അരുന്ധതി റോയിയുടെ പ്രോസിക്യൂഷൻ, അധികാരദുർവിനിയോഗം: പ്രതിഷേധവുമായി ശരത് പവാറും ഉദ്ധവ് താക്കറെയും
India
അരുന്ധതി റോയിയുടെ പ്രോസിക്യൂഷൻ, അധികാരദുർവിനിയോഗം: പ്രതിഷേധവുമായി ശരത് പവാറും ഉദ്ധവ് താക്കറെയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th June 2024, 9:01 am

ന്യൂദൽഹി: യു.എ.പി.എ ചുമത്തി എഴുത്തുകാരി അരുന്ധതി റോയിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ദൽഹി ലെഫ്റ്റനെന്റ് ഗവർണർ വി.കെ. സക്സേനയുടെ തീരുമാനത്തിനെതിരെ വിമർശനവുമായി എൻ.സി.പി നേതാവ് ശരത് പവാർ. ദൽഹി ലെഫ്റ്റനെന്റ് ഗവർണറുടെ തീരുമാനം അധികാര ദുർവിനിയോഗമെന്ന് അദ്ദേഹം വിമർശിച്ചു.

മഹാവികാസ് അഘാഡി സഖ്യകക്ഷികളായ ശിവസേനയുടെ ഉദ്ധവ് താക്കറെ, മുതിർന്ന കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചൗഹാൻ എന്നിവർക്കൊപ്പം നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീരി നേതാവ് സയ്യിദ് അലി ഷാ ഗീലാനി, തെലുങ്ക് കവി വരവര റാവു എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.

’14 വർഷങ്ങൾക്ക് മുൻപ് ഒരുപരിപാടിയിൽ സംസാരിച്ച അരുന്ധതിറോയിയെ യു.എ.പി.എ ചുമത്തി പ്രോസിക്യൂട്ട് ചെയ്യാനുള്ള ദൽഹി ലെഫ്റ്റനെന്റ് ഗവർണറുടെ അനുമതി അധികാര ദുർവിനിയോഗമല്ലാതെ മറ്റൊന്നുമല്ല,’ അദ്ദേഹം പറഞ്ഞു.

നേരത്തെ പീപ്പിൾസ് ഡെമോക്രാറ്റിക്‌ പാർട്ടിയും അരുന്ധതി റോയിക്കും ഹുസൈനുമെതിരായ പ്രോസിക്യൂഷനിൽ വിയോജിപ്പ് പ്രകടിപ്പിച്ച് മുന്നോട്ടെത്തിയിരുന്നു.

ജമ്മുകശ്മീരിൽ മുൻ മുഖ്യമന്ത്രിയായ മെഹ്ബൂബ മുഫ്തിയും വിഷയത്തിൽ പ്രതികരിച്ചിരുന്നു. പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നൽകിയത് ഞെട്ടിപ്പിക്കുന്നെന്നാണ് മെഹ്ബൂബ പ്രതികരിച്ചത്.

ഫാസിസത്തിനെതിരെ ശക്തമായി പ്രതികരിക്കുകയും ഭരണകൂടത്തിന്റെ അനീതികൾക്കെതിരെ ശബ്ദിക്കുകയും ചെയ്ത അരുന്ധതി റോയിക്കെതിരെ യു.എ.പി.എ ചുമത്തിയത് ഞെട്ടിപ്പിക്കുന്നതാണ്,’ മെഹ്ബൂബ എക്‌സിൽ കുറിച്ചു.

 

അരുന്ധതി റോയിക്കൊപ്പം കാശ്മീർ സെൻട്രൽ യൂണിവേഴ്സിറ്റി മുൻ പ്രൊഫസറായ ഷെയ്ഖ് ഷൗക്കത്ത് ഹുസൈനെതിരെയും യു.എ.പി.എ ചുമത്തി നടപടിയെടുക്കാൻ ഗവർണർ അധികാരം നൽകുകയായിരുന്നു. 2010 ഒക്ടോബർ 21ന് ന്യൂദൽഹിയിൽ നടന്ന ‘ആസാദി ദി ഒൺലി വേ’ എന്ന സമ്മേളനത്തിൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് 2010 ഒക്ടോബര് 28ന് അരുന്ധതി റോയിയുടെയും ഹുസൈന്റേയും എതിരെ കേസ് എടുത്തിരുന്നു.

സമ്മേളനത്തിൽ വെച്ച് കാശ്മീരിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്തണമെന്ന് അരുന്ധതി റോയ് പറഞ്ഞെന്ന് ആരോപിച്ചായിരുന്നു കേസ് എടുത്തത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ സെക്ഷൻ 153 എ (വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ ), 153 ബി, സി.ആർ.പി.സി സെക്ഷൻ 196 പ്രകാരം അരുന്ധതിയെയും ഹുസൈനെയും പ്രോസിക്യൂട്ട് ചെയ്യാൻ ലെഫ്റ്റനെന്റ് ഗവർണർ വി.കെ. സക്സേന അനുമതി നൽകിയിരുന്നു.

Content Highlight : Nod to prosecute Arundhati Roy under UAPA ‘misuse of power’: Sharad Pawar and Udav Thakre