| Thursday, 16th May 2024, 3:47 pm

സി.എ.എ ഇല്ലാതാക്കാന്‍ ധൈര്യമുള്ള ആരെങ്കിലും ജനിച്ചിട്ടുണ്ടോ, ആരൊക്കെ വന്നാലും നിയമം തടയാനാകില്ല; മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നുണകള്‍ പ്രചരിപ്പിച്ച് രാജ്യത്ത് കലാപം ഉണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സി.എ.എ ഇല്ലാതാക്കാന്‍ ധൈര്യമുള്ള ആരെങ്കിലും ജനിച്ചിട്ടുണ്ടോ എന്ന് തെരഞ്ഞെടുപ്പ് പ്രചരണ വേദിയില്‍ പ്രധാനമന്ത്രി ചോദിച്ചു. യു.പിയില്‍ നടന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണ വേദിയിലാണ് മോദിയുടെ പ്രസ്താവന.

രാജ്യത്തെയും വിദേശത്തെയും ആരൊക്കെ ശ്രമിച്ചാലും സി.എ.എ തടയാനാകില്ല. ആയിരക്കണക്കിന് ആളുകള്‍ക്ക് രാജ്യത്ത് പൗരത്വം നല്‍കുമെന്നും മോദി പറഞ്ഞു.

മോദിയുടെ ഗ്യാരന്റിക്കുള്ള തെളിവാണ് രാജ്യത്ത് സി.എ.എ പ്രകാരം പൗരത്വം നല്‍കിയതെന്നും മോദി പറഞ്ഞു. സി.എ.എ നിയമം തടയുമെന്നാണ് ഇന്ത്യാ സഖ്യം അവകാശപ്പെടുന്നതെങ്കിലും നിയമം തടയാന്‍ ആര്‍ക്കും സാധിക്കില്ല. നിയമം തടയാന്‍ എത്തുന്നവരെ താന്‍ നേര്‍ക്കുനേര്‍ നിന്ന് എതിര്‍ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും സി.എ.എ നിയമത്തിനെതിരെ നുണകള്‍ പ്രചരിപ്പിച്ചു. രാജ്യത്ത് കലാപം സൃഷ്ടിക്കുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. വ്യാജ മതേതരത്വത്തിന്റെ മൂടുപടമണിഞ്ഞ് ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും പരസ്പരം പോരടിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്,’ മോദി പറഞ്ഞു.

350 പേര്‍ക്ക് ഇതുവരെ സി.എ.എ നിയമപ്രകാരം രാജ്യത്ത് പൗരത്വം നല്‍കിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്. 25,000 പേര്‍ പൗരത്വത്തില്‍ അപേക്ഷ സമര്‍പ്പിച്ചതായും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തോടെയാണ് പൗരത്വം നല്‍കിയതെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു.

രാജ്യത്ത് പൗരത്വ നിയമം നടപ്പാക്കുന്നതിനെതിരെ നിരവധി ഹരജികള്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉള്ളതിനാല്‍ പൗരത്വം നല്‍കിയത് ശരിയായ നടപടി ആയില്ലെന്ന വിമര്‍ശനം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. സി.എ.എക്കെതിരെ 200ലധികം ഹരജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

Content Highlight: ‘Nobody can remove CAA’: PM Modi

We use cookies to give you the best possible experience. Learn more