| Monday, 6th May 2024, 9:53 pm

കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ പരാതിയില്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരെ ജാമ്യമില്ലാ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരെ ജാമ്യമില്ലാ കേസ്. ആര്യ രാജേന്ദ്രന് പുറമെ പങ്കാളിയായ എം.എല്‍.എ സച്ചിന്‍ ദേവിനെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തിയതായാണ് റിപ്പോര്‍ട്ട്. ഡ്രൈവര്‍ യദു നല്‍കിയ പരാതിയില്‍ കോടതി നിര്‍ദേശപ്രകാരമാണ് നടപടി.

നേരത്തെ എറണാകുളം സ്വദേശിയായ അഭിഭാഷകന്‍ നല്‍കിയ പരാതിയില്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. ബസ് തടഞ്ഞ് യാത്ര തടസപ്പെടുത്തിയെന്നും ഡ്രൈവറോട് മോശമായി പെരുമാറിയെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി നല്‍കിയത്. തുടര്‍ന്ന് പരാതിയില്‍ കേസെടുക്കാന്‍ കന്റോണ്‍മെന്റ് പൊലീസിന് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.

അതേസമയം ആര്യ രാജേന്ദ്രന് പുറമെ സച്ചിന്‍ ദേവ് എം.എല്‍.എ, മേയറുടെ സഹോദരന്‍, സഹോദരന്റെ പങ്കാളി എന്നിവര്‍ക്കെതിരെയും കേസെടുക്കണമെന്നായിരുന്നു ഡ്രൈവറിന്റെ പരാതിയിലുള്ള കോടതിയുടെ നിര്‍ദേശം.

തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതായിരുന്നു ഉത്തരവ്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസിനാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നത്.

ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും പൊതുഗതാഗതം സ്തംഭിപ്പിച്ചുവെന്നും ചൂണ്ടികാണിച്ചാണ് യദു കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. സംഭവത്തില്‍ ഡ്രൈവര്‍ യദു നേരത്തെ രണ്ട് തവണ പരാതി നല്‍കിയെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. മനുഷ്യാവകാശ കമ്മീഷനും വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇതിനുപിന്നാലെയാണ് മേയര്‍ക്കെതിരെയും എം.എല്‍.എക്കെതിരെയും പൊലീസ് കേസെടുത്തിരിക്കുന്നത്.

മേയറുടെ പരാതിയില്‍ ഡ്രൈവര്‍ക്കെതിരെയാണ് ആദ്യ കേസെടുത്തത്. ബസിലെ മെമ്മറി കാര്‍ഡ് കാണാതായതിനും കേസുണ്ട്. പാളയത്ത് സീബ്രാലൈനില്‍ വാഹനമിട്ട് ബസ് തടസപ്പെടുത്തുകയും ഗതാഗതക്കുരുക്കുണ്ടാക്കുകയും ചെയ്തതുകൂടാതെ സച്ചിന്‍ ദേവ് ബസില്‍ കയറി യാത്രക്കാരോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടുവെന്നുമുളള ആരോപണം നിലവില്‍ ഉയര്‍ന്നിട്ടുണ്ട്.

Content Highlight: Non-bailable case against Mayor Arya Rajendran on complaint of KSRTC driver

Latest Stories

We use cookies to give you the best possible experience. Learn more