തിരുവനന്തപുരം: ലോകത്തിലെ അസാധാരണമായ അസമത്വം കൂടുതല്‍ തെളിച്ചത്തോടെ കാണിക്കാന്‍ കൊവിഡിന് കഴിഞ്ഞുവെന്നും അമേരിക്കയിലാണ് ഇത് ഏറ്റവുമധികം പ്രകടമായതെന്നും തത്വചിന്തകനും സാമൂഹിക നിരീക്ഷകനുമായ നോം ചോംസ്‌കി. അമേരിക്കയുടെ വംശീയ സ്വഭാവം ഒന്നുകൂടി തുറന്നു കാണിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പുതിയ ആശയങ്ങള്‍ ആരായാന്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച കേരള ഡയലോഗ് എന്ന തുടര്‍സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആറ് പതിറ്റാണ്ടിലേറെയായി അമേരിക്കയുടെ സാമ്പത്തിക ആക്രമണത്തിന് ഇരയാകുന്ന പാവം ക്യൂബയിലെ ഡോക്ടര്‍മാരാണ് ഇറ്റലിയിലേക്ക് പോയത്. ഏകാധിപത്യ ക്യൂബ അവരുടെ ഡോക്ടര്‍മാരെ മറ്റു രാജ്യങ്ങളിലേക്ക് നിര്‍ബന്ധിച്ച് തള്ളിവിടുന്നു എന്നാണ് ലിബറല്‍ മാധ്യമങ്ങള്‍ അപ്പോള്‍ പറഞ്ഞത്. ഇതാണ് നമ്മുടെ ലിബറല്‍ പ്രസ്സ്.’
ഇറ്റലിയിലേക്ക് മാത്രമല്ല, ക്യൂബയിലെ ആയിരക്കണക്കിന് ഡോക്ടര്‍മാര്‍ മറ്റു രാജ്യങ്ങളിലേക്കെല്ലാം പോയെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തേയും അദ്ദേഹം അഭിനന്ദിച്ചു. കേരളത്തെപ്പോലെ വളരെ കുറച്ച് സ്ഥലങ്ങളേ ഈ രീതിയില്‍ കൊവിഡിനെ നേരിട്ടിട്ടുള്ളൂ.
അമേരിക്കയുടെ ആക്രമണത്തില്‍ ശിഥിലമായ വിയറ്റ്നാമും മികച്ച രീതിയില്‍ ഈ മഹാമാരിയെ നേരിട്ടു. വിയറ്റ്നാമില്‍ ഒരു മരണം പോലും ഉണ്ടായിട്ടില്ല. ഓര്‍ക്കേണ്ടത് ചൈനയുമായി 1400 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് വിയറ്റ്നാം എന്നതാണ്.
സൗത്ത് കൊറിയയും സമര്‍ത്ഥമായാണ് ഈ മഹാമാരിയെ നിയന്ത്രിച്ച് നിര്‍ത്തിയത്. അവിടെ ലോക്ഡൗണ്‍ പോലും വേണ്ടിവന്നില്ല. തായ് വാനും ഹോങ്കോങ്ങും രോഗത്തെ നേരിട്ടു.
ന്യൂസിലാന്റ് ആകട്ടെ ഈ രോഗത്തെ തുടച്ചുനീക്കി. എന്നാല്‍ അമേരിക്കയില്‍ ഒരു ലക്ഷത്തിലേറെ പേര്‍ മരിച്ചു. മരണസംഖ്യ ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു.
യൂറോപ്യന്‍ യൂണിയനെയെടുത്താല്‍ ജര്‍മനിയാണ് ഒരുവിധം നല്ല രീതിയില്‍ ഈ രോഗത്തെ പ്രതിരോധിച്ചത്. അമേരിക്കയിലെപ്പോലെ വാണിജ്യാടിസ്ഥാനത്തിലുള്ള ആശുപത്രി സംവിധാനം ജര്‍മനി സ്വീകരിച്ചില്ല എന്നതാണ് അവര്‍ക്ക് രക്ഷയായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
40 വര്‍ഷത്തെ ഉദാരവത്ക്കരണം കഴിഞ്ഞപ്പോള്‍ 0.1 ശതമാനം ആളുകള്‍ 20 ശതമാനം സമ്പത്ത് കയ്യടക്കിവച്ചിരിക്കുന്നു. കറുത്തവരും സ്പെയിനില്‍ നിന്നും തെക്കേ അമേരിക്കയില്‍ നിന്നും വന്നവരുടെ പിന്‍മുറക്കാരുമാണ് അമേരിക്കയില്‍ ഏറ്റവുമധികം ദുരിതം ഈ വേളയില്‍ അനുഭവിച്ചത്. ഒരു തരത്തില്‍ ഡൊണാള്‍ഡ് ട്രംപ് പാവപ്പെട്ട കറുത്തവര്‍ഗ്ഗക്കാരെ കൊല്ലുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ