നോയിഡ: ഒമ്പത് വര്ഷം നീണ്ട നിയമ പോരാട്ടത്തിന് വിരാമമിട്ട് നോയിഡയിലെ സൂപ്പര്ടെക് ഇരട്ട ടവറുകള് ഞായറാഴ്ച തകര്ത്തു. 3,700 കിലോഗ്രാം സ്‌ഫോടകവസ്തുക്കള് ഉപയോഗിച്ചതിന് ശേഷം ഏകദേശം ഒമ്പത് സെക്കന്ഡിനുള്ളിലാണ് ടവറുകള് തകര്ന്ന് വീണത്. കുത്തബ് മിനാറിനേക്കാള് 100 മീറ്ററോളം ഉയരമുള്ള കെട്ടിടങ്ങളായിരുന്നു അപെക്സ്, സെയാന് എന്നീ ടവറുകള്. ടവറുകള് തകര്ത്തത് വലിയ പൊടിപടലങ്ങള് സൃഷ്ടിക്കുകയും അന്തരീക്ഷം മലിനമാക്കുകയും ചെയ്തിരുന്നു.
മലിനീകരണത്തിന്റെ തോത് നിരീക്ഷിക്കുന്നതിനായി പരിസ്ഥിതി വകുപ്പിന്റെ ആറ് പ്രത്യേക യന്ത്രങ്ങള് കെട്ടിടങ്ങള് പൊളിക്കുന്ന സ്ഥലത്ത് സ്ഥാപിച്ചിരുന്നു. ഇതു സംബന്ധിച്ചുള്ള റിപ്പോര്ട്ടുകള് ഉടന് പുറത്തുവരുമെന്ന് അധികൃതര് അറിയിച്ചിട്ടുണ്ട്. ‘സ്‌ഫോടനത്തിന് മുമ്പും, ശേഷവുമുള്ള മലിനീകരണ തോത് രേഖപ്പെടുത്തും. പി.എം 10, പി.എം 2.5 എന്നിവയുടെ അളവ് ഈ യന്ത്രങ്ങള് വഴി പരിശോധിക്കും. അതിന്റെ റിപ്പോര്ട്ട് അടുത്ത 24 മണിക്കൂറിനുള്ളില് വരും.’ ടെക്‌നീഷ്യന് ഉമേഷ് പറഞ്ഞു. 32 നിലകളുള്ള അപെക്സ്, 29 നിലകളുള്ള സെയാന് എന്നീ ടവറുകള് പൊളിക്കുമ്പോള് ഏകദേശം 35,000 ക്യുബിക് മീറ്റര് അവശിഷ്ടങ്ങള് അവശേഷിപ്പിക്കുമെന്നും, ഇത് നീക്കം ചെയ്യാന് കുറഞ്ഞത് മൂന്ന് മാസമെങ്കിലും എടുക്കുമെന്നും അധികൃതര് അറിയിച്ചു.