'ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥ അടുത്ത കാലത്തായി ഏറെ അധ:പതിച്ചു'; ഉമര്‍ ഖാലിദിനെ വിട്ടയക്കണമെന്ന ആവശ്യവുമായി നോം ചോംസ്‌കിയും അന്താരാഷ്ട്ര സംഘടനകളും
national news
'ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥ അടുത്ത കാലത്തായി ഏറെ അധ:പതിച്ചു'; ഉമര്‍ ഖാലിദിനെ വിട്ടയക്കണമെന്ന ആവശ്യവുമായി നോം ചോംസ്‌കിയും അന്താരാഷ്ട്ര സംഘടനകളും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th July 2022, 11:06 am

ന്യൂദല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥിയും ആക്ടിവിസ്റ്റുമായ ഉമര്‍ ഖാലിദിന്റെ അറസ്റ്റിനെ അപലപിച്ച് പ്രശസ്ത പണ്ഡിതനായ നോം ചോംസ്‌കി, മഹാത്മാഗാന്ധിയുടെ ചെറുമകന്‍ രാജ്‌മോഹന്‍ ഗാന്ധി എന്നിവരുള്‍പ്പെടെ അന്താരാഷ്ട്ര സംഘടനകള്‍ രംഗത്ത്.

അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ്, ഇന്ത്യന്‍ അമേരിക്കന്‍ മുസ്‌ലിം കൗണ്‍സില്‍, ദലിത് സോളിഡാരിറ്റി ഫോറം, ഇന്ത്യ സിവില്‍ വാച്ച് ഇന്റര്‍നാഷനല്‍ എന്നീ സംഘടനകളും പ്രസ്താവനയില്‍ ഒപ്പുവെച്ചു.

ദീര്‍ഘകാലം ഒരാളെ വിചാരണ തടവിലിടുന്നത് തെറ്റാണെന്നും അപലപനീയമാണെന്നും നോം ചോംസ്‌കി ചൂണ്ടിക്കാട്ടി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന്റെ പേരിലാണ് ഉമര്‍ ഖാലിദിനെ അക്രമവുമായി ബന്ധിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചത്. സംസാരിക്കാനും പ്രതിഷേധിക്കാനുമുള്ള തന്റെ ഭരണഘടനാപരമായ അവകാശം ഉമര്‍ ഖാലിദ് വിനിയോഗിക്കുകയായിരുന്നു എന്നതാണ് അയാള്‍ക്കെതിരെയുള്ള ഏക വിശ്വസനീയമായ തെളിവെന്നും നോം ചോംസ്‌കി ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥ അടുത്ത കാലത്തായി ഏറെ അധപതിച്ചു പോയെന്നും ഇത് ഏറെ വേദനയുണ്ടാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സാഹചര്യത്തില്‍ യുവ ആക്ടിവിസ്റ്റുകളിലാണ് പ്രതീക്ഷയെന്നും നോം ചോംസ്‌കി പറഞ്ഞു.

നിരവധി തവണ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി ആവശ്യം നിരസിക്കുകയായിരുന്നു.
കര്‍കര്‍ഡൂമ കോടതിയാണ് ഗൂഢാലോചനക്കേസില്‍ ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിച്ചത്.

പൗരത്വ സമരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ ദല്‍ഹി പൊലീസ് 2020ലാണ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തത്. ദല്‍ഹിയില്‍ കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഷഹീന്‍ബാഗിലെ സമരസ്ഥലം ഉമര്‍ ഖാലിദ് സന്ദര്‍ശിക്കുകയും അവിടെ സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ 2020 ഓഗസ്റ്റില്‍ ഇദ്ദേഹത്തെ ദല്‍ഹി പൊലീസ് ചോദ്യം ചെയ്തു.

ദല്‍ഹിയിലെ ചാന്ദ്ബാഗില്‍ നടന്ന കലാപക്കസുമായി ബന്ധപ്പെട്ടാണ് ഉമര്‍ ഖാലിദിനെതിരെ 2020 ജൂലൈയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
ഇതില്‍, അന്നത്തെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി ഉമര്‍ ഖാലിദും താഹിര്‍ ഹുസൈനും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും പൊലീസ് ആരോപിച്ചിരുന്നു.

2020 മാര്‍ച്ച് ആറിനാണ് ദല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് ഉമറിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ദല്‍ഹിയില്‍ വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാന്‍ ഉമറും സുഹൃത്തുക്കളും ഗൂഢാലോചന നടത്തി എന്നായിരുന്നു ഇതില്‍ പറഞ്ഞത്.

എന്നാല്‍, ബി.ജെ.പി ഐ.ടി സെല്ലില്‍ നിന്ന് പടച്ചുവിട്ട വീഡിയോ ദൃശ്യങ്ങളായിരുന്നു ഉമറിന്റെ പ്രസംഗമെന്ന പേരില്‍ ചാനലുകള്‍ പ്രചരിപ്പിച്ചതെന്ന് ഉമറിന്റെ അഭിഭാഷകന്‍ ത്രിദീപ് പയസ്
ദല്‍ഹി കോടതിയില്‍ അറിയിച്ചിരുന്നു.

Content highlight: Nom chomsky and  international organizations seeks bail of activist umar khalid