ബെംഗളൂരു: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ രാജ്യസഭയിലേക്ക് മത്സരിക്കണമെന്നത് കോണ്‍ഗ്രസിന്റെ മാത്രം ആവശ്യമായിരുന്നില്ലെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. ഖാര്‍ഗെ രാജ്യസഭയിലെത്തണം എന്ന ആവശ്യം വിവിധ രാഷ്ട്രീയ കേന്ദ്രങ്ങളില്‍നിന്നും ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് ഇതര പാര്‍ട്ടികള്‍ സമാന ആവശ്യം ഉന്നയിച്ചെന്നും ഡി.കെ ശിവകുമാര്‍ പറഞ്ഞു.
‘കോണ്‍ഗ്രസ് മാത്രമല്ല, രാജ്യത്തിന്റെ പല ഭാഗത്തുനിന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ മുതിര്‍ന്ന നേതാവിനെ രാജ്യസഭയിലേക്ക് അയക്കണം എന്ന ആവശ്യവുമായി മുന്നോട്ടുവന്നിരുന്നു’, ഡി.കെ പറഞ്ഞു.
തിങ്കളാഴ്ചയാണ് ഖാര്‍ഗെ കര്‍ണാടകയില്‍നിന്നും രാജ്യസഭയിലേക്ക് മത്സരിക്കാനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ‘ഖാര്‍ഗെയെ മത്സരിപ്പിക്കാനുള്ള തീരുമാനം ഞങ്ങള്‍ ഐക്യകണ്‌ഠേന തീരുമാനിക്കുകയായിരുന്നു. എ.ഐ.സി.സി അധ്യക്ഷ സോണിയാ ഗാന്ധി അതിന് അംഗീകാരം നല്‍കി. പാര്‍ലമെന്റില്‍ ഖാര്‍ഗെ ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറും’, ഡി.കെ പറഞ്ഞു.
ജെ.ഡി.എസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡയും കര്‍ണാടകയില്‍നിന്നും രാജ്യസഭയിലേക്ക് മത്സരിക്കുന്നുണ്ട്. സോണിയാ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണ് ദേവഗൗഡയും മത്സരിക്കാനിറങ്ങുന്നത്. ഗൗഡയെ പിന്തുണയ്ക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനമെന്നും ഡി.കെ ശിവകുമാര്‍ വ്യക്തമാക്കി. ഞങ്ങളുടെ ദേശീയ നേതാക്കള്‍ എന്തു തീരുമാനിക്കുന്നുവോ അതിനൊപ്പം നില്‍ക്കാന്‍ ഞങ്ങള്‍ കര്‍മ്മബദ്ധരാണ് എന്നാണ് അദ്ദേഹം അറിയിച്ചത്.