും. വിഴിഞ്ഞത്ത് മാത്രമേ മല്‍സ്യബന്ധനത്തിനു പോകാന്‍ തടസ്സമുണ്ടാകൂ എന്നും മറ്റു തുറകളില്‍ നിന്നും പോകാം എന്നുമാണ് പദ്ധതി വരുമ്പോള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതിനൊക്കെ ഘടകവിരുദ്ധമായ പ്രവര്‍ത്തന്നങ്ങളാണ് അവിടെ നടക്കുന്നതെന്ന് തീരത്തുള്ളവര്‍ പറയുന്നു.

അതേസമയം, കോവളത്തും ശംഖുംമുഖത്തും ഇല്ലാതാക്കപ്പെട്ട മണല്‍ത്തീരവും വിഴിഞ്ഞം തുറമുഖ പദ്ധതിയും തമ്മില്‍ വലിയ ബന്ധമുണ്ടെന്ന് ജോണ്‍സണ്‍ ജാമെന്റ് പറയുന്നു. തുറമുഖ നിര്‍മാണത്തിന്റെ ഭാഗമായി തുടങ്ങിയ പുലിമുട്ട് നിര്‍മ്മാണത്തിനും ഡ്രഡ്ജിങ്ങിനും മുമ്പ് കോവളത്തും ശംഖുംമുഖത്തും ഉണ്ടായിരുന്ന തീരം ഇനി തിരിച്ചുവരില്ല. ഇതിനെ മനസ്സിലാക്കേണ്ടത് മല്‍സ്യത്തൊഴിലാളികളുടെ തനതു അറിവിന്റെ അടിസ്ഥാനത്തിലാണ്. “കടല്‍ കര അളക്കുന്നു”, അല്ലെങ്കില്‍ “കടല്‍ കര കുഴിക്കുന്നു” എന്ന താല്‍ക്കാലിക പ്രതിഭാസം ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ഉണ്ടാകുകയും ശേഷം അതെ അളവില്‍ മണല്‍ തിരിച്ചുവരുന്നതുമാണ്. എന്നാല്‍ വിഴിഞ്ഞം തുറമുഖത്തിന്റെ പുലിമുട്ട് നിര്‍മാണം തുടങ്ങിയതിനു ശേഷം മണല്‍ തിരിച്ചു വന്നിട്ടില്ലെന്ന് മല്‍സ്യത്തൊഴിലാളികള്‍ പറഞ്ഞിരുന്നു. ഈ മണല്‍ അടിമലത്തുറയുടെ ഭാഗങ്ങളിലേയ്ക്ക് മാറിയാണ് അവിടെ വിശാലമായ തീരം രൂപപ്പെട്ടത്. ഓരോ വര്‍ഷം കഴിയുന്തോറും കോവളത്തും ശംഖുംമുഖത്തും തീരം കുറഞ്ഞുവരും. അവയുടെ വടക്കു വശങ്ങളില്‍ അടിയേണ്ട മണല്‍ തിരിച്ചു വരാതിരിക്കാന്‍ പാകത്തില്‍ പുലിമുട്ടുകള്‍ മണലിന്റെ സഞ്ചാരത്തെ ദിശമാറ്റി വിടുന്നുണ്ട് ഇപ്പോളുള്ള തീരത്തേക്കാളും കുറച്ചുകൂടി തീരം കോവളത്തും ശംഖുംമുഖത്തും വരാന്‍ സാധ്യതയുണ്ട്. എങ്കിലും മുന്‍ വര്‍ഷങ്ങളിലേതു
പോലെ തീരം വരില്ല- ജോണ്‍സണ്‍ ജാമെന്റ് പറയുന്നു.

അന്താരാഷ്ട്ര തുറമുഖം നടത്തി ലാഭം കൊയ്യാമെന്ന് അദാനിക്കുപോലും സ്വപ്നമുണ്ടാവില്ലെന്നും ഒരു മുതല്‍മുടക്കുമില്ലാതെ കേരള സര്‍ക്കാര്‍ എഴുതിക്കൊടുത്ത നിലങ്ങള്‍ ബാങ്കില്‍ പണയത്തിന് കൊടുത്ത് നാലായിരം കോടി രൂപയുടെ ടൂറിസം ബിസിനസ് നടത്തി ലാഭമെടുക്കാനാണ് പ്ലാനെന്നും മല്‍സ്യത്തൊഴിലാളികള്‍ക്ക് വ്യക്തമായതായി വിപിന്‍ ദാസ് കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ ഏറ്റവും ജൈവസമ്പന്നമായ കടല്‍ മേഖലകളില്‍ ഒന്നാണ് വിഴിഞ്ഞം. വിഴിഞ്ഞം ഹാര്‍ബര്‍ നിര്‍മിക്കുന്നതിനുവേണ്ടി 40 വര്‍ഷത്തെ കരാറിനാണ് അദാനി ഗ്രൂപ്പുമായി സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടിരിക്കുന്നത്. ഒരുകാലത്തും മാറ്റം വരുത്തുവാന്‍ കഴിയാത്ത കരാരാണിത്. വിഴിഞ്ഞം പദ്ധതി സാമ്പത്തികമായി വന്‍നഷ്ടമാണെന്നും വാണിജ്യ പ്രാധാന്യമുള്ള ഒരു തുറമുഖമെന്ന നിലയിലോ പ്രകൃതിദത്ത തുറമുഖമെന്ന നിലയിലോ വിഴിഞ്ഞത്തെ പരിഗണിക്കാനാവില്ലെന്നും കേന്ദ്രസര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.


അദാനിയുമായി കേരള സര്‍ക്കാര്‍ നടത്തിയ ഒത്തുതീര്‍പ്പു വ്യവസ്ഥകളിലൂടെ പദ്ധതിച്ചെലവിന്റെ മൂന്നില്‍ രണ്ടുഭാഗം തുകയും കേരളത്തിന്റെ പൊതുഖജനാവില്‍ നിന്ന് ചെലവഴിക്കണം. വയബിലിറ്റി ഗ്യാപ് ഫണ്ടായി കേന്ദ്രത്തില്‍ നിന്നും ലഭിക്കുമെന്ന് പറയുന്ന തുക നിശ്ചിത കാലയളവിനകം കേരളം തിരിച്ചുനല്‍കേണ്ടതുണ്ട്. കൂടാതെ മൊത്തം പദ്ധതി പ്രദേശത്തിന്റെ മൂന്നിലൊന്ന് സ്ഥലം അദാനിയുടെ സ്വകാര്യ കമ്പനിക്ക് റിയല്‍ എസ്റ്റേറ്റിനായി വിട്ടുനല്‍കിയിട്ടുമുണ്ട്.  ഇത് ഈടുവച്ച് വായ്പയെടുക്കാന്‍ അദാനിക്ക് അവകാശം നല്‍കിയിരുന്നു. ഇവിടെ നടക്കുന്ന സ്വകാര്യ നിര്‍മ്മാണങ്ങള്‍ പോര്‍ട്ടിന്റെ പേരിലായതിനാല്‍ നിലവിലുള്ള തീരദേശ നിയന്ത്രണ നിയമങ്ങള്‍ ബാധകമല്ലതാനും.

ജംഷീന മുല്ലപ്പാട്ട്

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം

We use cookies to give you the best possible experience. Learn more