നോയിഡ: നോയിഡയില്‍ സ്ത്രീയെ അപമാനിച്ച സംഭവത്തില്‍ ബി.ജെ.പി പ്രവര്‍കത്തകനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ഉത്തര്‍പ്രദേശ് വനിതാ കമ്മീഷന്‍. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ബി.ജെ.പി പ്രവര്‍ത്തകന്‍ ശ്രീകാന്ത് ത്യാഗിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്.
സ്ത്രീയെ ആക്രമിക്കുന്ന സംഭവം ശ്രദ്ധയില്‍പ്പെട്ട കമ്മീഷന്‍ അധ്യക്ഷ വിംല ബാതം ജില്ലാ മജിസ്ട്രേറ്റിനോടും പൊലീസ് സൂപ്രണ്ടിനോടും സംസാരിക്കുകയും പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
പരിഷ്‌കാരങ്ങള്‍ സംഭവിച്ച ഒരു സമൂഹത്തെ സംബന്ധിച്ച ഇത്തരം അസഭ്യങ്ങള്‍ അംഗീകരിക്കാനാകില്ല. ഇനിയൊരാളും ഇത്തരത്തില്‍ സ്ത്രീകളോട് മോശമായി പെരുമാറാത്ത വിധത്തില്‍ തന്നെ പ്രതികള്‍ക്ക് ശിക്ഷ നല്‍കണമെന്നും കമ്മീഷന്‍ പൊലീസിനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞയാഴ്ച നോയിഡയിലായിരുന്നു സംഭവം. സെക്ടര്‍-93 ബിയിലെ ഗ്രാന്‍ഡ് ഒമാക്‌സ് സൊസൈറ്റിയില്‍ ത്യാഗിയും ഒരു സ്ത്രീയും തമ്മില്‍ തര്‍ക്കമുണ്ടായി. ത്യാഗി മരം നടാന്‍ ശ്രമിക്കുന്നതിനിടെ നിയമലംഘനം ചൂണ്ടിക്കാട്ടി സ്ത്രീ അതിനെ എതിര്‍ത്തിരുന്നു. എന്നാല്‍ ഇത് ചെയ്യുന്നത് തന്റെ സ്വാതന്ത്ര്യമാണെന്നായിരുന്നു ത്യാഗിയുടെ വാദമെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവത്തിന്റെ നിരവധി വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വീഡിയോയില്‍ ത്യാഗി സ്ത്രീയെ മര്‍ദിക്കുന്നതും അവരെ അസഭ്യം പറയുന്നതും വ്യക്തമാണ്.
2019ല്‍ ത്യാഗി തന്റെ വീടിന്റെ ബാല്‍ക്കണി വലുതാക്കിയിരുന്നുവെന്നും ബില്‍ഡിങ്ങിന്റെ കോമണ്‍ ലോണ്‍ ഏരിയയില്‍ തൈകള്‍ നട്ടുപിടിപ്പിച്ചിരുന്നുവെന്നും യുവതിയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കോമണ്‍ ലോണ്‍ ഏരിയയില്‍ ത്യാഗി തനിക്ക് വേണ്ടി തന്നെ ഒരു പ്രത്യേക ഭാഗം ഉണ്ടാകാനുള്ള ശ്രമത്തിലായിരുന്നുവെന്നും യുവതി പറഞ്ഞു. ഇത് ചോദ്യം ചെയ്യാനെത്തിയതിനാണ് ത്യാഗി തന്നെ മര്‍ദിച്ചതെന്നും അസഭ്യം പറഞ്ഞതെന്നും സ്ത്രീ പറഞ്ഞു.
രണ്ട് വര്‍ഷം മുമ്പ് കൈയേറ്റം ആരംഭിച്ചെങ്കിലും നോയിഡ അതോറിറ്റി പ്രതിക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് ഗ്രാന്‍ഡ് ഒമാക്സ് അപ്പാര്‍ട്ട്മെന്റ് ഉടമകളുടെ അസോസിയേഷന്‍ വ്യക്തമാക്കുന്നത്. ത്യാഗിയുടെ പ്രവര്‍ത്തനങ്ങള്‍ മറ്റ് താമസക്കാര്‍ക്ക് പ്രയാസമുണ്ടാക്കുന്നുണ്ടെന്ന കാര്യം അറിയിച്ചിട്ടും ബോര്‍ഡിന്റെയും താമസക്കാരുടെയും അഭ്യര്‍ത്ഥനകള്‍ അവഗണിച്ചായിരുന്നു ത്യാഗിയുടെ പുതുക്കല്‍ പണികള്‍.
അതേസമയം ത്യാഗിയുടെ അനധികൃതമായ നിര്‍മാണങ്ങളെല്ലാം നോയിഡ അധികൃതര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയാണ്. സ്ത്രീയെ അപമാനിച്ച സംഭവത്തില്‍ നിലവില്‍ പ്രതിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354-ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.
ത്യാഗിക്കെതിരെ കേസെടുത്തതിന് പിന്നാലെ സ്ത്രീയുടെ അഡ്രസ് ആവശ്യപ്പെട്ട് ഏതാനും ബി.ജെ.പി പ്രവര്‍ത്തകര്‍ അപ്പാര്‍ട്ടമെന്റില്‍ എത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ തന്നെ ബി.ജെ.പിയെ എതിര്‍ത്തും രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പി സര്‍ക്കാര്‍ ആണ് ഭരിക്കുന്നതെന്ന് പറയാന്‍ നാണക്കേടുണ്ടെന്ന് നോയിഡ എം.പിയും ബി.ജെ.പി നേതാവുമായ മഹേഷ് ശര്‍മ പറഞ്ഞതായി ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Content Highlight: Noida assault case; woman asks police to tae action as soon as possible