നോയിഡ: യു.പിയിലെ ഗ്രേറ്റർ നോയിഡയിൽ 70കാരന്റെ മൃതശരീരം 17 ദിവസത്തോളം ഫ്രീസറിൽ മറന്നുവെച്ച് ആശുപത്രി അധികൃതർ. ഗ്രേറ്റർ നോയിഡയിലെ ഗവണ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ് (ജിംസ്) സംഭവം.
ജൂലൈ 22ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വയോധികൻ മസ്തിഷ്കാഘാതത്തെ തുടർന്ന് സെപ്റ്റംബർ 23ന് മരണപ്പെട്ടു. തുടർന്ന് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. രോഗിയെ ആശുപത്രിയിൽ എത്തിച്ച വ്യക്തിയെ ചികിത്സയിലുടനീളം ബന്ധപ്പെടാൻ സാധിച്ചില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
ആരും ശ്രദ്ധിക്കാതെ മൃതശരീരം 17 ദിവസം മോർച്ചറിയിലായിരുന്നു എന്ന വിവരം ഈ ആഴ്ചയാണ് പുറത്തുവന്നത്. സംഭവത്തിൽ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.
രോഗിയെ ആശുപത്രിയിൽ എത്തിച്ച വ്യക്തിയെ ബന്ധപ്പെടാൻ പലതവണ ശ്രമിച്ചിട്ടും പരാജയപ്പെട്ടതിനെ തുടർന്ന് മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നുവെന്നും പിന്നീട് ഈ കാര്യം മറന്നുപോയെന്നുമാണ് അധികൃതർ അറിയിക്കുന്നത്. 17 ദിവസങ്ങൾക്ക് ശേഷം ആശുപത്രി അധികൃതർ കസ്ന പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പൊലീസോ മറ്റോ ആശുപത്രിയിൽ കൊണ്ടുവിട്ട് പോകുന്ന പരാശ്രയമില്ലാത്ത മൂന്ന് രോഗികൾ കൂടി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും അവരുടെ ആവശ്യങ്ങളും മറ്റും കൈകാര്യം ചെയ്യുവാൻ പ്രയാസപ്പെടുകയാണെന്നും ആശുപത്രി അധികൃതർ പറയുന്നു.
Content Highlight: Noida Hospital Forgets Body In Freezer For 17 Days