| Thursday, 1st November 2018, 9:14 pm

ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ഒന്നിച്ച് സര്‍ക്കാര്‍ രൂപീകരിക്കും; ചന്ദ്രബാബു നായിഡു നയിക്കും: ശരദ് പവാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ഒന്നിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുമെന്ന് എന്‍.സി.പി നേതാവ് ശരദ് പവാര്‍. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ എന്‍ ചന്ദ്രബാബു നായിഡു കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുമായി ഇതുസംബന്ധിച്ച ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ പാര്‍ട്ടികളെ ഒന്നിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി രാജ്യതലസ്ഥാനത്ത് യോഗം വിളിച്ചുചേര്‍ക്കുമെന്നും ശരദ് പവാര്‍ പറഞ്ഞു. ചന്ദ്രബാബു നായിഡുവുമായും ഫാറൂഖ് അബ്ദുള്ളയുമായും നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഒന്നിച്ചു പ്രവര്‍ത്തിച്ചാല്‍ ഭരണഘടനാ സ്ഥാപനങ്ങളേയും ജനാധിപത്യത്തേയും സംരക്ഷിക്കാനാവുമെന്നും പവാര്‍ പറഞ്ഞു. അതേസമയം, സി.ബി.ഐയും റിസര്‍വ് ബാങ്കും പോലെയുള്ള സ്ഥാപനങ്ങള്‍ക്കുമേല്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന കടന്നുകയറ്റങ്ങളില്‍ പവാര്‍ ആശങ്ക രേഖപ്പെടുത്തി.

“രാജ്യത്തെ സ്ഥിതിഗതികള്‍ ഓരോ ദിവസവും മോശമാകുന്നുവെന്ന സൂചന നല്‍കുന്നതാണ് സി.ബി.ഐയും ആര്‍.ബി.ഐയും പോലെയുള്ള സ്ഥാപനങ്ങള്‍ക്ക് മേലുള്ള ബി.ജെ.പിയുടെ കടന്നുകയറ്റം. ജനാധിപത്യം സംരക്ഷിക്കുന്നതിനുവേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്”- പവാര്‍ പറഞ്ഞു.


അതേസമയം, വരാന്‍ പോകുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തുമെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞിരുന്നു. അതിനായി രാഹുല്‍ ഗാന്ധിയുമായി സഹകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദുമായി ചന്ദ്രബാബു നായിഡു നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.

അടുത്തിടെ അദ്ദേഹം നടത്തുന്ന രണ്ടാമത്തെ ദല്‍ഹി സന്ദര്‍ശനമാണിത്. ബി.എസ്.പി നേതാവ് മായാവതി, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള, ബി.ജെ.പി മുന്‍ നേതാവ് യശ്വന്ത് സിന്‍ഹ, അരവിന്ദ് കെജ്‌രിവാള്‍ എന്നിവരുമായി അദ്ദേഹം കഴിഞ്ഞയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.

We use cookies to give you the best possible experience. Learn more