| Saturday, 13th July 2019, 8:12 am

'ജയ് ശ്രീറാം' വിളിക്കാന്‍ ആരെയും നിര്‍ബന്ധിക്കരുത്; മതേതരത്വം ഭൂരിപക്ഷ സമുദായത്തിന്റെ ജീനിലിള്ളതെന്നും കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ‘ജയ് ശ്രീറാം’ വിളിക്കാന്‍ ആരെയും നിര്‍ബന്ധിക്കരുതെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. എന്‍.ഡി.ടി.വിയിലെ ഒരു ചര്‍ച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആള്‍കൂട്ട ആക്രണങ്ങള്‍ നിയന്ത്രിക്കാന്‍ ആവശ്യമായ നിയമങ്ങള്‍ ഇന്ത്യയില്‍ ഉണ്ടെന്നും എവിടെയൊക്കെ ആള്‍ക്കൂട്ട അക്രമങ്ങളുണ്ടോ അവിടെയൊക്കെ പെട്ടെന്നുള്ള നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം ചര്‍ച്ചയില്‍ പറഞ്ഞു.

തബ്രസ് അന്‍സാരി എന്ന യുവാവിനെ ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസിന്റേയും ഡോക്ടര്‍മാരുടേയും ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ട് വന്നതിന് തൊട്ടുപിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

ആള്‍ക്കൂട്ട ആക്രമണവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികളെ പിടികൂടാത്ത ഒരു കേസെങ്കിലും ഉണ്ടോയെന്നും മന്ത്രി ചോദിച്ചു.ആരും ആരേയും ഒന്നിനും നിര്‍ബന്ധിക്കരുതെന്നും എന്നാല്‍ വന്ദേമാതരം ചൊല്ലുന്നത് നിരസിക്കാന്‍ ആര്‍ക്കുമാവില്ലെന്നും മന്ത്രി പറഞ്ഞു.

റാം റാം എന്നാണ് ഒരു ഗ്രാമത്തില്‍ ചെല്ലുമ്പോള്‍ നിങ്ങളെ വിളിക്കുന്നത്. ന്യൂനപക്ഷങ്ങളാല്‍ അല്ല ഇന്ത്യ മതേതര രാജ്യമാവുന്നത്. മതേതരത്വം ഭൂരിപക്ഷ സമുദായത്തിന്റെ ജീനിലിള്ളതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

രാജ്യത്ത് നടന്ന ആള്‍കൂട്ട ആക്രമണങ്ങളില്‍ നടപടിയുണ്ടായിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ സംഭവം നടന്ന് നാല് മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടിയെന്നും രാജസ്ഥാനില്‍ ആറ് മാസമായി പ്രതികള്‍ ജയിലിലാണെന്നും മന്ത്രി പറഞ്ഞു.

DoolNews Video

We use cookies to give you the best possible experience. Learn more