കോഴിക്കോട്: നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ മാതാവിന് ശിക്ഷ. സംഭവത്തില്‍ പ്രതിയായ ഓമശ്ശേരി സ്വദേശിനി ഹഫ്‌സത്തിന് ആയിരം രൂപയും കോടതി പിരിയുന്നത് വരെ നില്‍പ്പുശിക്ഷയുമാണ് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി വിധിച്ചത്.
അതേസമയം കേസില്‍ പ്രതികളായിരുന്ന കള്ളന്തോട് ഹൈദ്രോസ് തങ്ങള്‍, യുവതിയുടെ ഭര്‍ത്താവ് അബൂബക്കര്‍ എന്നിവരെ കോടതി വെറുതെ വിട്ടു. 2016 ലായിരുന്നു കേസിന് ആസ്പദമായ സംഭവം.
മുക്കം ഇ.എം.എസ് സഹകരണ ആശുപത്രിയിലായിരുന്നു സംഭവം. പ്രസവിച്ച് കുറച്ച് സമയം കഴിഞ്ഞ് കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചപ്പോള്‍ അബൂബക്കര്‍ ഇടപെട്ട് വിലക്കുകയായിരുന്നു.
പള്ളിയില്‍ നിന്ന് ബാങ്ക് അഞ്ചുതവണ വിളിക്കാതെ കുഞ്ഞിന് മുലപ്പാലോ വെള്ളമോ നല്‍കാന്‍ പാടില്ലെന്ന് അബൂബക്കര്‍ നിര്‍ബന്ധം പിടിച്ചു. ഇരുപത്തിനാല് മണിക്കൂര്‍ കഴിഞ്ഞിട്ടേ മുലപ്പാല്‍ കൊടുക്കാവൂ എന്നായിരുന്നു ഇയാളുടെ വാദം.
തനിക്ക് ഇക്കാര്യത്തില്‍ കളംതോട് സ്വദേശിയായ ഹൈദ്രോസ് തങ്ങളുടെ നിര്‍ദേശമുണ്ടെന്നും കുട്ടിക്ക് ഒന്നും സംഭവിക്കില്ലെന്നും അബൂബക്കര്‍ പറയുകയായിരുന്നു. ഇത്രയും നേരം കുഞ്ഞിന് മുലപ്പാല്‍ നല്‍കാതിരിക്കുന്നത് കുട്ടിയുടെ ജീവന്‍ അപകടത്തിലാക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇയാള്‍ വഴങ്ങിയില്ല. പിന്നീട് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി അബൂബക്കറുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല.
പിന്നീട് കുഞ്ഞിന്റെ ആരോഗ്യത്തിന് എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ ആശുപത്രി അധികൃതര്‍ ഉത്തരവാദിയല്ലെന്ന് അബൂബക്കറില്‍ നിന്ന് ഒപ്പിട്ട് വാങ്ങിയ ശേഷം ഇവരെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.
ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് ശ്യാമിലി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അബുബക്കറിനെയും ഹൈദ്രോസ് തങ്ങളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.ഇവര്‍ക്കെതിരെ കേസെടുക്കണമെന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഫോഴ്സും നിര്‍ദേശം നല്‍കിയിരുന്നു.
ഇതിനിടെ ഫേസ്ബുക്കിലൂടെ മാപ്പ് പറഞ്ഞ് പിതാവ് അബൂബക്കര്‍ രംഗത്ത് എത്തിയിരുന്നു. ‘മാപ്പ് ‘ തലക്കെട്ടിലുള്ള കുറിപ്പില്‍, പറ്റിയ അബദ്ധം അംഗീകരിക്കുന്നുവെന്നും തെറ്റിനെ ന്യായികരിക്കുകയല്ല തെറ്റുകള്‍ മനസ്സിലാക്കി സംഭവിച്ചത് ജനങ്ങളെ അറിയിക്കുകയാണെന്നുമായിരുന്നു ഇയാള്‍ പറഞ്ഞത്.
കുഞ്ഞിന് തേനും വെള്ളവും ആദ്യമേ നല്‍കിയതാണ്. മുലപ്പാല്‍ നല്‍കുന്നതിനെയാണ് എതിര്‍ത്തത്. മുലപ്പാല്‍ നല്‍കാതിരുന്നാലുള്ള ഭവിഷ്യത്ത് പിന്നീടാണ് അറിഞ്ഞത്. അന്ധവിശ്വാസവും മാനസിക അസ്വാരസ്യങ്ങളുമാണ് കാര്യങ്ങള്‍ ഇത്രത്തോളം വഷളാക്കിയത്. താന്‍ ചിലരാല്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്നും ഇത്തരത്തില്‍ ഇനി ആര്‍ക്കും സംഭവിക്കാതിരിക്കട്ടെയെന്നുമായിരുന്നു ഇയാള്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Non-breastfeeding of newborns; Punishment for the mother by leaving the father and hydros thangal