കൊല്‍ക്കത്ത: രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് തെരഞ്ഞെടുക്കപ്പെട്ട എം.പി സ്വപാന്‍ ദാസ്ഗുപ്തയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. ഭരണഘടനയുടെ 10ാം ഷെഡ്യൂള്‍ പ്രകാരം ദാസ്ഗുപ്തയെ അയോഗ്യനാക്കണമെന്നാണ് മഹുവ ആവശ്യപ്പെട്ടിരിക്കുന്നത്.
പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ദാസ്ഗുപ്ത മത്സരിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് മഹുവ മൊയ്ത്ര അദ്ദേഹത്തിനെതിരെ വിമര്‍ശനവുമായി മുന്നോട്ടുവന്നത്. രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട എം.പിമാര്‍ക്ക് രാഷ്ട്രീയ അംഗത്വം സ്വീകരിക്കുന്നതിലുള്ള നിബന്ധനകള്‍ ദാസ്ഗുപ്ത ലംഘിച്ചുവെന്നും മഹുവ ചൂണ്ടിക്കാട്ടി.
സ്വപാന്‍ ദാസ്ഗുപ്ത പശ്ചിമ ബംഗാളില്‍ നിന്നുള്ള ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയാണ്. ഭരണഘടനയുടെ 10ാം ഷെഡ്യൂള്‍ പ്രകാരം തെരഞ്ഞെടുക്കപ്പെട്ട രാജ്യസഭാ എം.പി ചില നിബന്ധനകള്‍ പാലിക്കാതെ ഏതെങ്കിലും പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ അയോഗ്യനാകും. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ബി.ജെ.പിയില്‍ ചേര്‍ന്ന ദാസ്ഗുപ്ത അയോഗ്യനാക്കണമെന്ന് മഹുവ പറഞ്ഞു.
2016ലാണ് ദാസ്ഗുപ്തയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്ന പശ്ചാത്തലത്തിലാണ് ദാസ്ഗുപ്തയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് മഹുവ മുന്നോട്ടു വന്നത്.
ഏപ്രില്‍ ആറിന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളില്‍ കടുത്ത പോരാട്ടമാണ് ബി.ജെ.പിയും തൃണമൂലും തമ്മില്‍ നടക്കുന്നത്. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്കെതിരെ ആരോപണവുമായി ബി.ജെ.പി നേതാവ് സുവേന്തു അധികാരി മുന്നോട്ടു വന്നിരുന്നു.
നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം മമത സമര്‍പ്പിച്ച സത്യാവാങ്മൂലത്തില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നാണ് സുവേന്തുവിന്റെ ആരോപണം. ആറ് ക്രിമിനല്‍ കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടയാളാണ് മമതയെന്നും ഈ വിവരം സത്യാവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നുമാണ് സുവേന്തു പറഞ്ഞത്
തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് മാറിയ സുവേന്തു അധികാരിയുടെ മണ്ഡലമായ നന്ദിഗ്രാമില്‍ നിന്ന് ജനവിധി തേടാനൊരുങ്ങുകയാണ് മമത ബാനര്‍ജി.
താന്‍ നന്ദിഗ്രാമില്‍ നിന്ന് മത്സരിക്കുമെന്നും നന്ദിഗ്രാം എന്റെ ഭാഗ്യ സ്ഥലമാണെന്നുമായിരുന്നു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം നടന്ന പൊതുപരിപാടിയില്‍ മമത പറഞ്ഞത്.
2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പരാജയപ്പെടുത്തി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച് അധികാരത്തില്‍ എത്താന്‍ മമത ബാനര്‍ജിയെ സഹായിച്ചത് നന്ദിഗ്രാമിലെ കര്‍ഷകര്‍ക്കൊപ്പം നിന്നുള്ള പ്രവര്‍ത്തനമാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Nominated Rajya Sabha MP Swapan Dasgupta must be disqualified for joining BJP: Mahua Moitra