ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ തകര്‍പ്പന്‍ വിജയമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്. മുള്‍ട്ടാനില്‍ നടന്ന മത്സരത്തില്‍ 152 റണ്‍സിന്റെ വിജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 1-1ന് ഒപ്പമെത്താനും പാകിസ്ഥാനായി.
ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 366 റണ്‍സും തുടര്‍ ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് 291 റണ്‍സും നേടിയപ്പോള്‍ രണ്ടാം ഇന്ന്ങ്‌സില്‍ പാകിസ്ഥാന്‍ 221 റണ്‍സും ഇംഗ്ലണ്ട് 144 റണ്‍സും നേടി ഓള്‍ ഔട്ട് ആവുകയായിരുന്നു.
മൂന്ന് വര്‍ശങ്ങള്‍ക്ക് ശേഷം ആദ്യമായാണ് പാകിസ്ഥാന്‍ ഒരു ഹോം ടെസ്റ്റ് മത്സരം വിജയിക്കുന്നത്. 2021ല്‍ സൗത്ത് ആഫ്രിക്ക പര്യടനത്തിനെത്തിയപ്പോഴാണ് പാകിസ്ഥാന്‍ അവസാനമായി സ്വന്തം മണ്ണില്‍ ടെസ്റ്റ് മത്സരം വിജയിച്ചത്. തുടര്‍ച്ചയായ ആറ് ടെസ്റ്റ് തോല്‍വികള്‍ക്ക് ശേഷം ക്യാപ്റ്റന്‍ ഷാന്‍ മസൂദിനുള്ള ആശ്വാസ ജയം കൂടിയായിരുന്നു ഇത്. കഴിഞ്ഞ 11 ഹോം ടെസ്റ്റില്‍ ഏഴിലും പാകിസ്ഥാന്‍ പരാജയമറിഞ്ഞിരുന്നു.
മത്സരത്തില്‍ മുഴുവന്‍ ക്രഡിറ്റും അര്‍ഹിക്കുന്ന രണ്ട് താരങ്ങള്‍ കൂടെയുണ്ട്. പുതുമുഖങ്ങളായ സാജിദ് ഖാനും നൊമാന്‍ അലിക്കും മുമ്പിലാണ് ഇംഗ്ലണ്ട് തകര്‍ന്നത് എന്ന് തന്നെ പറയാം. ഒരു ടെസ്റ്റിലെ ഇരുപത് വിക്കറ്റുകളാണ് ഇരു താരങ്ങളും വീഴ്ത്തിയത്. ആദ്യ ഇന്നിങ്‌സില്‍ സാജിദ് ഖാന്‍ ഏഴ് വിക്കറ്റ് നേടി മിന്നും പ്രകടനം നടത്തിയപ്പോള്‍ നൊമാന്‍ അലി മൂന്ന് വിക്കറ്റ് സ്വന്തമാക്കി.
രണ്ടാം ഇന്നിങ്‌സില്‍ നൊമാന്‍ അലി എട്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ സാജിദ് രണ്ട് വിക്കറ്റും നേടി മികച്ച പിന്തുണ നല്‍കി. സ്പിന്‍ മാന്ത്രികത്തില്‍ ഒരു തകര്‍പ്പന്‍ നേട്ടമാണ് ഇരുവരും ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. ഒരു ടെസ്റ്റിലെ 20 വിക്കറ്റുകളും നേടിയ കൂട്ടുകെട്ടെന്ന റെക്കാഡാണ് സാജിദിനും നൊമാനും സ്വന്തമാക്കാന്‍ സാധിച്ചിത്.
സാജിദ് ഖാന്‍ (9) & നൊമാന്‍ അലി (11) – ഇംഗ്ലണ്ട് – മുള്‍ട്ടാന്‍ – 2024
ബോബ് മാസി (16) & ഡെന്നിസ് ലില്ലീ (4) – ഇംഗ്ലണ്ട് – ലോഡ്‌സ് – 1972
എഫ്. മെഹ്‌മൂദ് (13) & ഖാന്‍ മുഹമ്മദ് (7) – ഓസ്‌ട്രേലിയ – കറാച്ചി – 1956
ജിം ലേക്കര്‍ (19) & ടി. ലോക് – (1) – ഓസ്‌ട്രേലിയ – മാഞ്ചസ്റ്റര്‍ – 1956
രണ്ടാം ടെസ്റ്റില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുത്തു. ബാബര്‍ അസമിന് പകരക്കാരനായി ടീമില്‍ ഇടം നേടിയ കമ്രാന്‍ ഗുലാമിന്റെ സെഞ്ച്വറി കരുത്തില്‍ പാകിസ്ഥാന്‍ ആദ്യ ഇന്നിങ്സില്‍ 366 റണ്‍സ് നേടി. തന്റെ കരിയറിലെ ആദ്യ അന്താരാഷ്ട്ര മത്സരത്തില്‍ 118 റണ്‍സ് നേടി സെഞ്ച്വറി സ്വന്തമാക്കിയാണ് ഗുലാം തിളങ്ങിയത്.
77 റണ്‍സ് നേടിയ സയീം അയ്യൂബിന്റെ പ്രകടനവും ആദ്യ ഇന്നിങ്സില്‍ പാകിസ്ഥാന് തുണയായി. മുഹമ്മദ് റിസ്വാന്‍ (97 പന്തില്‍ 41), ആമിര്‍ ജമാല്‍ (69 പന്തില്‍ 37), ആഘാ സല്‍മാന്‍ (53 പന്തില്‍ 31) എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍.
ഇംഗ്ലണ്ടിനായി ആദ്യ ഇന്നിങ്സില്‍ ജാക് ലീച്ച് നാല് വിക്കറ്റ് വീഴ്ത്തി. ബ്രൈഡന്‍ ക്രേസ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മാത്യൂ പോട്സ് രണ്ട് വിക്കറ്റും നേടി. ഷോയ്ബ് ബഷീറാണ് ശേഷിച്ച വിക്കറ്റ് നേടിയത്.
ആദ്യ ഇന്നിങ്സിനിറങ്ങിയ ഇംഗ്ലണ്ടിന് സെഞ്ച്വറി നേടിയ ബെന്‍ ഡക്കറ്റിന്റെ പ്രകടനമാണ് തുണയായത്. 129 പന്തില്‍ 114 റണ്‍സാണ് താരം നേടിയത്. 34 റണ്‍സ് നേടിയ ജോ റൂട്ടാണ് ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ട് നിരയിലെ രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍. സാജിദ് ഖാന്‍ എന്ന കൊമ്പന്‍മീശക്കാരന് മുമ്പിലാണ് ഇംഗ്ലണ്ട് തകര്‍ന്നടിഞ്ഞത്. ഏഴ് വിക്കറ്റാണ് ഈ വലം കയ്യന്‍ ഓഫ് ബ്രേക്കര്‍ പിഴുതെറിഞ്ഞത്. ജോ റൂട്ട് അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ ഖാന്റെ നോട്ടത്തില്‍ ദഹിച്ചുപോയി.
ലീഡ് നേടി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് തുടക്കം പാളിയെങ്കിലും 221ലെത്തി. 89 പന്തില്‍ 63 റണ്‍സ് നേടിയ ആഘാ സല്‍മാനാണ് ടോപ് സ്‌കോറര്‍. ആദ്യ ഇന്നിങ്സിലേതെന്ന പോലെ ജാക്ക് ലീച്ച് തിളങ്ങി. ലീച്ച് മൂന്ന് വിക്കറ്റും ഷോയ്ബ് ബഷീര്‍ നാല് വിക്കറ്റും നേടി. ബ്രൈഡന്‍ ക്രേസും മാത്യു പോട്സും ചേര്‍ന്നാണ് ശേഷിച്ച വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
297 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഇംഗ്ലണ്ടിന് ഒരിക്കല്‍പപോലും അപ്പര്‍ഹാന്‍ഡ് നേടാന്‍ സാധിച്ചില്ല. നോമന്‍ അലിയും സാജിദ് ഖാനും ചേര്‍ന്ന് ഒന്നൊഴിയാതെ തലകള്‍ അരിഞ്ഞിട്ടു. ഒടുവില്‍ 144ന് പുറത്തായ ഇംഗ്ലണ്ട് 152 റണ്‍സിന്റെ തോല്‍വിയും ഏറ്റുവാങ്ങി. നൊമാന്‍ അലി എട്ട് വിക്കറ്റ് നേടി ടെന്‍ഫര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ രണ്ട് വിക്കറ്റുമായി സാജിദ് അലി മികച്ച പിന്തുണ നല്‍കി.
ഒക്ടോബര്‍ 24നാണ് പരമ്പരയിലെ സീരീസ് ഡിസൈഡര്‍ ടെസ്റ്റ് ആരംഭിക്കുന്നത്. റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയമാണ് വാശിയേറിയ പോരാട്ടത്തിന് വേദിയാവുന്നത്. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഒരു ഹോം ടെസ്റ്റ് സീരീസ് ജയമാണ് പാകിസ്ഥാന് മുമ്പിലുള്ളത്. ഇതേ പ്രകടനം ആവര്‍ത്തിച്ച് നാണക്കേടില്‍ നിന്നും രക്ഷപ്പെടാന്‍ പാകിസ്ഥാന് സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
Content Highlight: Noman Ali And Sajid Khan In Great Record Achievement