പടം കണ്ടിറങ്ങുന്നവർ കരഞ്ഞിട്ടുണ്ടാകണം; എനിക്കിത് തന്നെയാണോ പണിയെന്ന് പലരും ചോദിച്ചിട്ടുണ്ട്: നോബിൻ പോൾ
Entertainment
പടം കണ്ടിറങ്ങുന്നവർ കരഞ്ഞിട്ടുണ്ടാകണം; എനിക്കിത് തന്നെയാണോ പണിയെന്ന് പലരും ചോദിച്ചിട്ടുണ്ട്: നോബിൻ പോൾ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 17th May 2023, 9:43 am

2018 കണ്ടു തിയേറ്ററിൽ നിന്നിറങ്ങുന്നവർ കരഞ്ഞിട്ടുണ്ടാകണമെന്നാണ് ജൂഡ് പറഞ്ഞതെന്ന് സംഗീത സംവിധായകൻ നോബിൻ പോൾ. ചാർളി എന്ന ചിത്രത്തിലും ഞാൻ ആളുകളെ കരയിപ്പിച്ചതുകൊണ്ട് എനിക്ക് ഇതുതന്നെയാണോ പണി എന്ന് പലരും ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അനുഭവങ്ങൾ പങ്കുവച്ചത്.

‘ഈ ചിത്രം കാണുമ്പോൾ തന്നെ നമുക്ക് രോമാഞ്ചമാണ്. എങ്ങനെ ആളുകൾക്ക് രോമാഞ്ചം വരുത്തണമെന്നായിരുന്നു പിന്നെ ഞാൻ ആലോചിച്ചത്. ജൂഡ് എന്നോട് ആദ്യം സിനിമ മുഴുവൻ കാണാനാണ് പറഞ്ഞത്.


ഈ ചിത്രത്തിൽ ത്രിൽ അടിപ്പിക്കുന്ന ധാരാളം ഘടകങ്ങളുണ്ട്, അതുപോലെ തന്നെ ആളുകളെ കരയിപ്പിക്കുന്ന ധാരാളം സീനുകളും ഉണ്ട്. ഇതൊക്കെ മനസ്സിൽ വച്ചിട്ട് വേണം സിനിമ കാണാൻ എന്ന് ജൂഡ് പറഞ്ഞിരുന്നു. റഫറൻസ് മ്യൂസിക് ഒന്നും ഇല്ലാതെയാണ് ഞാൻ സിനിമ കണ്ടത്. കൂടാതെ ജൂഡ് എന്നോട് പ്രധാനമായും പറഞ്ഞത് പടം കണ്ടിട്ട് തിയേറ്ററിൽ നിന്നിറങ്ങുമ്പോൾ ആളുകൾ കരഞ്ഞിട്ടുണ്ടാകണമെന്നാണ്.

കഴിഞ്ഞ പടവും ഇങ്ങനെ തന്നെയാണ്, നീ ആളുകളെ കരയിപ്പിക്കാനാണോ പടം ചെയ്യുന്നതെന്നാണ് എല്ലാവരും ചോദിക്കുന്നത്. ചാർളി 777 ചെയ്തപ്പോഴും ഇങ്ങനെത്തന്നെ ആയിരുന്നു. ആ ചിത്രത്തിന്റെയും അവസാന ഭാഗം ഇമോഷണലി ആളുകളെ സ്വാധീനിക്കുന്നതാണ്,’ അദ്ദേഹം പറഞ്ഞു.

ജൂഡ് വളരെ സപ്പോർട്ടീവ് ആയിരുന്നെന്നും, ചിത്രത്തിന്റെ നിർമാണം അവസാനത്തോടെത്തുമ്പോൾ വളരെ സമ്മർദ്ദം ഉണ്ടായിരുന്നിട്ട് കൂടിയും തന്നോട് സമാധാനമായിട്ട് ജോലി ചെയ്താൽ മതിയെന്ന് ജൂഡ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

‘ജൂഡ് വളരെ ഇമോഷണൽ ആയിട്ടുള്ള ആളാണ്. എനിക്ക് നല്ല സപ്പോർട്ട് ആയിരുന്നു. പ്രൊഡക്ഷൻ അവസാനം ഒക്കെ ആകാറായപ്പോൾ നല്ല പ്രഷർ ഉണ്ടായിരുന്നു. എന്നിട്ടും നീ പ്രഷർ ഒന്നും എടുക്കണ്ട, അതൊക്കെ ഞാൻ എടുത്തോളാമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. പുള്ളിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇഷ്ട്ടപ്പെട്ടില്ലെന്ന് പറയും. ഇഷ്ട്ടപ്പെട്ടാൽ കെട്ടിപ്പിടിക്കും. എനിക്ക് ഒരു സഹോദരനെപോലെ ആയിരുന്നു പുള്ളി. നല്ല കഴിവുള്ള ഫിലിം ഡയറക്ടറാണ് അദ്ദേഹം,’നോബിൻ പറഞ്ഞു.

Content Highlight: Nobin paul on 2018 Movie