ലോകത്തിലെ ഏറ്റവും വലിയ ബ്രാന്റുകളിലൊന്നായിരുന്നു ഒരു കാലത്ത് നോക്കിയ. എന്നാല്‍ സ്മാര്‍ട്ട്‌ഫോണ്‍ വ്യവസായ രംഗത്തെ പുത്തന്‍മാറ്റങ്ങള്‍ക്കൊപ്പം നീങ്ങാന്‍ കഴിയാതെ വന്നപ്പോള്‍ കമ്പനി തകര്‍ച്ച നേരിടുകയും ചെയ്തു.
ആപ്പിള്‍ സാംസങ് പോലുള്ള കമ്പനികള്‍ നോക്കിയെ പിന്തള്ളി മുമ്പിലേക്കു കയറി. ഒടുവില്‍ 2014ല്‍ കമ്പനിയ്ക്ക് അവരുടെ ഫോണ്‍ ബിസിനസ് മൈക്രോസോഫ്റ്റിനു വില്‍ക്കേണ്ടിവരികയും ചെയ്തു.
എന്നാല്‍ ഇപ്പോഴൊരു തിരിച്ചുവരവിനൊരുങ്ങുകയാണ് നോക്കിയ എന്നാണ് റിപ്പോര്‍ട്ട്. ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകളിലൂടെയും ടാബ്ലറ്റുകളിലൂടെയുമാണ് നോക്കിയ തിരിച്ചുവരാന്‍ ശ്രമിക്കുന്നത്.
ഈവര്‍ഷത്തിന്റെ നാലാം പാദത്തില്‍ മൂന്നോ നാലോ നോക്കിയ ബ്രാന്‍ഡഡ് ഡിവൈസുകള്‍ പുറത്തിറക്കുമെന്ന് നോക്കിയ ചൈന പ്രസിഡന്റ് മൈക്ക് വാങ് സ്ഥിരീകരിച്ചതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
മൈക്രോസോഫ്റ്റും നോക്കിയയുമായുണ്ടാക്കിയ കരാര്‍ അനുസരിച്ച് 2016ന്റെ അവസാന പാദം വരെ നോക്കിയയ്ക്ക് സ്വന്തം ബ്രാന്റ് നെയിമില്‍ ഉല്പന്നങ്ങള്‍ പുറത്തിറക്കാനാവില്ല. അതുകൊണ്ടാണ് ഈ വര്‍ഷം അവസാനം തെരഞ്ഞെടുത്തതെന്നാണ് റിപ്പോര്‍ട്ട്.
നോക്കിയ നേരത്തെ സ്മാര്‍ട്ട്‌ഫോണുകള്‍ തയ്യാറാക്കിയ പ്ലാന്റുകളില്‍ നിന്നല്ല ഈ ഫോണുകള്‍ നിര്‍മ്മിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. എച്ച്.എം.ഡി ഗ്ലോബല്‍ എന്ന കമ്പനിയിലാണ് ഫോണ്‍ നിര്‍മ്മാണം നടക്കുക.