ന്യൂദല്‍ഹി: കഴിഞ്ഞ പത്തു മാസങ്ങള്‍ക്കിടെ കുടിച്ചു തീര്‍ത്തത് 775 കോടി രൂപയുടെ മദ്യം. കേരളത്തിലെ കാര്യമല്ല പറയുന്നത്. രാജ്യ തലസ്ഥാനത്തുള്ള നോയിഡയില്‍ നിന്നാണ് ഈ കണക്ക്. ഈ സാമ്പത്തിക വര്‍ഷം (2017 ഏപ്രില്‍ ഒന്നുമുതല്‍ 2018 ജനുവരി 31 വരെ) ഇതുവരെ നോയിഡക്കാര്‍ കുടിച്ചു തീര്‍ത്തത് 775 കോടി രൂപയുടെ മദ്യമാണെന്നാണ് കണക്ക്.
ഇക്കണക്കിനാണ് പോകുന്നതെങ്കില്‍ ഗൗതം ബുദ്ധ് നഗറിലെ ആകെ മദ്യവില്‍പ്പന ഇക്കൊല്ലം 930 കോടി രൂപ കടക്കുമെന്നാണ് കണക്കാക്കുന്നത്. വില കൂടിയ മദ്യത്തിന്റെ ഉപഭോഗവും മദ്യപിക്കുന്ന സ്ത്രീകളുടെ എണ്ണവും കൂടിയിട്ടുണ്ടെന്ന് ജില്ലാ എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.
“2017-2018 സാമ്പത്തിക വര്‍ഷം ജനുവരി വരെ രാജ്യത്തിന്റെ ആകെ മദ്യ ഉപഭോഗം 66.71 ലക്ഷം ലിറ്ററാണ്. 750 മില്ലി ലിറ്ററിന്റെ 46.22 ലക്ഷം ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യകുപ്പികളും, 650 മില്ലി ലിറ്ററിന്റെ 123 ലക്ഷം ബിയര്‍ കുപ്പികളും ഇതുവരെ വിറ്റുപോയി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11.3 ശതമാനമാണ് മദ്യ ഉപഭോഗത്തിലെ വര്‍ധന. ബിയറിന്റെ കാര്യത്തില്‍ ഈ വര്‍ധന 1.49 ശതമാനമാണ്. ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ ഉപഭോഗം 12.45 ശതമാനമാണ് വര്‍ധിച്ചത്.” -ഗൗതം ബുദ്ധ് നഗര്‍ ജില്ലാ എക്‌സൈസ് ഓഫീസര്‍ രാകേഷ് സിങ് പറഞ്ഞു.
ദല്‍ഹിയില്‍ മദ്യത്തിന് വില കുറവാണെന്നതാണ് ഇവിടെ വില്‍പ്പന ഉയരാന്‍ കാരണം. അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ളവരും രാജ്യതലസ്ഥാന പരിധിയിലുള്ള മദ്യശാലകളില്‍ നിന്നാണ് മദ്യം വാങ്ങുന്നത്.
സ്ത്രീകളുടെ ഇടയിലെ മദ്യ ഉപഭോഗവും വര്‍ധിച്ചിട്ടുണ്ട്. ദല്‍ഹിയിലേതു പോലെ നോയിഡയിലും മാളുകളില്‍ മദ്യം ലഭ്യമാക്കണമെന്നാണ് മദ്യം ഉപയോഗിക്കുന്ന സ്ത്രീകളുടെ ആവശ്യം.