പാക് പരാമര്‍ശത്തില്‍ പ്രധാനമന്ത്രി മാപ്പു പറയണമെന്ന് പ്രതിപക്ഷം, ആരും മാപ്പ് പറയില്ലെന്ന് വെങ്കയ്യ നായിഡു; ബഹളത്തില്‍ മുങ്ങി രാജ്യസഭ
Gujarat Elections
പാക് പരാമര്‍ശത്തില്‍ പ്രധാനമന്ത്രി മാപ്പു പറയണമെന്ന് പ്രതിപക്ഷം, ആരും മാപ്പ് പറയില്ലെന്ന് വെങ്കയ്യ നായിഡു; ബഹളത്തില്‍ മുങ്ങി രാജ്യസഭ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th December 2017, 2:00 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാക് പരാമര്‍ശത്തില്‍ ആരും മാപ്പു പറയില്ലെന്ന് രാജ്യസഭാ അധ്യക്ഷനും രാഷ്ട്രപതിയുമായ വെങ്കയ്യ നായിഡു. ഗുജറാത്ത് തെരഞ്ഞെടുപ്പ് സമയത്ത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പാകിസ്താന്‍ പ്രസ്താവനയില്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധത്തെ വെങ്കയ്യ നായിഡു രൂക്ഷമായി വിമര്‍ശിച്ചു.

“ആരും മാപ്പുപറയാന്‍ പോവുന്നില്ല. ഇവിടെ ഒന്നും സംഭവിക്കില്ല. ഇനി ഇതുമായി ബന്ധപ്പെട്ട് സഭയില്‍ ഒരു പ്രസ്താവനയും നടത്തേണ്ട.”

സഭ തുടങ്ങിയ ശേഷം പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് ശൂന്യവേള രണ്ട് തവണ തടസ്സപ്പെട്ടിരുന്നു. പ്ലക്കാര്‍ഡും മുദ്രാവാക്യവും ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ ബഹളം. ഇത് ഇനിയും അനുവദിക്കാനാവില്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

പ്രശ്‌നത്തില്‍ പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങിയും പ്രതിഷേധിച്ചിരുന്നു. സഭയുടെ മാന്യത കാത്തു സൂക്ഷിക്കണമെന്നാവശ്യപ്പെട്ട് സഭാധ്യക്ഷന്റെ നിരന്തര മുന്നറിയിപ്പുണ്ടായതോടെയാണ് അംഗങ്ങള്‍ ഇരിപ്പിടത്തിലേക്ക് മടങ്ങിപ്പോയത്.

തുടര്‍ന്നാണ് വിഷയത്തില്‍ ഒരു തരത്തിലുള്ള മാപ്പുപറച്ചിലും ഉണ്ടാവില്ലെന്ന മുന്നറിയിപ്പുമായി ഉപരാഷ്ടപതി രംഗത്തെത്തിയത്. കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ നടത്തിയ സല്‍ക്കാര വിരുന്നില്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് പാകിസ്ഥാനുമായി ചര്‍ച്ച നടത്തിയെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആരോപണം.