കൂടത്തായി കേസില്‍ ജോളിക്കു വേണ്ടി ഹാജരാകണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടെന്ന ആളൂരിന്റെ വാദം തള്ളി സഹോദരന്‍
Koodathayi Murder
കൂടത്തായി കേസില്‍ ജോളിക്കു വേണ്ടി ഹാജരാകണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടെന്ന ആളൂരിന്റെ വാദം തള്ളി സഹോദരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th October 2019, 10:20 pm

കോഴിക്കോട്: കൂടത്തായി കേസില്‍ അറസ്റ്റിലായ ജോളിക്കു വേണ്ടി ഹാജരാകാന്‍ ബന്ധുക്കള്‍ സമീപിച്ചെന്ന അഭിഭാഷകനായ ബി.എ ആളൂരിന്റെ വാദം തള്ളി ജോളിയുടെ സഹോദരന്‍ നോബി. ജോളിക്കായി ഹാജരാകണമെന്നാവശ്യപ്പെട്ട് ആളൂരിനെ സമീപിച്ചിട്ടില്ലെന്ന് നോബി വ്യക്തമാക്കി.

താനും പിതാവും ആളൂരിനെ ബന്ധപ്പെട്ടിട്ടില്ലെന്നും മറ്റു സഹോദരങ്ങളും ബന്ധപ്പെട്ടിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും നോബി പറഞ്ഞു.

ജോളിയുടെ അടുത്ത ബന്ധുക്കള്‍ തന്റെ ഓഫീസുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് ഏറ്റെടുക്കുന്നതെന്ന് ആളൂര്‍ പറഞ്ഞിരുന്നു. ഇന്നലെയും അവര്‍ തന്നെ ബന്ധപ്പെട്ടെന്ന് ആളൂര്‍ പറഞ്ഞു.

ജുഡിഷ്യല്‍ റിമാന്‍ഡിലുള്ള ജോളിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു തരണം എന്നാവശ്യപ്പെട്ട് പൊലീസ് നല്‍കിയ ഹര്‍ജി നാളെ പരിഗണിക്കുന്നുണ്ട്. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍ പൊലീസിന്റെ റിമാന്‍ഡ് ഹര്‍ജി എതിര്‍ക്കില്ല. തുടര്‍ദിനങ്ങളില്‍ കേസില്‍ കോടതിയില്‍ ഹാജരാകുമെന്നും ആളൂര്‍ പറഞ്ഞു.

പ്രാഥമികാന്വേഷണം കഴിഞ്ഞതിനു ശേഷം മാത്രം ജാമ്യാപേക്ഷ നല്‍കിയാല്‍ മതിയെന്നാണു ബന്ധുക്കള്‍ പറഞ്ഞതെന്നും ആളൂര്‍ പറഞ്ഞിരുന്നു.

അതിനിടെ കൂടത്തായി കേസ് അന്വേഷിക്കുന്ന സംഘം വിപുലീകരിച്ചു. അന്വേഷണ മേല്‍നോട്ടം ഐ.ജിയെ ഏല്‍പ്പിച്ചു. തുടക്കം മുതല്‍ അന്വേഷണത്തിന്റെ മേല്‍നോട്ടം റൂറല്‍ എസ്.പി കെ.ജി സൈമണിനായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണം പത്തില്‍ നിന്ന് 35 ആക്കിയിട്ടുണ്ട്. സാങ്കേതിക സഹായം നല്‍കുന്നതിന് പ്രത്യേക വിഭാഗത്തെയും നിയോഗിച്ചുകഴിഞ്ഞു.

നേരത്തേ ഓരോ മരണങ്ങളും ഓരോ സംഘം വീതം അന്വേഷിക്കാന്‍ തീരുമാനമായിരുന്നു. ഓരോ അന്വേഷണ സംഘത്തിനും ആരൊക്കെ ഉണ്ടായിരിക്കണം എന്നു തീരുമാനിക്കുന്നതും ഇതിന്റെ മൊത്തം ചുമതലയും സൈമണിനു നല്‍കിയിരുന്നു.

11 പേരടങ്ങുന്ന സംഘമാണ് ഇപ്പോള്‍ കൂടത്തായി കേസ് അന്വേഷിക്കുന്നത്. അവര്‍ ആറ് സംഘങ്ങളായാണ് അന്വേഷണം. അന്വേഷണസംഘം വിപുലീകരിക്കണമെന്ന് നേരത്തെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിരുന്നു.

പുതിയ അന്വേഷണ സംഘം രൂപീകരിക്കുന്നതോടെ ഓരോ സംഘത്തിനും ഓരോ തലവനുണ്ടാവും. സൈബര്‍ ക്രൈം, ഫോറന്‍സിക് പരിശോധന, എഫ്‌ഐആര്‍ തയ്യാറാക്കുന്നതില്‍ വിദഗ്ധര്‍, അന്വേഷണ വിദഗ്ധര്‍ എന്നിവരായിരിക്കും സംഘത്തിലുണ്ടാവുക.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഓരോ കേസിലും ഓരോ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തായിരിക്കും അന്വേഷിക്കുക. കൂടത്തായി കേസില്‍ അന്വേഷണം തുടരുന്ന സംഘം ജോളിയുമായി അടുത്തിടപഴകിയവരെ എല്ലാം ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.

ജയിലില്‍ കഴിയുന്ന ജോളി പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും തുടര്‍ന്ന് ജോളിയെ നിരീക്ഷിക്കാന്‍ ഒരു ജയില്‍ ജീവനക്കാരിയെ ചുമതലപ്പെടുത്തിയെന്നുമുള്ള അഭ്യൂഹങ്ങളെല്ലാം ഡി.ജി.പി തള്ളിയിരുന്നു.