| Saturday, 9th December 2023, 4:53 pm

അജുവിന്റെ വാക്ക് കേട്ട് ഇറങ്ങിയപ്പോൾ എല്ലാം അടി കിട്ടിയിട്ടേയുള്ളൂ: നോബിൾ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹെലൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് നോബിൾ തോമസ്. തന്റെ കോളേജ് കാലത്ത് നടൻ അജു വർഗീസുമൊത്തുണ്ടായ ഒരു റാഗിങ്‌ അനുഭവം പങ്കുവെക്കുകയാണ് നോബിൾ തോമസ്.

കോളേജിൽ ഒരേ ഹോസ്റ്റലിലായിരുന്നു ഇരുവരും. അന്ന് തങ്ങൾക്ക് ജീൻസ് ഇടാൻ ഉള്ള അനുവാദം സീനിയേഴ്സ് നൽകിയിരുന്നില്ലെന്നാണ് താരം പറയുന്നത്.

ഒരിക്കൽ അവർ അജുവിനെ സംസാരിക്കാൻ കൂട്ടി കൊണ്ടുപോയെന്നും അജു തിരിച്ചു വന്നതിന് ശേഷം അജുവിന്റെ വാക്ക് കേട്ട് പിറ്റേന്ന് മുതൽ ജീൻസ് ഇടാൻ തുടങ്ങിയ തങ്ങൾക്ക് അടി കിട്ടിയെന്നുമാണ് നോബിൾ പറയുന്നത്. മിർച്ചി മലയാളത്തോട് സംസാരിക്കുകയായിരുന്നു താരം.

‘ഹോസ്റ്റലിൽ ഉണ്ടായിരുന്നപ്പോഴുള്ള ഓർമകളാണ് അജുവുമായിട്ട് ഉണ്ടായതിൽ ഏറ്റവും നല്ല ഓർമകൾ. ഒരിക്കൽ ഹോസ്റ്റലിലെ സീനിയേഴ്സ് റാഗ് ചെയ്ത് കൊണ്ടിരിക്കുന്നതിനിടയിൽ അജുവിനെ വിളിച്ചുകൊണ്ടുപോയി. ഞങ്ങളുടെ കൂട്ടത്തിൽ ഇത്തിരി ആക്ടീവായി ചാടി ചാടി നിൽക്കുന്നത് അജുവാണെന്ന് അവർക്ക് കണ്ടപ്പോൾ തന്നെ മനസിലായി.

അവർ അവനെ വിളിച്ച് ഒരുപാട് ഫ്രണ്ട്‌ലി ആയിട്ടൊക്കെ സംസാരിച്ചു. അവരുടെ ഉദ്ദേശം ഞങ്ങൾ സംസാരിക്കുന്ന കാര്യങ്ങളും കഥകളും എല്ലാം അജുവിൽ നിന്ന് ചോർത്തിയെടുക്കുക എന്നായിരുന്നു. അജുവാണെങ്കിൽ എല്ലാം വിളമ്പി കൊടുക്കുകയും ചെയ്തു.

അന്ന് റാഗിങ്‌ സമയത്ത് ഞങ്ങൾക്ക് ജീൻസ് ഇടാൻ പറ്റില്ലായിരുന്നു. സാധാരണ പാന്റ്സ് മാത്രമേ ഇടാൻ പറ്റുള്ളൂ. പക്ഷെ ആ ദിവസം അജു ഞങ്ങളോട് പറഞ്ഞു, ജീൻസ് ഇട്ടോ ഞാൻ അവരോട് എല്ലാം പറഞ്ഞ് സെറ്റ് ആക്കിയിട്ടുണ്ട്. അവരൊക്കെ മച്ചാൻ കമ്പനിയാണെടാ. നിങ്ങൾ എല്ലാവരും ഇട്ടോടായെന്ന് അജു പറഞ്ഞു.

ഞങ്ങൾ സംശയത്തിൽ ആയിരുന്നു. എടാ വേണോ എന്ന് അജുവിനോട് ചോദിച്ചപ്പോൾ അവൻ പറഞ്ഞു, കുഴപ്പമൊന്നുമില്ലെടാ ഇട്ടോടായെന്നായിരുന്നു. അങ്ങനെ ആ ധൈര്യത്തിൽ ഞങ്ങൾ ജീൻസ് ഇട്ട് നടന്നു. സീനിയേഴ്സിനെ കാണുമ്പോൾ അജു കൈ കൊണ്ട് ഹായ് ഒക്കെ പറയുന്നുണ്ട്.

എന്നാൽ അന്ന് രാത്രി ആയപ്പോൾ അവർ ഞങ്ങളെ വിളിച്ചിട്ട് ചോദിച്ചു, എടാ നിങ്ങളോടൊക്കെയല്ലേ ജീൻസ് ഇടരുതെന്ന് പറഞ്ഞത്. അതും പറഞ്ഞ് പിന്നെ അവിടെ മുഴുവൻ ബഹളമായിരുന്നു. അജുവിന്റെ വാക്ക് കേട്ട് ഇറങ്ങിയിട്ടുണ്ടോ അന്ന് അടി കിട്ടിയിട്ടേയുള്ളൂ,’നോബിൾ തോമസ് പറയുന്നു.

Content Highlight: Noble Thomas  Shares  A Memory With Aju Varghees

We use cookies to give you the best possible experience. Learn more