കോഴിക്കോട്: കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ പനിയും പകര്‍ച്ച വ്യാധികളും ഉള്‍പ്പെടെയുള്ള മറ്റ് രോഗങ്ങളുടെ ചികിത്സ സ്വകാര്യ ആശുപത്രികളില്‍ മാത്രമായി ക്രമീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. ഇതിനോട് അനുകൂലമായ നിലപാടാണ് സ്വകാര്യ ആശുപത്രികളും സ്വീകരിച്ചത്.
പനിയും മഴക്കാലത്ത് വരാനിടയുള്ള മറ്റ് പകര്‍ച്ചവ്യാധികളും ഉള്‍പ്പെടെ മറ്റ് രോഗങ്ങളുടെ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളെയും സജ്ജമാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.
കേരളത്തിലെ മെഡിക്കല്‍ കോളേജുകള്‍ അടക്കമുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ കൊവിഡ് ചികിത്സയ്ക്ക് വേണ്ടി കേന്ദ്രീകരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആലോചനയിലേക്ക് സര്‍ക്കാര്‍ കടന്നത്.
വിഷയത്തില്‍ സര്‍ക്കാരുമായി പ്രാരംഭ ഘട്ട ചര്‍ച്ചകള്‍ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ ആശുപത്രികളെ പ്രതിനിധാനം ചെയ്യുന്ന സംഘടനകള്‍ അവരുടെ നിര്‍ദേശങ്ങള്‍ ഇന്ന് സര്‍ക്കാരിന് മുന്‍പില്‍ സമര്‍പ്പിക്കുകയാണ്.
കഴിഞ്ഞ ദിവസം മന്ത്രി കെ.കെ.ശൈലജ സ്വകാര്യ ആശുപത്രി ഉടമകളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെങ്കിലും, സൗജന്യ നിരക്കിലെ ചികിത്സയിലടക്കം വ്യക്തത വന്നിരുന്നില്ല. തുടര്‍ന്നാണ് വിശദമായ റിപ്പോര്‍ട്ട് തിങ്കളാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചത്.
ചികിത്സാ രീതി, വിവിധ പരിശോധനകള്‍ക്കുള്ള നിരക്ക്, ശസ്ത്രക്രിയകള്‍ക്കും, മറ്റ് രോഗങ്ങളുമായെത്തുന്നവര്‍ക്ക് കൊവിഡ് പരിശോധനയ്ക്കുമുള്ള ഫീസ് എന്നിവയുള്‍പ്പെടെ റിപ്പോര്‍ട്ടില്‍ വിശദമാക്കിയിട്ടുണ്ടെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ വ്യക്തമാക്കി.
പൂര്‍ണ്ണമായി സൗജന്യം അനുവദിക്കണമെങ്കില്‍ സര്‍ക്കാര്‍ സഹായം വേണമെന്ന നിലപാടിലാണ് സ്വകാര്യ ആശുപത്രികള്‍.
മഴക്കാലമായതിനാല്‍ പനി വ്യാപകമാണ്. മഞ്ഞപ്പിത്തവും വയറിളക്കവും പടരുന്നുണ്ട്. ഇത് വലിയ പ്രതിസന്ധിയിലേക്ക് പോകുമെന്ന് കണ്ടതിനാലാണ് അടിയന്തരമായി മറ്റ് ചികിത്സ സ്വകാര്യ ആശുപത്രികളില്‍ മാത്രമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭിക്കുന്ന സൗജന്യ ചികിത്സ സര്‍ക്കാര്‍ മാനദണ്ഡപ്രകാരം ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്.
നിലവിലെ സാഹചര്യം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനത്തിലേക്ക് തങ്ങള്‍ എത്തിയതെന്ന് സ്വകാര്യ ആശുപത്രി പ്രതിനിധികള്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
‘കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാവുകയാണ്. മറ്റ് രോഗങ്ങളുമായി എത്തുന്നവരെ അതേ ആശുപത്രിയില്‍ ചികിത്സിക്കുന്നത് രോഗവ്യാപനത്തിന് കാരണമാകും. അതിനാലാണ് സ്വകാര്യ ആശുപത്രികളുടെ സഹകരണം ഉറപ്പാക്കി പുതിയ ചികിത്സാ സമ്പ്രദായം ആവിഷ്‌ക്കരിക്കുന്നത്.
കൊവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നുവന്നതോടെ തന്നെ സര്‍ക്കാര്‍ ആശുപത്രികള്‍ കൊവിഡ് ആശുപത്രികള്‍ ആക്കി മാറ്റേണ്ടി വരും. അങ്ങനെ വരുമ്പോള്‍ ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പോകുന്ന നോണ്‍ കൊവിഡ് ചികിത്സയ്ക്കായി പോകുന്നവരുടെ ചികിത്സ ബുദ്ധിമുട്ടിലാകും. അതോടെയാണ് അത് ഞങ്ങള്‍ ഏറ്റെടുക്കാമെന്ന നിലപാട് സ്വീകരിച്ചത്.
പ്രൊപ്പോസലിനോട് സര്‍ക്കാരിന്റെ പ്രതികരണം എങ്ങനെയാണെന്ന് അറിയണം. അതിന് ശേഷം മാത്രമേ ഇതില്‍ തീരുമാനമാകുകയുള്ളൂവെന്നാണ്’ കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഹുസൈന്‍ കോയ തങ്ങള്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞത്.
‘ ഞങ്ങള്‍ സര്‍ക്കാരിന് ഇന്ന് പ്രൊപ്പോസല്‍ കൊടുക്കും. ഞങ്ങള്‍ കുറച്ചുകാര്യങ്ങള്‍ സര്‍ക്കാരിനോട് ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അത് ഒരു പ്രൊപ്പോസല്‍ ആയി സമര്‍പ്പിക്കാന്‍ മന്ത്രി കെ.കെ ശൈലജ നിര്‍ദേശിക്കുകയായിരുന്നു. പ്രൊപ്പോസല്‍ സമര്‍പ്പിച്ച ശേഷം നേരിട്ട് ചര്‍ച്ച നടത്താനാണ് തീരുമാനം. നിലവില്‍ നോണ്‍ കൊവിഡ് കേസുകള്‍ എടുക്കാനാണ് നിര്‍ദേശം. സര്‍ക്കാര്‍ ആശുപത്രിയിലേക്ക് വരുന്ന രോഗികള്‍ക്ക് നിലവിലുള്ള സൗകര്യത്തില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കും.
ചികിത്സാ നിരക്കുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊക്കെ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമേ തീരുമാനത്തിലെത്താനാവുള്ളു. പ്രൊപ്പോസലില്‍ ചികിത്സാ നിരക്കുമായി ബന്ധപ്പെട്ട കാര്യങ്ങളിലുള്ള നിര്‍ദേശം വെച്ചിട്ടുണ്ട്. സര്‍ക്കാര്‍ അതിന് തയ്യാറാണെങ്കില്‍ അതുമായി മുന്നോട്ടുപോകാനാണ് തീരുമാനം’, ഹുസൈന്‍ കോയ തങ്ങള്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ സ്വകാര്യ ആശുപത്രികളും ഇത്തരമൊരു നിര്‍ദേശത്തില്‍ സന്നദ്ധത അറിയിച്ച് മുന്നോട്ടുവന്നിട്ടുണ്ട്. സ്വകാര്യ ആശുപത്രികളെ പ്രതിനിധാനം ചെയ്ത് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍, കാത്തലിക് ഹെല്‍ത്ത് ഇന്‍സ്റ്റിറ്റിയൂഷന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, പ്രൈവറ്റ് മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍, കാത്തലിക് സെല്‍ഫ് ഫിനാന്‍സ് മെഡിക്കല്‍ കോളേജ് അസോസിയേഷന്‍, ക്രൈസ്റ്റ് മാനേജ്‌മെന്റ് മെഡിക്കല്‍ കോളേജ് അസോസിയേഷന്‍ എന്നീ സംഘടനകളാണ് പ്രൊപ്പോസല്‍ തയ്യാറായിക്കിയിരിക്കുന്നത്.
സംസ്ഥാനത്തെ 1130ഓളം വരുന്ന സ്വകാര്യ ആശുപത്രികളും 20 ഓളം മെഡിക്കല്‍ കോളേജുകളുമാണ് മറ്റ് രോഗങ്ങളുടെ ചികിത്സയ്ക്ക് സന്നദ്ധത അറിയിച്ചിരിക്കുന്നത്.
അതേസമയം,സര്‍ക്കാരിന്റെ സൗജന്യ ചികിത്സയ്ക്ക് അര്‍ഹരായ ബി.പി.എല്‍ വിഭാഗത്തിന് സ്വകാര്യ ആശുപത്രികളില്‍ എങ്ങനെ സൗജന്യ ചികിത്സ നല്‍കുമെന്നതില്‍ വ്യക്തത വന്നിട്ടില്ല.
കാസ്പ് പദ്ധതി പ്രകാരം എംപാനല്‍ ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രികളില്‍ നടപ്പാക്കുന്നത് പോലെ സര്‍ക്കാര്‍ സഹായത്തോടെ താത്കാലികമായ സൗജന്യപദ്ധതി ആവിഷ്‌കരിക്കണമെന്നാണ് ആവശ്യം. സ്വകാര്യ ആശുപത്രികളിലെത്തുന്നവര്‍ക്ക് ആവശ്യമായ മരുന്നുകള്‍ സര്‍ക്കാര്‍ നല്‍കും.
ഇനി അഥവാ സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ നിറയുന്ന സ്ഥിതിയുണ്ടായാല്‍ തന്നെ സ്വകാര്യ ആശുപത്രികളിലും അവരെ പ്രവേശിപ്പിക്കാനുള്ള സംവിധാനങ്ങളും സര്‍ക്കാര്‍ ആലോചിച്ചിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിലെ 13 ലക്ഷത്തോളം ആരോഗ്യ പ്രവര്‍ത്തകരും ജീവനക്കാരും സര്‍ക്കാരിന്റെ ചികിത്സാ പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്..
കൊവിഡ്-19 പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെന്റ് നേരത്തെ തന്നെ വ്യക്തമാക്കിക്കഴിഞ്ഞതാണ്.
കൊവിഡ് ചികിത്സയ്ക്കും കൊവിഡ് ഇതര ചികിത്സയ്ക്കും എല്ലാവിധ പിന്തുണയും അറിയിച്ചതായി സ്വകാര്യ ആശുപത്രി അസോസിയേഷന്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്.
ലാബ്, വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള ആശുപത്രി സേവനങ്ങള്‍ അത്യാവശ്യഘട്ടങ്ങളില്‍ നല്‍കാന്‍ തയ്യാറാണെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജയുമായി നടത്തിയ ചര്‍ച്ചയിലും അവര്‍ അറിയിച്ചിട്ടുണ്ട്.
കൊവിഡ് പ്രതിരോധത്തിനായി വലിയ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ സ്വകാര്യ ആശുപത്രികളുടെ പങ്ക് വളരെ വലുതാണെന്ന് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പ്രതികരിച്ചു.
ഒരു വശത്ത് കൊവിഡ് ചികിത്സയോടൊപ്പം മറുവശത്ത് മറ്റ് രോഗങ്ങളുടെ ചികിത്സയും കൊണ്ടു പോകേണ്ടതുണ്ട്. മഴക്കാലമായതിനാല്‍ നിരവധി പകര്‍ച്ചവ്യാധി രോഗങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടിയാല്‍ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം കൂടി ആവശ്യമായി വരുമെന്നും നേരത്തെ തന്നെ സ്വകാര്യ ആശുപത്രികള്‍ സഹകരണം ഉറപ്പ് നല്‍കിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ