| Tuesday, 28th June 2022, 5:42 pm

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അവസ്ഥ കണ്ട് റൊണാള്‍ഡൊ തല ചൊറിഞ്ഞ് നില്‍ക്കുകയായിരിക്കും; മുന്‍ പ്രീമിയര്‍ ലീഗ് താരം

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ വര്‍ഷം ഒരു ട്രോഫി പോലും നേടാന്‍ സാധിക്കാതെയായിരുന്നു പ്രീമയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സീസണ്‍ അവസാനിപ്പിച്ചത്. ഒരുപാട് പ്രമുഖ താരങ്ങള്‍ അടുത്ത സീസണില്‍ ടീമില്‍ നിന്നും മാറുകയാണ്.

ഈ ഒരു സാഹചര്യത്തിലും യുണൈറ്റഡ് ഇതുവരേയും പുത്തന്‍ താരങ്ങളെ സൈന്‍ ചെയ്തിട്ടില്ലായിരുന്നു. പോള്‍ പോഗ്ബ, കവാനി, ലിങാര്‍ഡ്, ജുവാന്‍ മാറ്റ എന്നിവര്‍ ക്ലബ്ബ് വിടാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ ഇവര്‍ക്ക് പകരം നല്ല കളിക്കാരേയൊന്നും ഇതുവരെ യുണൈറ്റഡ് സൈന്‍ ചെയ്തിട്ടില്ല. ഈ കൊല്ലം ചാമ്പ്യന്‍സ് ലീഗ് കളിക്കാന്‍ യുണൈറ്റഡിന് സാധിക്കില്ല.

ഈ ഒരു സാഹചര്യത്തില്‍ റൊണാള്‍ഡൊ ടീമില്‍ നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് മുന്‍ ലീഡ്‌സ് യുണൈറ്റഡ് ഫോര്‍വേഡ് നോയല്‍ വീലന്റെ അഭിപ്രായം. റൊണാള്‍ഡോക്ക് പുതിയ കോച്ചുമായി കളിക്കണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാല്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ മാഞ്ചസ്റ്റര്‍ ചലനമൊന്നും സൃഷ്ടിക്കാത്തത് അദ്ദേഹത്തെ പ്രകോപിപ്പിക്കുന്നുണ്ടെന്നും ഫാബ്രിസിയോ റൊമാനൊ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

‘റൊണാള്‍ഡോയ്ക്ക് വേണ്ടത് ടേബിളിന്റെ മുകളില്‍ വെല്ലുവിളി ഉയര്‍ത്തുക എന്നതാണ്. അവന്‍ ഒരു സീരിയല്‍ വിജയിയാണ്, എന്നാല്‍ യുണൈറ്റഡ് മൈലുകള്‍ അകലെയാണ്. തന്റെ കരിയറില്‍ മിക്കവാറും എല്ലാ വര്‍ഷവും അവന്‍ ഒരു ലീഗോ കപ്പോ നേടിയിട്ടുണ്ട്. അതിനാല്‍ യുണൈറ്റഡിന്റെ ഈ അവസ്ഥയില്‍ തല ചൊറിഞ്ഞിരിക്കുകയായിരിക്കും റോണൊ,’ വീലന്‍ പറഞ്ഞു.

മിസ്റ്റര്‍ ചാമ്പ്യന്‍സ് ലീഗ് എന്നറിയപ്പെടുന്ന റൊണാള്‍ഡോയ്ക്ക് ഈ കൊല്ലത്തെ ചാമ്പ്യന്‍സ് ലീഗില്‍ മത്സരിക്കാന്‍ സാധിക്കില്ല. 2003ല്‍ അരങ്ങേറിയതിന് ശേഷം ആദ്യമായാണ് താരം ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാതെ പുറത്തിരിക്കുന്നത്.

റൊണാള്‍ഡോയുടെ ഭാവിയെ കുറിച്ചും വീലന്‍ സംസാരിച്ചിരുന്നു.

‘ഈ സ്‌ക്വാഡിലെ നിലവാരം അയാള്‍ക്കറിയാം. യുണൈറ്റഡിന് ധാരാളം പണം ചെലവഴിച്ചാല്‍ മാത്രമേ നിലനില്‍ക്കാന്‍ സാധിക്കുകയുള്ളു എന്ന് അയാള്‍ക്കറിയാം. അവര്‍ അത് ചെയ്യാന്‍ പോകുന്നില്ലെങ്കില്‍, റോണൊ അവിടെ തുടരുമെന്ന് ഞാന്‍ കരുതുന്നില്ല. അവന്‍ എപ്പോഴും ഉണ്ടായിരുന്ന ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നു,’ വീലന്‍ പറഞ്ഞു.

‘ഒരുപക്ഷേ തന്റെ കരിയറില്‍ ആദ്യത്തെ തവണയായിരിക്കും അദ്ദേഹം ചാമ്പ്യന്‍സ് ലീഗിന് പുറത്ത് കളിക്കുന്നത്. യുണൈറ്റഡ് വലിയ തുക ചെലവഴിക്കുന്നില്ലെങ്കില്‍, അവര്‍ക്ക് റോണൊയെ വിട്ടയക്കേണ്ടിവരും. 21/22 ന് സമാനമായ ഒരു സീസണ്‍ അവന്‍ ആഗ്രഹിക്കുന്നില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ സീസണില്‍ യുണൈറ്റഡ് മോശം പ്രകടനമായിരുന്നു എങ്കിലും മികച്ച കളിയായിരുന്നു റൊണാള്‍ഡൊ ടീമിനായി കാഴ്ചവെച്ചത്. 38 മത്സരത്തില്‍ നിന്നും 24 ഗോളാണ് താരം യുണൈറ്റഡിനായി അടിച്ചുകൂട്ടിയത്.

Content Highlight: Noel Whelan says Ronaldo is not happy  at manchester united’s situation

We use cookies to give you the best possible experience. Learn more