ന്യൂദല്‍ഹി: ബിസിനസ് ടുഡെ മാസികയുടെ കവര്‍ ചിത്രത്തിന് മഹാവിഷ്ണുവായി പോസ് ചെയ്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിക്കെതിരെ ആന്ധയിലെ അനന്ത്പൂര്‍ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ധോണിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഫെബ്രുവരി 25ന് കോടതിയില്‍ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ധോണിയെ പോലുള്ള സെലിബ്രിറ്റികള്‍ ആളുകളുടെ മതവികാരം വ്രണപ്പെടുത്തുമ്പോള്‍ ഉണ്ടാകുന്ന പ്രത്യാഘാതം ചിന്തിക്കണമായിരുന്നെന്നും പ്രശ്‌നങ്ങള്‍ മനസിലാക്കാതെ പണ സമ്പാദനത്തിനായി താരങ്ങള്‍ ശ്രമിക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തി.
2013 ഏപ്രിലില്‍ പുറത്തിറങ്ങിയ ബിസിനസ് ടുഡെ മാസികയുടെ കവര്‍ചിത്രമായാണ് മഹാവിഷ്ണുവിന്റെ വേഷത്തില്‍ ധോണിയുടെ ചിത്രം അച്ചടിച്ചു വന്നിരുന്നത്. ഹിന്ദു സംഘടനാ നേതാക്കള്‍ നല്‍കിയ പരാതിയില്‍ ഐ.പി.സി 295,34 വകുപ്പുകള്‍ പ്രകാരമാണ് ധോണിക്കെതിരെ കേസെടുത്തത്.
വിദേശപര്യടനത്തിന്റെ ഭാഗമായി ഓസ്‌ട്രേലിയയിലുള്ള ധോണി ജനുവരി 31നാണ് ഇന്ത്യയില്‍ തിരിച്ചെത്തുക.