ഹെലൻ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ശ്രദ്ധ നേടിയ നടനാണ് നോബിൾ തോമസ്. തുടർന്ന് ഹൃദയം, മുകുന്ദനുണ്ണി അസോസിയേറ്റ്സ് തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചു.
ഈയിടെ പുറത്തിറങ്ങിയ ഫിലിപ്സ് എന്ന ചിത്രത്തിലും ഒരു പ്രധാന വേഷത്തിൽ നോബിൾ തോമസ് എത്തിയിരുന്നു.
വിനീത് ശ്രീനിവാസനുമൊത്തുള്ള സൗഹൃദത്തെ കുറിച്ച് പറയുകയാണ് നോബിൾ തോമസ്. ഒരേ കോളേജിലാണ് ഇരുവരും പഠിച്ചിരുന്നത്. നോബിൾ ആദ്യമായി അഭിനയിച്ച ഹെലൻ എന്ന ചിത്രം നിർമിച്ചതും വിനീത് ആയിരുന്നു. ആദ്യമായി വിനീതിനെ കണ്ടുമുട്ടിയ രസകരമായ ഓർമ പങ്കുവെക്കുകയാണ് താരം.
ആദ്യമായി വിനീതിനെ കാണുമ്പോൾ താരത്തെ സീനിയേഴ്സ് റാഗ് ചെയ്യുകയായിരുന്നുവെന്നും ശ്രീനിവാസൻ അഭിനയിച്ച ‘പവിഴമല്ലി’ എന്ന പാട്ടിലെ ഒരു സീൻ വിനീത് അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നുവെന്നും നോബിൾ പറയുന്നു. 2008ൽ പുറത്തിറങ്ങിയ ‘പലവട്ടം’ എന്ന ആൽബം സോങ്ങിൽ ഇരുവരും ഒന്നിച്ചു വർക്ക് ചെയ്‌തിരുന്നെന്നും മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ നോബിൾ കൂട്ടിച്ചേർത്തു.
‘വിനീത് ശ്രീനിവാസൻ പണ്ട് മുതലേ ശാന്തനാണ്. ഞാൻ കോളേജിൽ ഫസ്റ്റ് ഇയർ പഠിക്കുമ്പോൾ ഒരു ദിവസം ക്ലാസിൽ നിന്ന് ഇറങ്ങി വരുമ്പോൾ ദൂരത്ത് ഒരാൾ നിൽക്കുന്നത് കണ്ടു. എന്റെ കൂടെ നടക്കുന്നവൻ അങ്ങോട്ട് ചൂണ്ടി കാണിച്ച് കൊണ്ട് പറഞ്ഞു, എടാ അതാണ് ശ്രീനിവാസന്റെ മകൻ എന്ന്.
അപ്പോൾ ഞാൻ കാണുന്ന സീൻ എന്താണെന്ന് വെച്ചാൽ കുറച്ച് സീനിയേഴ്സ് അവനെ റാഗ് ചെയ്തുകൊണ്ടിരിക്കുന്നതാണ്. പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം പാട്ടിൽ ശ്രീനി സാർ ചാടി ചാടി പോവുന്നില്ലേ, അതാണ് അവൻ ചെയ്തു കൊണ്ടിരിക്കുന്നത്.
അന്നാണ് വിനീതിനെ ആദ്യമായി ഞാൻ കാണുന്നത്. പിന്നെ ഞങ്ങൾ തമ്മിൽ കണ്ടു, സംസാരിച്ചു, പരിചയപ്പെട്ടു. അങ്ങനെ അന്ന് മുതലുള്ള കൂട്ടാണ്. പിന്നെ 2008ൽ പലവട്ടം എന്ന ഒരു ആൽബം ഞങ്ങൾ ഒരുമിച്ച് ചെയ്തു,’ നോബിൾ തോമസ് പറയുന്നു.
അതേസമയം നോബിൾ തോമസ് പ്രധാന വേഷത്തിൽ എത്തിയ ഫിലിപ്സ് എന്ന ചിത്രം നടൻ മുകേഷിന്റെ കരിയറിലെ മുന്നൂറാമത്തെ സിനിമയാണ്. ചലച്ചിത്രരംഗത്തോട് വിട പറഞ്ഞ ഇന്നസെന്റ് അവസാനമായി അഭിനയിച്ച ചിത്രവും ഫിലിപ്സ് ആണ്.
Content Highlight: Noble Thomas Talk About Vineeth Sreenivasan