| Sunday, 10th December 2023, 4:07 pm

നമ്മള്‍ സമയമെടുത്ത് പഠിക്കുന്ന കാര്യങ്ങള്‍ അദ്ദേഹം ഒരു സെക്കന്റ് കൊണ്ട് തീര്‍ത്തങ്ങ് പോവുമായിരുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച നടന്‍ ഇന്നസെന്റ് ഈയിടെ കലാ ലോകത്തോട് വിട പറഞ്ഞിരുന്നു. അവസാനകാലത്തും കലാമേഖലയിലും പൊതുവേദികളിലും സജീവമായിരുന്നു അദ്ദേഹം. ഇന്നസെന്റ് അവസാനമായി അഭിനയിച്ച ചിത്രമായ ‘ഫിലിപ്‌സ്’ കഴിഞ്ഞ ആഴ്ച തീയേറ്ററുകളില്‍ എത്തിയിരുന്നു. ചിത്രത്തില്‍ മുകേഷും ഒരു പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.

ഇന്നസെന്റുമൊത്തുള്ള ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ നോബിള്‍ തോമസ്. ചിത്രത്തില്‍ അഭിനയിക്കുമ്പോഴും അദ്ദേഹത്തിന് വയ്യായ്ക ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഇന്നസെന്റ് അവിടെ നിന്ന് ഷൂട്ടിങ് പൂര്‍ണമാക്കിയെന്നാണ് നോബിള്‍ പറയുന്നത്. ഇന്നസെന്റും മുകേഷും നിമിഷനേരം കൊണ്ട് ഷോട്ടിനായി റെഡിയാവുന്നത് കണ്ടപ്പോള്‍ തനിക്ക് വലിയ അത്ഭുതം തോന്നിയെന്നും മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ നോബിള്‍ തോമസ് പറഞ്ഞു.

‘സിനിമയില്‍ അഭിനയിക്കുമ്പോള്‍ പുള്ളിക്ക് വയ്യായ്ക ഉണ്ടായിരുന്നു. പക്ഷെ എന്നിട്ടും അദ്ദേഹം അവിടെനിന്ന് അത് മുഴുവന്‍ ചെയ്തു. ഞാനടക്കമുള്ള പുതിയ തലമുറയിലെ നടന്മാര്‍ക്ക് ഇപ്പോള്‍ ഡിജിറ്റല്‍ കാലം ആയതുകൊണ്ട് എത്ര ടേക്ക് വേണമെങ്കിലും പോകാം. എത്ര ഷോട്ട് വേണമെങ്കിലും എടുക്കാം.

പക്ഷെ അദ്ദേഹമൊക്കെ വരുന്ന കാലഘട്ടം ഫിലിം ക്യാമറയുടെ കാലമായിരുന്നു. എന്ന് വച്ചാല്‍ ഒരു ടേക്ക് എന്ന് പറഞ്ഞാല്‍ കാശ് ആണ് റോള് ചെയ്തു കൊണ്ടിരിക്കുന്നത് എന്നാണ് അര്‍ത്ഥം. അതവര്‍ക്ക് അറിയാം.

ഇന്നസെന്റ് ചേട്ടന്‍ ഒരു രണ്ട് മൂന്ന് ദിവസം വര്‍ക്ക് ചെയ്തിട്ടുണ്ടാവും. അദ്ദേഹം വന്ന് ഞങ്ങളോട് കഥാപാത്രത്തിന്റെ പേരൊക്കെ ചോദിക്കും. എന്നിട്ട് ഏതാ സീന്‍ എന്ന് നോക്കും. അദ്ദേഹം ഷോട്ടിന് വേണ്ടി നില്‍ക്കുകയായിരിക്കും. ക്യാമറ അവിടെ റോള്‍ ചെയ്യാന്‍ റെഡി ആയി നില്‍ക്കുകയായിരിക്കും. ആ ശരി വാ പോവാം എന്ന് പറഞ്ഞ് അദ്ദേഹം നേരെ ഷോട്ടിലേക്ക് പോവും. അത്രയേ ഉള്ളൂ.

ഞാന്‍ തലേ ദിവസമൊക്കെ ഇരുന്ന് പഠിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ അദ്ദേഹവും മുകേഷേട്ടനുമൊക്കെ വെറും ഒരു സെക്കന്റ് കൊണ്ട് പരിപാടി തീര്‍ത്തങ്ങ് പോകും. മുകേഷ് ഏട്ടനും ഇന്നസെന്റ് ചേട്ടനും അങ്ങനെ ആയിരുന്നു. അത് എനിക്ക് പുതിയൊരു അനുഭവമായിരുന്നു. അതെല്ലാം നോക്കി പഠിക്കാന്‍ ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുകയാണ്,’നോബിള്‍ തോമസ് പറയുന്നു

CONTENT HIGHLIGHTS: Noble Thomas on Innocent

We use cookies to give you the best possible experience. Learn more