മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ നീരവ് മോദിയ്ക്കും മെഹുല്‍ ചോക്‌സിക്കുമെതിരെ ജാമ്യമില്ലാ വാറണ്ട്. ബാങ്ക് തട്ടിപ്പ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ പരാതിയിന്‍മേലാണ് പ്രത്യേക കോടതിയുടെ നടപടി.
നേരത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമുന്നില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് നീരവ് മോദിയ്ക്കും ചോക്‌സിക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സയിച്ചിരുന്നു. എന്നാല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് തന്നെ രണ്ടുപേരും രാജ്യം വിട്ടിരുന്നു.
സമന്‍സയിച്ചിട്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ ഹാജരാകാതിരുന്നതോടെയാണ് ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ഇതിനായി ഫെബ്രുവരി 27 ന് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ സമീപിക്കുകയായിരുന്നു. നീരവ് മോദിയ്‌ക്കെതിരെ ഇതിനോടകം മൂന്ന് സമന്‍സയിച്ചിട്ടുണ്ട്.
ചോക്‌സിക്കെതിരെയും മൂന്ന് സമന്‍സ് അയച്ചിട്ടുണ്ടെന്നും എന്നാല്‍ ഇതിനൊന്നും തന്നെ മറുപടി ലഭിച്ചിട്ടില്ലെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഹിതേന്‍ വെനെഗനോക്കര്‍ പറഞ്ഞു.