നോയിഡയില്‍ ചൈനീസ് യുവാവ് ഇന്ത്യന്‍ പതാക വലിച്ചു കീറി; പ്രദേശത്ത് സംഘര്‍ഷാവസ്ഥ
India
നോയിഡയില്‍ ചൈനീസ് യുവാവ് ഇന്ത്യന്‍ പതാക വലിച്ചു കീറി; പ്രദേശത്ത് സംഘര്‍ഷാവസ്ഥ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th March 2017, 6:53 pm

ഗ്രെയിറ്റര്‍ നോയിഡ: നൈജീരിയ സ്വദേശികളായ വിദ്യാര്‍ത്ഥികളെ ആക്രമിച്ച സംഭവത്തിനു പിന്നാലെ ഗ്രെയിറ്റര്‍ നോയിഡയില്‍ വീണ്ടും സംഘര്‍ഷം. ചൈനീസ് പൗരനായ ഓപ്പോ ഫാക്ടറി തൊഴിലാളി ഇന്ത്യന്‍ പതാക വലിച്ചു കീറിയെന്നാരോപിച്ചാണ് നോയിഡ 63 മേഖലയില്‍ പ്രതിഷേധം നടക്കുന്നത്.

ഒപ്പോ മൊബൈല്‍സിന്റെ ഫാക്ടറി തൊഴിലാളിയായ ചൈനീസ് യുവാവ് ഇന്ത്യന്‍ പതാക വലിച്ചു കീറി ഷോപ്പിന്റെ മുന്നില്‍ വലിച്ചെറിയുകയുമായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. നിരവധി ഇന്ത്യാക്കാര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു.

പതാക വലിച്ചു കീറിയെന്ന് ആരോപിക്കപ്പെടുന്ന ചൈനീസ് യുവാവിനെതിരെ ആക്ഷന്‍ എടുക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ പ്രകടനം നടത്തുന്നത്. പരിസരം സിസി ടിവി ക്യാമറകളാല്‍ നിരീക്ഷിക്കപ്പെടുന്നുണ്ടെന്നും പരിശോധിച്ച് കുറ്റാരോപിതനെതിരെ ഉചിതമായ നടപടിയെടുക്കുന്നതുവരെ പിന്നോട്ട് പോകില്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

രാജ്യത്തിന്റെ പതാകയെ അപമാനിച്ചത് മാപ്പു നല്‍കാന്‍ കഴിയാത്ത പിഴവാണെന്ന് പ്രതിഷേധക്കാരുടെ നേതാവായ വിനീത് ആര്യ പറയുന്നു.


Also Read: ‘തമിഴ് സൂപ്പര്‍ ഹീറോ സൂര്യ ഇസ്‌ലാം മതം സ്വീകരിച്ചുവോ?’ വീഡിയോയ്ക്ക് പിന്നിലെ സത്യം വെളിപ്പെടുത്തി താരത്തിന്റെ അടുത്ത കേന്ദ്രങ്ങള്‍


അതേസമയം, കുറ്റാരോപിതനായ ചൈനീസ് യുവാവിനെ കമ്പനിയില്‍ നിന്നും പിരിച്ചു വിട്ടു. പ്രൊഡക്ഷന്‍ മാനേജരായിട്ടായിരുന്നു ഇയാള്‍ ജോലി ചെയ്തു വന്നിരുന്നത്. സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.