| Saturday, 4th April 2020, 6:40 pm

എ.സിയും ഫ്രിഡ്ജും കംപ്യൂട്ടറും ഫാനും നിര്‍ത്തേണ്ട; പ്രധാനമന്ത്രിയുടെ 'ലൈറ്റ് അണയ്ക്കല്‍' ആഹ്വാനത്തില്‍ പുലിവാല് പിടിച്ച് ഊര്‍ജ്ജ മന്ത്രാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് ഒമ്പത് മിനുട്ട് നേരം ലൈറ്റുകള്‍ ഓഫാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിന് പിന്നാലെ നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം. വീടുകളിലെ വൈദ്യുതി വിളക്കുകള്‍ മാത്രം അണച്ചാല്‍ മതിയെന്നും തെരുവുവിളക്കുകള്‍, കംപ്യൂട്ടര്‍, ടി.വി, ഫാന്‍, എ.സി, ഫ്രിഡ്ജ് തുടങ്ങിയ ഉപകരണങ്ങള്‍ നിര്‍ത്തേണ്ടതില്ലെന്നും മന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെ വലിയ ആശയക്കുഴപ്പങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഊര്‍ജ്ജ മന്ത്രാലയം പ്രസ്താവനയിറക്കി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

ആശുപത്രികളിലെ വൈദ്യുതി ലൈറ്റുകള്‍, പൊതുസ്ഥലങ്ങളിലെ തെരുവ് വിളക്കുകള്‍, മുന്‍പല്‍ ഓഫീസുകള്‍, പൊലീസ് സ്റ്റേഷന്‍, അവശ്യ ഓഫീസുകള്‍ എന്നിവയിലെ എല്ലാ സേവനങ്ങളും അതേരീതിയില്‍ത്തന്നെ തുടരും. വീടുകളിലെ ലൈറ്റുകള്‍ അണയ്ക്കാന്‍ മാത്രമാണ് പ്രധാനമന്ത്രിയുടെ ആഹ്വാനമെന്നും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ഊര്‍ജ്ജ മന്ത്രാലയം സെക്രട്ടറി സഞ്ജിവ് നന്ദന്‍ സഹായ് ആണ് പ്രസ്താവന ഇറക്കിയിരിക്കുന്നത്.

വൈദ്യുതി ലൈറ്റുകള്‍ അണയ്ക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന വോള്‍ട്ടേജ് വ്യതിയാനത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രാലയം അറിയിച്ചു. ഉപഭോഗത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രാലയം പറഞ്ഞു.

നേരത്തെ, ദീപം കൊളുത്തുമ്പോള്‍ ആല്‍ക്കഹോള്‍ ബേസ്ഡ് ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക പ്രക്ഷേപണ ഏജന്‍സി പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു. സാനിറ്റിസറുകളില്‍ എഥൈല്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ളതിനാല്‍ പെട്ടെന്ന് തീപിടിക്കാന്‍ കാരണമാകുന്നതിനാലാണ് ഈ നിര്‍ദ്ദേശം.

We use cookies to give you the best possible experience. Learn more