ആലുവ: ആലുവയില്‍ അതിക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ
സംസ്‌കാരം ഇന്ന്. പെണ്‍കുട്ടി പഠിച്ച തായ്ക്കാട്ടുകര സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചരിക്കുകയാണ്. പത്ത് മണിക്ക് കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക.
സഹപാഠികളും അധ്യാപകരും നാട്ടുകാരും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് പെണ്‍കുട്ടിക്ക് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്. രാവിലെ ഏഴരയോടെയാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. എട്ട് മണിയോടെ തന്നെ മൃതദേഹം സ്‌കൂളില്‍ എത്തിച്ചു.
പ്രതി അസ്ഫാക് ആലത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കുട്ടിയെ കൊലപ്പെടുത്തിയത് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്കാണെന്ന് പ്രതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ചോദ്യം ചെയ്യലിനോട് അസ്ഫാക് നിസഹകരണം തുടരുകയാണെന്നും കൃത്യമായ മറുപടി പറയുന്നില്ലെന്നുമാണ് പൊലീസ് പറയുന്നത്.
കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെക്കുറിച്ച് ഇയാള്‍ പൊലീസിനോട് ഒന്നും പറയുന്നില്ല. കഴിഞ്ഞ ദിവസവും പൊലീസിനെ തെറ്റിദ്ധപ്പിക്കുന്ന മൊഴികള്‍ ഇയാള്‍ നല്‍കിയുരന്നു.
കോടതിയില്‍ ഹാജരാക്കി വൈകീട്ടോടെ കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘം കരുതുന്നത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെ കൃത്യം നടന്ന സ്ഥലത്തടക്കം തെളിവെടുപ്പ് നടത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഒന്നര വര്‍ഷം മുന്‍പാണ് അസ്ഫക് ആലം കേരളത്തില്‍ എത്തിയത്. ഇയാള്‍ മോഷണക്കേസിലും മുമ്പ് പ്രതിയായിട്ടുണ്ട്.
പ്രതിയുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി കസ്റ്റഡിയിലുണ്ട്. ഇയാള്‍ക്ക് കുറ്റത്തില്‍ പങ്കുള്ളതായി തെളിഞ്ഞിട്ടില്ല. അസ്ഫാക്കിനെ കൂടാതെ മറ്റാര്‍ക്കെങ്കിലും കേസില്‍ പങ്കുണ്ടോ എന്ന അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗത്തും ആന്തരിക അവയവങ്ങള്‍ക്കും മുറിവുകളുള്ളതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ബലപ്രയോഗത്തിനിടെ മുറിവുകള്‍ സംഭവിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നത്.