ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. എന്നാല്‍ പ്രമേയത്തിന്മേലുള്ള ചര്‍ച്ചയും വോട്ടെടുപ്പും നീട്ടിവെച്ചു.
മാര്‍ച്ച് 31നായിരിക്കും ഇനി പാകിസ്ഥാന്‍ നാഷണല്‍ അസംബ്ലി ചേരുക.
പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനും പാകിസ്ഥാന്‍ മുസ്‌ലിം ലീഗ്- നവാസ് (പി.എം.എല്‍-എന്‍) പ്രസിഡന്റുമായ പ്രതിപക്ഷ നേതാവ് ഷഹബാസ് ഷെരീഫാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. ഇതിന് ശേഷമാണ് അസംബ്ലി രണ്ട് ദിവസത്തേക്ക് പിരിഞ്ഞത്.
342 അംഗങ്ങളുള്ള പാകിസ്ഥാന്‍ നാഷണല്‍ അസംബ്ലിയില്‍ ഭൂരിപക്ഷം തെളിയിക്കണമെങ്കില്‍ 172 അംഗങ്ങളുടെ പിന്തുണ നേടേണ്ടതുണ്ട്.
ഭരണകക്ഷിയായ ഇമ്രാന്‍ ഖാന്റെ തെഹരീക് ഇ ഇന്‍സാഫ് പാര്‍ട്ടിക്ക് 155 സീറ്റുകളാണുള്ളത്. അതുകൊണ്ട് ഭൂരിപക്ഷം തെളിയിക്കണമെങ്കില്‍ ഇമ്രാന്‍ ഖാന് സഖ്യ കക്ഷികളുടെ പിന്തുണ ആവശ്യമാണ്.
വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി, വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി ഫവാദ് ചൗധരി, ഊര്‍ജവകുപ്പ് മന്ത്രി ഹമദ് അസ്ഹര്‍, പ്രതിരോധ വകുപ്പ് മന്ത്രി പര്‍വേസ് ഖട്ടക്, ആഭ്യന്തര വകുപ്പ് മന്ത്രി ഷെയ്ഖ് റഷീദ് എന്നിവരാണ് ഇമ്രാന്‍ ഖാനെ പിന്തുണക്കുന്നവരില്‍ പ്രമുഖര്‍.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ നിയന്ത്രിച്ച് നിര്‍ത്തുന്നതിലും വിലക്കയറ്റം തടയുന്നതിലും പ്രധാനമന്ത്രി എന്ന നിലയില്‍ ഇമ്രാന്‍ ഖാന്‍ പരാജയപ്പെട്ടു, എന്നാണ് പ്രതിപക്ഷം ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം.
Content Highlight: Non confidence movement against Imran Khan tabled in Pakistan National Assembly