മലയാളത്തിൽ നിന്നും മൊഴിമാറ്റം ചെയ്യപ്പെടുന്ന ഗാനങ്ങളെപ്പറ്റി സംസാരിക്കുകയാണ് സംഗീത സംവിധായകൻ നോബിൻ പോൾ. തല്ലുമാലയിലെ പാട്ടുകൾ തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടത് കേട്ടപ്പോൾ തനിക്ക് വളരെ രസകരമായി തോന്നിയെന്ന് നോബിൻ പറഞ്ഞു. 2018 ലെ ഗാനങ്ങൾ മൊഴിമാറ്റം ചെയ്യുന്നുണ്ടെന്നും തല്ലുമാലയിലെ ഗാനങ്ങൾക്ക് സംഭവിച്ചതുപോലെ ആകാതിരുന്നാൽ മതിയെന്നും സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
‘2018 ഒരു പാൻ ഇന്ത്യൻ ചിത്രമാണ്. അതിന്റെ ഡബ്ബിങ് ഇപ്പോൾ ഏകദേശം കഴിഞ്ഞു. സെൻസറിന് വേണ്ടി കാത്തിരിക്കുകയാണ്. പക്ഷെ അതിൽ എന്റെ മ്യൂസിക്കിനെ റെക്കോർഡ് ചെയ്യുന്നത് വേറെ ആളുകളാണ്.
ചാർളി 777 എല്ലാ ഭാഷയും ഞാൻ തന്നെയാണ് റെക്കോർഡ് ചെയ്തത്. ഈ ചിത്രത്തിൽ അതിന് സമയം കിട്ടിയില്ല. അത് വേറെ ആളുകളാണ് ചെയ്യുന്നത്, ഡബ്ബ് ചെയ്യുന്നവർ തന്നെ ആയിരിക്കാം. അതുകൊണ്ട് ഔട്ട് എങ്ങനെ വരുമെന്ന് എനിക്കറിയില്ല.
തല്ലുമാലയിലെയൊക്കെ തെലുങ്ക് പാട്ട് കേട്ട് ഞാൻ കരഞ്ഞുപോയി (ചിരിക്കുന്നു). വിഷ്ണു (വിഷ്ണു ഗോവിന്ദൻ) ഒക്കെ അത് എങ്ങനെ സഹിച്ചു എന്നെനിക്കറിയില്ല. എനിക്ക് തോന്നുന്നു ഡബ്ബ് ചെയ്ത ആൾ തന്നെയാകും അത് പാടിയിരിക്കുന്നത്. അതുപോലെ വരാതിരുന്നാൽ മതി.
തമിഴ് റീമേക്ക് ഞാൻ കേട്ടു. അത് വളരെ ഭംഗിയായിട്ടാണ് ചെയ്തിരിക്കുന്നത്. ബാക്കി ഭാഷകൾ ഞാൻ കേട്ടിട്ടില്ല.
അഭിമുഖത്തിനിടെ തന്റെ പ്രിയപ്പെട്ട സംഗീത സംവിധായകരെക്കുറിച്ചും അദ്ദേഹം പറഞ്ഞു. മലയാളത്തിൽ ഏറ്റവും പ്രിയപ്പെട്ടത് ദീപക് ദേവിനെ ആണെന്നും, തമിഴിൽ തന്നെ സ്വാധീനിച്ചിട്ടുള്ളത് എ. ആർ.റഹ്‌മാൻ ആണെന്നും അദ്ദേഹം പറഞ്ഞു.
‘എ. ആർ. റഹ്‌മാൻ എന്നെ വളരെ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ റോജയിലെ ഗാനങ്ങൾ മുഴുവൻ വളരെ അത്ഭുതമായിരുന്നു. ആ ഗാനങ്ങൾ സൗണ്ടിങ് തന്നെ മാറ്റിയതല്ലേ. എന്റെ പ്രായത്തിലുള്ള എല്ലാ സംഗീത സംവിധായകരെയും അദ്ദേഹം സ്വാധീനിച്ചിട്ടുണ്ട്. മലയാളത്തിൽ പെട്ടെന്ന് മനസിലേക്ക് ഓടിവരുന്നത് ദീപക് ദേവ് സാറാണ്. ക്രോണിക് ബാച്ചിലർ ഒക്കെ വന്നപ്പോൾ സൗണ്ടിങ് മുഴുവനും മാറിപോയിരുന്നു. ആദ്യമായിട്ട് കേട്ടപ്പോൾ ഇത് ഏത് ഭാഷയിലെ ആണെന്ന് വരെ തോന്നി പോയി.
സുഷിൻ ശ്യാമിനെ വളരെ ഇഷ്ടമാണ്. പുതിയ കമ്പോസേഴ്‌സിനെ ഒക്കെ വളരെ ഇഷ്ടമാണ്. എല്ലാവരും വളരെ നന്നായിട്ടാണ് വർക്ക് ചെയ്യുന്നത്. മലയാളത്തിൽ കോമ്പറ്റിഷൻ ആണെന്ന് വേണമെങ്കിൽ പറയാം,’ നോബിൻ പറഞ്ഞു.
Content Highlight: Nobin Paul on remake songs